പ്രൊക്രൂസ്റ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിസ്യൂസ് - പ്രൊക്രൂസ്റ്റസ് യുദ്ധം ചിത്രീകരിച്ചിരിക്കുന്ന ഒരു പാത്രം.

ഗ്രീക്ക് പുരാണത്തിലെ തെമ്മാടിയായ ഒരു കൊല്ലൻ ആണ് പ്രൊക്രൂസ്റ്റസ്. പ്രൊകോപ്റ്റസ്, ഡമാസ്റ്റസ് എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. പ്രൊക്രൂസ്റ്റസ് ആളുകളെ ശാരീരികമായി ആക്രമിക്കുകയും അവരുടെ ശരീരം തന്റെ ഇരുമ്പ് കട്ടിലിന്റെ ആകൃതിക്ക് അനുസൃതമായി വരുന്ന രീതിയിൽ മുറിച്ചു മാറ്റുകയോ അടിച്ചു പരത്തുകയോ ചെയ്യുമായിരുന്നു. പൊസീഡൻ എന്ന ആളുടെ മകനാണ് പ്രൊക്യൂസ്റ്റസ്. ഏഥൻസിനും എല്യൂസിസിനും ഇടയിലുള്ള പുണ്യ സ്ഥലമായ എറീന്യുസിലെ മൗണ്ട് കോറിഡല്ലോയിലാണ് പ്രൊക്യൂസ്റ്റസിന്റെ ക്രൂരതകൾ അരങ്ങേറിയിരുന്നത്. ഈ വഴി പോകുന്ന യാത്രക്കാരെ തന്റെ വീട്ടിലേക്ക് രാത്രിയിൽ വിരുന്നിനെന്ന വ്യാജേന ക്ഷണിക്കുകയും അവരെ മധുര പാനീയങ്ങളും മറ്റും നൽകി മയക്കിയിട്ടായിരുന്നു പ്രൊക്യൂസ്റ്റസ് തന്റെ ക്രൂരതകൾ കാണിച്ചിരുന്നത്.അവന്റെ ഗുഹയിലെ ഇരുമ്പുകട്ടിലിൽ യാത്രക്കാർ വീണു മയങ്ങും. ആ തക്കത്തിന് അവൻ അവരുടെ സാധനങ്ങൾ എല്ലാം കൊള്ളയടിക്കും. മയങ്ങി ഉണരുന്നവരെ കട്ടിലിൽ വരിഞ്ഞു കൂട്ടിക്കെട്ടും. ഒരുവരുടേയും ശരീരം ആ കട്ടിലിന് പാകമായിരുന്നില്ല.അവന്റെ കട്ടിലിനേക്കാൾ വലുതാണ് അവരുടെ ഉടലുകളെങ്കിൽ, വാളുകൊണ്ട് അവരുടെ കയ്യും കാലും അരിഞ്ഞുകളയും. കട്ടിലിനേക്കാൾ ചെറുതാണ്‌ അവരുടെ ഉടലുകളെങ്കിൽ, ചുറ്റിക കൊണ്ട് കട്ടിലിന്റെ പാകത്തിന് കയ്യും കാലും അടിച്ചുനീട്ടും. ഇത്രക്കും ക്രൂരമായ രീതിലിലായിരുന്നു അവൻ യാത്രക്കാരോട് പെരുമാറിയിരുന്നത്. വനമധ്യത്തിൽ വെച്ച് ഒരിക്കൽ തിസ്യൂസ് രാജകുമാരനെ പിടിച്ച പ്രൊക്രൂസ്റ്റസ് തുടർന്നു നടന്ന ഘോര യുദ്ധത്തിലാണ് കൊല്ലപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=പ്രൊക്രൂസ്റ്റസ്&oldid=3098260" എന്ന താളിൽനിന്ന് ശേഖരിച്ചത്