പ്രാക്കുളം ഭാസി
തിരു - കൊച്ചി നിയമസഭാ സാമാജികനും ദേവസ്വം ബോർഡ് പ്രസിഡന്റും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ഭാസ്കരപിള്ള എന്ന[1] പ്രാക്കുളം ഭാസി.
ജീവിതരേഖ
[തിരുത്തുക]കൊല്ലം, പ്രാക്കുളം താന്നിക്കൽ പാർവ്വതിയമ്മയുടെയും മൺട്രോത്തുരുത്തിൽ വില്ലിമംഗലത്ത് പത്മനാഭപിള്ളയുടെയും പുത്രനായി 1919 ൽ ജനിച്ചു. പ്രാക്കുളം എൻ.എസ്.എസ്. ഹൈസ്കൂൾ, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. പിന്നീട് സാമൂതിരി കോളേജിൽ ചേർന്ന് പഠനം തുടർന്നെങ്കിലും ജവഹർലാൽ നെഹ്രുവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രക്ഷോഭങ്ങളിൽ പങ്കാളിയായി പഠനം ഉപേക്ഷിച്ചു. വിദ്യാർത്ഥി സംഘടനാ രംഗത്ത് സജീവമായ ഭാസി, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും ആകൃഷ്ടനായി. തോട്ടം തൊഴിലാളികളെ ഇടുക്കിയിലും മറ്റും ആദ്യമായി സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് ഇദ്ദേഹമായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് വിട്ട് കെ.എസ്.പി.യിലും പിന്നീട് ആർ.എസ്.പി.യിലും ചേർന്നു. 1948 ൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പരാജയപ്പെട്ടു. 1952 ൽ ചവറ മണ്ഡലത്തിൽ നിന്നും 1954 ൽ തൃക്കടവൂർ മണ്ഡലത്തിൽ നിന്നും തിരു - കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.[2] ഇദ്ദഹത്തിന്റെ കാലത്താണ് തേവള്ളി പാലത്തിന് സർക്കാർ അനുമതി നൽകിയത്. കേരള ഗ്രന്ഥശാലാ സംഘം പ്രസിഡന്റായും കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ആർ.എസ്.പി. കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. 1967 മുതൽ 1971 വരെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. സംസ്ഥാനത്ത് ടൂറിസം മേളകൾ ആരംഭിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. സാമൂഹ്യ സമത്വ സ്ഥാപനത്തിൽ ശ്രദ്ധ ചെലുത്തിയിരുന്ന ഭാസി ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ബ്രാഹ്മണർ, നായർ, ഈഴവർ, പുലയർ, എന്നീ ജാതികളിൽപ്പെട്ട പത്തു പേരെ തിരുവല്ല ശ്രീകൃഷ്ണാശ്രമത്തിൽ ചേർത്ത് തന്ത്ര വിദ്യ പഠിപ്പിച്ചതിനു ശേഷം പേരിനോടൊപ്പം ശർമ്മ സ്ഥാനം നൽകി ദേവസ്വം ബോർഡിന്റെ അമ്പലങ്ങളിൽ ശാന്തിമാരായി നിയമിച്ചു. സവർണ്ണരുടെ അതിശക്തമായ എതിർപ്പിനെത്തുടർന്ന് ഇവരെ പിന്നീട് ദേവസ്വം ബോർഡിലെ ഗുമസ്തന്മാരാക്കി മാറ്റി. പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് ക്ഷേത്രങ്ങളിൽ കയറാമെന്ന കൽപ്പനയും പുറപ്പെടുവിച്ചെങ്കിലും പൂർണ്ണമായി നടപ്പായില്ല. [3]
69 ആം വയസിൽ 1997 ജനുവരി 27 ന് അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ http://klaproceedings.niyamasabha.org/ListSearchMembers.php?memberList=1426194
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-10-17. Retrieved 2016-11-02.
- ↑ തൃക്കരുവാ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകം, ടി.ഡി. സദാശിവൻ2005