Jump to content

ആന്റിജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രതിജനകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Each antibody binds to a specific antigen; an interaction similar to a lock and key.

പ്രതിരോധവ്യവസ്ഥയുടെ കോശങ്ങളുമായി പ്രവർത്തിച്ച് അവയെ സംവേദനശീലമാക്കുകയും പ്രതിദ്രവ്യങ്ങളുടെ (antibody) ഉല്പാദനത്തിനും ഉത്സർജ്ജനത്തിനും പ്രേരിപ്പിക്കുകയും അതേത്തുടർന്ന് പ്രതിദ്രവ്യങ്ങളാൽ ഉദാസീനമാക്കപ്പെടുകയോ (neutralize) കോശപ്രതലതന്മാത്രകളാൽ ബന്ധിക്കപ്പെടുകയോ ചെയ്യപ്പെടുകയും ചെയ്യുന്ന വസ്തുക്കളെയാണ് ആന്റിജൻ (പ്രതിജനകം) എന്നു പറയുന്നത്.

പൊതുവേ ആന്റിജൻ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് ശരീരം അന്യമായി കണക്കാക്കി പ്രതിരോധപ്രക്രിയകളിലൂടെ ആക്രമിക്കുന്ന രോഗാണുക്കളുടെയോ അപദ്രവ്യങ്ങളുടെയോ തന്മാത്രകളെയാണെങ്കിലും സ്വശരീരത്തിലെ വിവിധ തന്മാത്രകൾക്കും ആന്റിജനായി വർത്തിക്കാം. ഒരു രോഗാണുകോശത്തിന്റെ സ്തരോപരിതല തന്മാത്രകളും കോശാന്തർഭാഗത്തെ കണികകളും മുതൽ അതിന്റെ ജനിതകവസ്തുക്കൾ വരെയുള്ള ഏത് ഘടകത്തിനും പ്രതിജനകമായി പ്രവർത്തിക്കാൻ കഴിവുണ്ട്.

ആന്റിജനായി വർത്തിക്കുന്ന തന്മാത്രകളധികവും മാംസ്യങ്ങളാണെങ്കിലും മാംസ്യങ്ങളല്ലാത്ത രാസഘടനയുള്ള വസ്തുക്കൾക്കും ആന്റിജനായി വർത്തിക്കാമെന്ന് കണ്ടിട്ടുണ്ട്. മാംസ്യങ്ങളുമായി സംയോജിച്ച പോളീസാക്കറൈഡ് (ബഹുശാർക്കരം) തന്മാത്രകളും ശുദ്ധമായ പോളിസാക്കറൈഡുകളും പ്രതിജനകസ്വഭാവം കാണിക്കുന്നത് ഇതിനൊരുദാഹരണമാണ്. സ്വയം‌പ്രതിരോധാവസ്ഥാ രോഗങ്ങളോ സംയോജകകലാ (connective tissue) രോഗങ്ങളോ ഉള്ള വ്യക്തികളിൽ ജനിതകവസ്തുക്കളായ ഡി‌.എൻ‌.ഏ, ആർ‌.എൻ‌.ഏ എന്നിവയെ സ്വശരീരം പ്രതിജനകങ്ങളായി കണക്കാക്കി പ്രതിദ്രവ്യങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ശരീരത്തിൽ വളരുന്ന അർബുദങ്ങളിലെ കോശഭാഗങ്ങളെയും അവ ഉല്പാദിപ്പിക്കുന്ന ചില തന്മാത്രകളെയും പ്രതിജനകമായി കണ്ട് ആക്രമിക്കുന്നതും സാധാരണമാണ്.

പ്രതിജനകങ്ങളെ തിരിച്ചറിയാനും ബന്ധിക്കാനും കഴിവുള്ള തന്മാത്രകളാണ് ആന്റിബോഡി (പ്രതിദ്രവ്യങ്ങൾ). ബി-ലസികാണു, ടി-ലസികാണു എന്നിവയിൽ കാണുന്ന കോശസ്തര സ്വീകരിണികൾക്കും ഇതേ കഴിവുണ്ട്. രോഗാണുക്കളടക്കമുള്ള അന്യകോശങ്ങളെയും അവ വഹിക്കുന്ന പ്രതിജനകങ്ങളെയും ഭക്ഷകക്രിയയിലൂടെയോ (phagocytosis) കോശപാനക്രിയയിലൂടെയോ (pinocytosis) വിഴുങ്ങി സംസ്കരിച്ച് ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രകളോടൊത്ത് അവതരിപ്പിക്കുമ്പോഴാണ് ഏതാണ്ട് എല്ലാ ലസികാണുക്കളും പ്രതിജനകങ്ങളെ തിരിച്ചറിഞ്ഞ് ബന്ധിക്കുക.ഊതകസംയോജ്യ തന്മാത്രകളുടെ സഹായമില്ലാതെയും ചില അവസരങ്ങളിൽ ലസികാണു-പ്രതിജനക ബന്ധനം സാധ്യമാണ് (ഉദാ: മൈകോബാക്റ്റീരിയത്തിന്റെ ലിപ്പിഡ് പ്രതിജനകങ്ങളും ടി-ലസികാണുക്കളും തമ്മിലെ ബന്ധനം).

പ്രതിരോധപ്രക്രിയകളെ ഉത്തേജിപ്പിക്കുന്ന സ്വഭാവമുള്ളതിനാൽ പ്രതിജനകങ്ങൾക്ക് വൈദ്യശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. വിവിധ രോഗാണുക്കളുടെ കോശഘടകങ്ങളെ വേർതിരിച്ച് അവയിലെ പ്രതിജനക സ്വഭാവം കാണിക്കുന്ന തന്മാത്രകളെ തെരഞ്ഞെടുത്ത് അരിച്ചുമാറ്റി ശുദ്ധീകരിച്ച് ജന്തുക്കളിൽ കുത്തിവയ്ക്കുമ്പോൾ പ്രസ്തുത രോഗാണുക്കൾ ഒരു അണുബാധാവസ്ഥയിൽ ശരീരത്തെ ആക്രമിച്ചാൽ ഉണ്ടാകുന്നതിനു സമാനമായ പ്രതിരോധപ്രവർത്തനങ്ങളും ബി-ലസികാണുപ്രേരിതമായ പ്രതിദ്രവ്യനിർമ്മാണവും ബി-സ്മൃതിലസികാണുക്കളുടെ പരിപക്വനവും ഒക്കെ ഉണ്ടാക്കാൻ സാധിക്കും.പൂർണമായ ഒരു രോഗാണുബാധയുടെ ലക്ഷണങ്ങൾ കാണിക്കാതെയും രോഗം ഉണ്ടാക്കാതെയും സംസ്കരിച്ച പ്രതിജനകങ്ങളെ മാത്രമുപയോഗിച്ച് നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ വഴി ഉളവാകുന്ന നിഷ്ക്രിയ പ്രതിരോധവത്കരണം (passive immunisation) ഇങ്ങനെ സാധിച്ചെടുക്കുന്നതാണ്.

"https://ml.wikipedia.org/w/index.php?title=ആന്റിജൻ&oldid=3559067" എന്ന താളിൽനിന്ന് ശേഖരിച്ചത്