ഊതകസംയോജ്യ സംശ്ലിഷ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഊതകസംയോജ്യ സംശ്ലിഷ്ടം വർഗ്ഗം II-ലെ തന്മാത്ര: ഒരു പ്രതിജനകാവതാരക കോശവും ഒരു ടി-ലസികാണുവും തമ്മിലെ പ്രതിപ്രവർത്തനത്തിന്റെ തന്മാത്രാതല വിശദീകരണമാണു ചിത്രത്തിൽ. മുകളിൽ കാണുന്ന പ്രതിജനകാവതാരക കോശം ഉള്ളിലിട്ട് സംസ്കരിച്ച പ്രതിജനക പെപ്റ്റൈഡിനെ ഊതകസംയോജ്യ തന്മാത്രയോടുചേർത്ത് കോശസ്തരത്തിൽ പ്രദർശിപ്പിക്കുന്നു (ചിത്രത്തിൽ തലതിരിച്ച ചുവന്ന Y ആകൃതിയിൽ കാണിച്ചിരിക്കുന്നു). ഇതിനോട് ബന്ധപ്പെടാനെത്തുന്ന സഹായി ടി-ലസികാണുക്കൾ പ്രസ്തുത കോശവുമായും പ്രതിജനകവുമായും തന്മാത്രാതല ബന്ധങ്ങൾ സ്ഥാപിക്കുന്നു. ഈ “ബന്ധപ്പെടൽ” മൂലം ഇരു കോശങ്ങളും ഉത്തേജിപ്പിക്കപ്പെടുന്നതിനെ സഹ-ഉത്തേജനം എന്ന് പറയുന്നു.

ഊതകസംയോജ്യ സംശ്ലിഷ്ടം അഥവാ മുഖ്യ ഊതകസംയോജ്യ സംശ്ലിഷ്ടം (Major Histocompatibility Complex - MHC) എന്നത് കശേരുകികളിലെ മുഖ്യ ജനിതകവസ്തുവായ ഡി.എൻ.ഏ ശൃംഖലയിൽ അനവധി ജീനുകൾ നിറഞ്ഞ ഒരു പ്രധാന ജനിതകമേഖലയെ പറയുന്ന പേരാണ്. മനുഷ്യനിൽ ഇത് മാനവ ശ്വേതരക്താണു പ്രതിജനകം (Human Leukocyte Antigen- HLA) എന്നറിയപ്പെടുന്നു. ഡി.എൻ.ഏയിലെ ഈ മേഖലയിലെ ജീനുകൾ വിവിധതരം ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രകളുടെ ഉല്പാദനത്തിനു സഹായിക്കുന്നു.ജന്തുക്കളിലെ രോഗപ്രതിരോധ ജൈവപ്രക്രിയകളിൽ സജീവ പങ്കാളിത്തമുള്ളവയാണ് ഈ തന്മാത്രകൾ. പ്രതിരോധവ്യവസ്ഥയിലെ വിവിധ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിനും പ്രതിജനക-പ്രതിദ്രവ്യ ബന്ധനത്തിനും രാസാനുചലക ഘടകങ്ങൾ ഉല്പാദിപ്പിക്കുന്നതിനുമൊക്കെ ഇവ പ്രധാന പങ്ക് വഹിക്കുന്നു. സ്വയം‌പ്രതിരോധാവസ്ഥാ രോഗങ്ങളിലും ഇവയ്ക്ക് പ്രാധാന്യമുണ്ട്.

രോഗാണുവിനെ മുഴുവനായോ രോഗാണുവിന്റെ കോശപ്രതല തന്മാത്രകളെയോ സ്വശരീരത്തിലെ കോശങ്ങളുടെ ഘടകങ്ങളെത്തന്നെയോ വിഴുങ്ങുന്ന പ്രതിരോധവ്യവസ്ഥയിലെ ഭക്ഷകകോശങ്ങൾ അവയെ ഭാഗികമായി ദഹിപ്പിച്ചും സംസ്കരിച്ചും മാംസ്യതന്മാത്രകളെ വിഘടിപ്പിച്ച് മാറ്റുന്നു. പ്രതിരോധവ്യവസ്ഥയിലെ ലസികാണുക്കളെ ഉത്തേജിപ്പിക്കാനായി ഈ വിഘടിത മാംസ്യ തന്മാത്രകളെ ഭക്ഷകകോശങ്ങൾ ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രകളുമായി ചേർത്ത് തങ്ങളുടെ കോശപ്രതലത്തിൽ പ്രദർശിപ്പിക്കുന്നു.

മനുഷ്യനിലെ ഊതകസംയോജ്യ സംശ്ലിഷ്ടങ്ങളായ മാനവ ശ്വേതരക്താണു പ്രതിജനകങ്ങൾ ക്രോമസോം 6-ലെ 40 ലക്ഷം ക്ഷാരകജോഡി (base pairs) നീളം വരുന്ന ഒരു മേഖലയിലെ ജീനുകളിൽ നിന്നാണുല്പാദിപ്പിക്കപ്പെടുന്നത്. ജന്തുക്കളിലെ ഏറ്റവും ബഹുരൂപത കാണിക്കുന്ന ജീനുകളിൽ ചിലതാണ് ഊതകസംയോജ്യ തന്മാത്രകളുടേത്. ഈ ബഹുരൂപത മൂലം, ഘടനയിൽ അത്യധികം വൈവിധ്യമുള്ളതും ബഹുവിധ പ്രതിജനകങ്ങളെ ബന്ധിക്കാൻ സഹായിക്കുന്നതുമായ ഊതകസംയോജ്യ തന്മാത്രകളെ സൃഷ്ടിക്കാൻ ശരീരത്തിനു സാധിക്കുന്നു.പലവിധത്തിലെ രോഗാണുക്കളുടെ ആക്രമണത്തെ തടയാൻ ഇതുമൂലം ശരീരത്തിനു കഴിവു ലഭിക്കുന്നു. വ്യക്തികൾക്കനുസരിച്ച് ഊതകസംയോജ്യ ജീനുകളുടെ വൈവിധ്യവും വ്യത്യാസപ്പെടുമെന്നതിനാൽ ഒരു രോഗാണുവിന്റെ പകർച്ചമൂലം സംഭവിക്കുന്ന മഹാമാരിയെ ഒരു ജന്തുസമൂഹത്തിലെ ചില വ്യക്തികൾക്കെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാനാവുന്നു.

ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രകളെ പൊതുവായി മൂന്ന് വർഗ്ഗങ്ങളിൽ പെടുത്താം. വർഗ്ഗം I-ലെ തന്മാത്രകൾ ശരീരത്തിലെ ഏതാണ്ട് എല്ലാ കോശങ്ങളിലും കാണപ്പെടുന്നുണ്ട്. ഇവ കോശവിഷാലു ടി-ലസികാണുക്കൾക്കാണ് (Cytotoxic T cells; CD8+) മാംസ്യതന്മാത്രകളെ സമർപ്പിക്കുന്നത്. അതേ സമയം വർഗ്ഗം II-ലെ ഊതകസംയോജ്യ തന്മാത്രകൾ മുഖ്യമായും ബൃഹദ്ഭക്ഷകകോശങ്ങളിലും ചില ബി-ലസികാണുക്കളിലുമാണു കാണുക. ഈ കോശങ്ങൾ പ്രതിജനകങ്ങളെ പ്രത്യേകമായി ദഹിപ്പിച്ച്, സംസ്കരിച്ച് ഊതകസംയോജ്യ തന്മാത്രയോടൊപ്പം ചേർത്ത് സഹായി‌ ടി-ലസികാണുക്കൾക്ക് (CD4+) സമർപ്പിക്കുന്നു. സഹായി ടി-ലസികാണുക്കൾ മറ്റ് ബി-കോശങ്ങളെ ഉത്തേജിപ്പിച്ചാണ് തുടർന്നുള്ള പ്രതിരോധപ്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. ഊതകസംയോജ്യ സംശ്ലിഷ്ടം വർഗ്ഗം III-ലെ തന്മാത്രകൾ പ്രതിരോധപൂരകഘടകങ്ങളുടെയും കോശജ്വലനവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളുടെയും (ഉദാ: അർബുദ ഊതക്ഷയ ഘടകം-ആല്ഫ) നിർമ്മാണത്തിനാണു സഹായിക്കുന്നത്. ഇവയുടെ ജീനുകളും മറ്റ് രണ്ട് വർഗ്ഗത്തിലെ ഊതകസംയോജ്യ തന്മാത്രകളുടേതുപോലെ ക്രോമസോം 6-ലാണു കാണാറ്.

ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രകളുടെ സാന്നിധ്യത്തിലാണ് വിവിധ പ്രതിജനകങ്ങളെ പ്രതിരോധകോശങ്ങൾ തിരിച്ചറിയുന്നതും അതിനെതിരേ ആക്രമണം അഴിച്ചുവിടുന്നതുമെന്നതു കൊണ്ട് പ്രതിജനക തന്മാത്രകളെ സ്വന്തമെന്നും അന്യമെന്നും വേർതിരിച്ചറിയാൻ ഊതകസംയോജ്യ തന്മാത്രകൾ അവശ്യമാണ്. പ്രതിരോധവ്യവസ്ഥ സ്വന്തം ശരീരത്തിനെതിരേ ആക്രമണമഴിച്ചുവിടുന്ന സ്വയം‌പ്രതിരോധാവസ്ഥാ രോഗങ്ങളുടെ കാര്യത്തിൽ ഈ ധർമ്മം പ്രധാനമാണ്. അവയവമാറ്റ ശസ്ത്രക്രിയകളിൽ മറ്റൊരു വ്യക്തിയിൽ നിന്ന് സ്വീകരിക്കുന്ന അവയവങ്ങൾക്കെതിരേ പ്രതിരോധവ്യവസ്ഥ ആക്രമണം നടത്തുന്നതും ഈ ഊതകസംയോജ്യ സശ്ലിഷ്ട തന്മാത്രകളെ അന്യവസ്തുവായി തിരിച്ചറിയുന്നതിലൂടെയാണ്. അവയവ പ്രതിരോപണവുമായി (organ transplantation) ബന്ധപ്പെട്ട പഠനങ്ങളിൽ ഇതിനു അതീവ പ്രാധാന്യമുണ്ട്.

"https://ml.wikipedia.org/w/index.php?title=ഊതകസംയോജ്യ_സംശ്ലിഷ്ടം&oldid=1696745" എന്ന താളിൽനിന്ന് ശേഖരിച്ചത്