പ്യൂർട്ടോറിക്കൻ കയ്യാല (കൽഭിത്തികൾ)
പ്യൂർട്ടോറിക്കൻ കയ്യാല ചെരിവിനു കുറുകെ ഒരു സസ്യ തടസ്സമോ, മൺഭിത്തിയോ, കൽഭിത്തിയോ ഉണ്ടാക്കി പ്രകൃത്യാ തന്നെ സാവധാനം മണ്ണ് വന്നടിഞ്ഞ് തട്ടുകളുണ്ടാവുന്ന ഒരു മണ്ണ് ജലസംരക്ഷണ നിർമ്മിതിയാണ് പ്യൂർട്ടോറിക്കൻ കയ്യാല (Puerto Rican Terrace). ചെരിവ് കൂടിയ ഭൂമി തട്ടുകളാക്കി കൃഷി ചെയ്യണമെന്നാണ് അലിഖിത നിയമം. എന്നാൽ ആഴം കുറഞ്ഞ മണ്ണിൽ തട്ടുതിരിക്കൽ ആശാസ്യമല്ല. മാത്രവുമല്ല, കുത്തനെയുള്ള ചരിവുകളിൽ തട്ടുതിരിക്കൽ ചിലവേറിയതുമാണ്. പ്യൂർട്ടോറിക്ക എന്ന മധ്യ അമേരിക്കൻ രാജ്യത്തിൽ കേരളത്തിന് സമാനമായ സാഹചര്യങ്ങളാണുള്ളത്. ഇവിടെ അവലംബിച്ച് പോന്ന രീതി കേരളത്തിന്റെ മലയോര പ്രദേശങ്ങളിൽ അനുകരിച്ച് കാണുന്നു. കേരളത്തിൽ പൊതുവെ ഉരുളൻ കല്ലുകൾ മൂലം കൃഷി പ്രയാസകരമായ ഇടുക്കി ജില്ലയിലെ പ്രദേശങ്ങളിൽ ഇത്തരം കൽഭിത്തിയാണ് പ്രചാരത്തിലുള്ളത്. 15 - 20 സെന്റീ മീറ്റർ വാനം മാന്തി ഒന്ന് - ഒന്നര മീറ്റർ ഉയരത്തിലാണ് കല്ലടുക്ക് ഭിത്തികൾ തയ്യാറാക്കുന്നത്. നല്ല ഉറപ്പുള്ള മണ്ണിൽ നിലം തല്ലിയുപയോഗിച്ച് അടിച്ചുറപ്പിച്ച മൺഭിത്തിയും നിർമ്മിക്കാവുന്നതാണ്. നീലഗിരി മേഖലയിൽ ഗ്വാട്ടിമല പുല്ലുപയോഗിച്ചും പ്യൂർട്ടോറിക്കൻ ടെറസ്സുകൾ നിർമിക്കുന്നു. സുബാബുൾ, ശീമക്കൊന്ന എന്നിവ അടുപ്പിച്ച് നട്ടാലും ഇതേ ഫലം തന്നെ ലഭിക്കുന്നതാണ്. [2]
കർഷകർ തന്നെ കണ്ടെത്തി ആരംഭിച്ചതോ, യൂറോപ്യന്മാർ കൊണ്ടുവന്നതോ ആയ പ്യൂർട്ടോറിക്കൻ മോഡലുകളാണ് കയ്യാലകൾ (Puertorican Terrace). ഇവ മലഞ്ചെരിവുകളിൽ വ്യാപകമായി സ്വീകരിച്ചു കാണുന്നു. കേരളത്തെപ്പോലെ മലമ്പ്രദേശങ്ങൾ ധാരാളമുള്ള പ്യൂർട്ടോറിക്ക, ഹോണ്ടുറാസ് തുടങ്ങിയ മധ്യ അമേരിക്കൻ രാജ്യങ്ങളിൽ വ്യാപകമായി സ്വീകരിച്ചു കാണുന്ന മണ്ണു സംരക്ഷണ രീതിയാണിത്. പറമ്പിലെ കല്ലുകൾ പെറുക്കി കൽഭിത്തിയുണ്ടാക്കി സാവധാനം മണ്ണുവന്നടിഞ്ഞു തട്ടായിത്തീരാൻ അനുവദിക്കുന്നു. ഏകദേശം മൂന്നു നാലു വർഷം കൊണ്ട് ഇവിടെ ടെറസ് രൂപപ്പെടും. 'പ്യൂർട്ടോറിക്ക' എന്ന കൊച്ചു രാജ്യത്തിന്റെ പേരിലാണ് ഈ രീതി ഇവിടെ അറിയപ്പെടുന്നതെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതികളുണ്ട്. കാലിഫോർണിയ ടെറസ്, ഫാന്യാ ജു, അൾജീരിയ ടെറസ് എന്നിവ ഉദാഹരണം. മണ്ണു വന്നടിഞ്ഞ് തട്ടായിത്തീരാൻ അനുവദിക്കുന്ന പ്രത്യേക വരമ്പുകൾ അഥവാ ഭിത്തികൾ കേരളത്തിൽ 'കയ്യാല' എന്നാണ് അറിയപ്പെടുന്നത്. [3]
പ്യൂർട്ടോറിക്കൻ കയ്യാലകളുടെ പ്രാധാന്യം
[തിരുത്തുക]സാർവത്രിക മണ്ണുനഷ്ട സൂത്രവാക്യം (Universal Soil Loss Equation) പ്രകാരം ചെരിവു കൂടിയതും മഴ കൂടുതലുള്ളതുമായ പ്രദേശങ്ങളിൽ കാർഷിക രീതികൾക്കൊണ്ടു മാത്രം മണ്ണു സംരക്ഷണം ഉറപ്പാക്കാനാവില്ല. യാന്ത്രിക രീതികളായ തട്ടുതിരിക്കൽ, ബണ്ടു നിർമാണം, ഇടത്തട്ടുകൾ എന്നിവ കൂടിയുണ്ടെങ്കിലേ മണ്ണുനഷ്ടം കുറക്കാനാവൂ. മലയോരങ്ങളിൽ മണ്ണിന് ആഴം കുറവായതുകൊണ്ട് സാധാരണ തട്ടുതിരിക്കൽ (Bench Terracing) പ്രായോഗികമല്ല. ഇതിന് പരിഹാരമായാണ് പ്യൂർട്ടോറിക്കൻ മോഡൽ കയ്യാലകൾ മലഞ്ചെരിവുകളിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. ഇതിനോടൊപ്പം സസ്യങ്ങളുടെ നിരകളും മറ്റു മണ്ണുസംരക്ഷണ പ്രവർത്തികളും വേണമെന്നാണ് ശാസ്ത്രീയ ശുപാർശ.[4]
പ്യൂർട്ടോറിക്കൻ ടെറസുകൾക്ക് ബെഞ്ച് ടെറസുകളെക്കാൾ ചെലവു കുറവായിരിക്കുമെന്നു മാത്രമല്ല, മറ്റുചില മെച്ചങ്ങളുമുണ്ട്. നിരപ്പുതട്ട് നേരിട്ടുണ്ടാക്കുമ്പോൾ കുറെ ഭാഗത്തെ മേൽമണ്ണുമാറി അടിമണ്ണ് വെളിയിലാക്കപ്പെടുന്നു. ആദ്യകാലത്ത് വിളവു കുറയാൻ ഇത് കാരണമാവും. വൻതോതിൽ മണ്ണിളകുകയും ചെയ്യും. എന്നാൽ പ്യൂർട്ടോറിക്കൻ മാതൃകയിൽ ടെറസ് നിർമാണം സാവധാനത്തിലായതുകൊണ്ട് ഇത്തരം വിപരീതഫലങ്ങൾ ഒഴിവായിക്കിട്ടും.
വിവിധ തരം കയ്യാലകൾ
[തിരുത്തുക]മൺ കയ്യാലയും കല്ലു കയ്യാലയുമുണ്ട്. പറമ്പിലെ കല്ലുകൾ പെറുക്കി വച്ചാണ് സാധാരണ കയ്യാല കെട്ടുക. പറമ്പിലെ കല്ലു മാറിക്കിട്ടും എന്നൊരു മെച്ചവുമുണ്ട്. മൺ കയ്യാലയാണെങ്കിൽ 'നിലംതല്ലി' ഉപയോഗിച്ച് അടിച്ച് ഉറപ്പിച്ചു ശരിയാക്കണം. കയ്യാലക്ക് സമാന്തരമായി പുല്ലുവച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. പോതപ്പുല്ല് സാധാരണ നടാറുണ്ട്. കയ്യാലക്ക് ഉറപ്പു കൂടുമെന്നു മാത്രമല്ല, കേടുപാടുകൾ ഉണ്ടാകുന്നതു കുറയുകയും ചെയ്യും. കല്ലുകയ്യാലക്കു പകരം സസ്യതടസങ്ങൾ ഉണ്ടാക്കി സാവധാനം മണ്ണുവന്നടിഞ്ഞ് തട്ടുകളായി തീരാൻ അനുവദിക്കുന്ന രീതിക്കും പ്യൂർട്ടോറിക്കൻ ടെറസ് എന്നു പറയാറുണ്ട്. നീലഗിരി മേഖലയിൽ ഗ്വാട്ടിമാലപുല്ല് ഉപയോഗിച്ച് പ്യൂർട്ടോറിക്കൻ ടെറസുകൾ ഉണ്ടാക്കാറുണ്ട്. സുബാബുൾ, ശീമക്കൊന്ന എന്നിവ വളരെ അടുപ്പിച്ച് നട്ടാലും ഇതിന്റെ ഫലംതന്നെ ഉണ്ടാവും. കേരളത്തിൽ പക്ഷേ, ചെടികൾ ഉപയോഗിച്ചുള്ള പ്യൂർട്ടോറിക്കൻ ടെറസുകൾക്ക് വലിയ പ്രചാരം കിട്ടിക്കാണുന്നില്ല. [5]
അവലംബം
[തിരുത്തുക]- ↑ "കൊവിഡ് പ്രതിസന്ധി; കയ്യാല നിർമ്മാണം ഗുണഭോക്താക്കൾ നേരിട്ട്; വരുമാനമില്ലാതെ ദുരിതത്തിലായവർക്ക് ആശ്വാസം". Retrieved 2023-01-23.
- ↑ ജലസംരക്ഷണവും പരിപാലനവും പ്രവർത്തന സഹായി. ഹരിതകേരളം മിഷൻ, കേരള സർക്കാർ. p. 45.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-01-23. Retrieved 2023-01-23.
- ↑ https://www.manoramaonline.com/karshakasree/features/2021/10/23/not-all-the-people-of-kerala-want-the-gadgil-report.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-01-23. Retrieved 2023-01-23.