പുത്രകാമേഷ്ടിയാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുത്രകാമേഷ്ടിയെ തുടർന്ന് ദശരഥനുനാലുപുത്രന്മാർ ജനിക്കുന്നു

ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്ധിക്കായി നടത്തുന്ന യാഗമാണ് പുത്രകാമേഷ്ടി. അയോദ്ധ്യാധിപതിയായിരുന്ന ദശരഥമഹാരാജാവ് പുത്രലാഭത്തിനായി ഋഷ്യശൃംഗന്റെ പ്രധാനകാർമ്മികത്വത്തിൽ പുത്രകാമേഷ്ടിയാഗം നടത്തിയതായി രാമായണത്തിൽ ബാലകാണ്ഡത്തിൽ വർണ്ണിക്കുന്നുണ്ട്. കുലഗുരുവായിരുന്ന വസിഷ്ഠമുനിയുടെ നിർദ്ദേശാനുസരണമാണ് ദശരഥൻ പുത്രിപതിയായിരുന്ന ഋഷ്യശൃംഗനെ അംഗരാജ്യത്തു നിന്നും ബഹുമാനപുരസരം വിളിച്ചുവരുത്തി യാഗം നടത്താൻ അഭ്യർത്ഥിക്കുന്നത്.

ദശരഥന്റെ പുത്രകാമേഷ്ടി[തിരുത്തുക]

മൂന്നു പത്നിമാർ ഉണ്ടായിരുന്നെങ്കിലും ഒരു പുത്രനെ സന്താനമായി ലഭിക്കാത്തതിൽ‍ ദശരഥൻ അതിയായി ദുഃഖിച്ചു. പല തരത്തിലുള്ള ദാനധർ‍മ്മാദികൾ‍ നടത്തി, നിരവധി തീർ‍ത്ഥങ്ങളിൽ സ്നാനം ചെയ്ത് ദിവ്യക്ഷേത്രങ്ങൾ ദർശനം നടത്തിയിട്ടും അദ്ദേഹത്തിന്റെ ആഗ്രഹസിദ്ധി ഉണ്ടായില്ല. ആ അവസരത്തിൽ കുലഗുരുവായ വസിഷ്‍ഠമഹർ‍ഷി പുത്രകാമേഷ്ടിയാഗത്തെക്കുറിച്ച് വിസ്തരിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ യാഗം നടത്താൻ‍ തീരുമാനിച്ചു. യാഗം നടത്താൻ‍ ഋഷ്യശൃംഗമഹർ‍ഷിയെ വരുത്താൻ ഉപദേശിക്കുന്നതും കുലഗുരുവാണ്. അയോദ്ധ്യാ നഗരാതിർ‍ത്തിയിലുള്ള സരയൂനദീ തീരത്തുവെച്ചു യാഗം നടത്താമെന്നു സമ്മതിച്ചു ഋഷ്യശൃംഗൻ‍. (ദശരഥന്റെ പുത്രീഭർത്താവാണ് ഋഷ്യശൃംഗ മഹർഷി).


സരയൂ നദിതീരത്ത് യാഗം ആരംഭിച്ചു, യാഗത്തിൽ‍‍ യജമാനനായി പുത്രീഭർത്താവും യജമാനപത്നിയായി മകളായ ശാന്തയും പൗരോഹിത്യം സ്വീകരിച്ചു. യാഗാവസാനം യാഗകുണ്ഡത്തിൽ‍‍ നിന്നും അഗ്നിദേവൻ വെള്ളികൊണ്ടുമൂടിയ തങ്കപ്പാത്രത്തിൽ‍ വിശിഷ്ടമായൊരു പായസം ദശരഥനു സമ്മാനിച്ചു. ഈ ദേവനിർ‍മ്മിതമായ പായസം ദശരഥ പത്നിമാർക്കായി ബ്രഹ്മകല്പനയാൽ കൊണ്ടുവന്നതാണന്നു ദശരഥനെ അഗ്നിദേവൻ ബോധിപ്പിക്കുകയും ചെയ്തു. അദ്ദേഹം പായസം കൗസല്യക്കും കൈകേയിക്കുമായി വീതിച്ചു. കൗസല്യയും കൈകേയിയും തനിക്കു കിട്ടിയതിന്റെ പകുതിവീതം സുമിത്രക്കും നൽകി. തുടർന്ന് രാജ്ഞിമാർ‍ മൂവരും ഒരുപോലെ ഗർ‍ഭം ധരിച്ചു. യാഗഫലമായി കൗസല്യയിൽ രാമനും കൈകേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്മണ-ശത്രുഘ്നന്മാരും ദശരഥനു ജനിച്ചു.

അവലംബം[തിരുത്തുക]

  • അദ്ധ്യാത്മരാമായണം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ -- കറന്റ് ബുക്ക്സ്
  • രാമായണം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=പുത്രകാമേഷ്ടിയാഗം&oldid=1689298" എന്ന താളിൽനിന്ന് ശേഖരിച്ചത്