പുതുപ്പള്ളി വെടിവെപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുതുപ്പള്ളി വെടിവപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പുതുപ്പള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുതുപ്പള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. പുതുപ്പള്ളി (വിവക്ഷകൾ)

മധ്യകേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണ് 1938 സെപ്റ്റംബർ 4-നു നടന്ന[1] പുതുപ്പള്ളി വെടിവെപ്പ്.

പശ്ചാത്തലം[തിരുത്തുക]

1938-ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉത്തരവാദ ഭരണത്തിനായി തിരുവിതാംകൂറിൽ ദിവാനായ സർ സി.പി.യ്ക്കെതിരെ സമരം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ 1114 ചിങ്ങമാസം 19-ന് 1114-ലെ ഒന്നാം റഗുലേഷൻ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്കെതിരേ യോഗങ്ങൾ കൂടുന്നത് നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് പുറ‌ത്തിറക്കുകയുണ്ടായി. പുതുപ്പള്ളി ഉൾപ്പെടെ തിരുവിതാംകൂറിലെ പലയിടങ്ങളിലും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് യോഗങ്ങൾ ചേരാൻ ‌തീരുമാനിച്ചു. യോഗ‌ത്തിന്റെ തലേദിവസം അന്നത്തെ ദിവാൻ പേഷ്‌കാർ മീറ്റിംഗ് നടത്തുന്നത് സായുധപോലീസ്‌വരെ വന്നു തടയുമെന്ന് മുന്നറിയിപ്പു നൽകി. [2]

സംഭവങ്ങൾ[തിരുത്തുക]

പുതുപ്പള്ളിയിൽ ടി.കെ. ചാണ്ടി, എടാട്ട് നാരായണൻ, ജോസഫ് ചേരിയിൽ, ടി.ജെ. മാത്യു [2] തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നൽകിയത്[3] . സമാധാനപരമായി മീറ്റിംഗ് നടത്താനും "1114 ലെ ഒന്നാം റെഗുലേഷൻ ലംഘിക്കുന്നു" എന്ന് പ്രഖ്യാപിച്ചശേഷം പിരിയാനും മാത്രമായിരുന്നു സംഘാടകരുടെ തീരുമാനം. പുതുപ്പള്ളിയിൽ പോലീസിനെ അക്രമിക്കാൻ പരിപാടികൾ തയ്യാറാക്കിയിരിക്കുന്നതായി ഒരു വാർത്ത ആ പ്രദേശത്ത് പരക്കുകയുണ്ടായി. ഇതുമൂലം വലിയൊരു ജനക്കൂട്ടമുണ്ടായി. ഇതിനിടയിൽ പോലീസിനു നേരേ കല്ലേറുണ്ടായി. തുടർന്ന് പോലീസ് ജനക്കൂട്ടത്തെ ലാത്തിച്ചാർജ് ചെയ്തുതുടങ്ങി. ജനങ്ങൾ പരിഭ്രാന്തരായി ഓടി[2].

ജനം പിരിഞ്ഞു തുടങ്ങുന്നതിനിടെ പോലീസ് ലാത്തി ചാർജ്ജ് ആരംഭിച്ചിരുന്നു. യാതൊരു അറിയിപ്പും ഇല്ലാതെ പെട്ടെന്നുള്ള ലാത്തി ചാർജ്ജ് ആയിരുന്നതുകൊണ്ട് അടികൊള്ളാതെ ആളുകൾക്ക് പിരിഞ്ഞു പോകുവാൻ സാധിക്കുമായിരുന്നില്ല.. ബഹളത്തിനിടെ പോലീസ് വെടിവയ്ക്കുകയും ചെയ്തു 14 ചുറ്റ് വെടിവച്ചതിന്റെ ഫലമായി ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഒരു കെട്ടിടത്തിന്റെ പുറകിൽ ഒന്നുമറിയാതെ പാരയുമായി പോകുകയായിരുന്ന ആളെ ആയുധവുമായി ആക്രമിക്കാൻ വന്നവനെന്നു കരുതി വെടിവച്ചിടുകയായിരുന്നുവത്രേ[2].

മരണമടയുകയും പരിക്കേൽക്കുകയും ചെയ്തവർ[തിരുത്തുക]

കുറ്റിക്കൽ കുഞ്ഞപ്പൻ[3][4] എന്നയാളാണ് വെടിയേറ്റു മരിച്ചത്. വാകത്താനംകാരൻ മാവേലി കൊച്ച് എന്ന കുരുവിള ഉലഹന്നാന് പുറകിൽ വെടിയേറ്റു. ഗൗരവമുള്ള മുറിവായിരുന്നെങ്കിലും മരണത്തിൽനിന്ന് ഇദ്ദേഹം രക്ഷപ്പെട്ടു[2].

പരിക്കുപറ്റിയവരിൽ റ്റി. വി ചെറിയാൻ, കുരുവിള ഉലഹന്നാൻ, ഉമ്മൻ പാപ്പി എന്നിവരും പെടുന്നു.[3] മുറിവേറ്റവരുടെ പേരിൽ വീണ്ടും കേസുണ്ടാകുമെന്ന് ഭയന്നതിനാൽ ആശുപത്രിയിൽ പലരും പേര് വെളിപ്പെടുത്തിയില്ല[2].

മലയാള മനോരമ[തിരുത്തുക]

വെടിവെപ്പിന്റെ അടുത്ത ലക്കം മനോരമ പത്രത്തിൽ വലിയ തലക്കെട്ടിൽ ഇതു സംബന്ധിച്ച് വാർത്ത വന്നു. ഓടിപ്പോയവരെ പുറകിൽനിന്നു വെടിവെച്ചത് തെറ്റായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പോലീസ് വെടിവെപ്പിനെ എതിർത്തായിരുന്നു വാർത്ത. വാർത്ത പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം (സെപ്റ്റംബർ 10-ന്) മനോരമ പ്രസും ഓഫീസും ദിവാന്റെ കല്പന പ്രകാരം അടച്ചുപൂട്ടി മുദ്രവച്ചു[2].

അവലംബം[തിരുത്തുക]

കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും- വിനോദ് കുമാർ R

  1. "പള്ളം ബ്ലോക്ക് പഞ്ചായത്ത്". എൽ.എസ്.ജി. ശേഖരിച്ചത് 8 മാർച്ച് 2013.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "നടുക്കം വിതയ്ക്കുന്ന ഓർമകൾ". വീക്ഷണം. ശേഖരിച്ചത് 8 മാർച്ച് 2013.
  3. 3.0 3.1 3.2 "പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി.കേരള. ശേഖരിച്ചത് 8 മാർച്ച് 2013.
  4. "പുതുപ്പള്ളി വെടിവെപ്പ് അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി". മാതൃഭൂമി. 5 സെപ്റ്റംബർ 2011. ശേഖരിച്ചത് 8 മാർച്ച് 2013.