പീറ്റർ തത്ത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അധികാരശ്രണികളിലെ(hierarchy) ജോലിക്കയറ്റങ്ങൾ, അവയിലെ ഓരോ അംഗത്തേയും അയാളുടെ കഴിവുകേടിന്റെ തലത്തിൽ എത്തിച്ച് അവസാനിക്കുന്നു എന്ന വാദമാണ് പീറ്റർ തത്ത്വം. ശ്രേണീബദ്ധമായ സം‌വിധാനത്തിലെ ഒരംഗത്തിന്, കാര്യക്ഷമത കാട്ടുന്ന കാലത്തോളം ജോലിക്കയറ്റം കിട്ടിക്കൊണ്ടിരിക്കുമെന്ന് ഈ തത്ത്വം ചൂണ്ടിക്കാട്ടുന്നു. കാര്യക്ഷമത കാട്ടാൻ നിവൃത്തിയില്ലാത്ത ഒരു പദവിയിൽ അയാൾ എത്തുന്നതു വരെ ഇതു തുടരുന്നു. കയറ്റങ്ങൾക്കൊടുവിൽ കഴിവുകേടിന്റെ തലത്തിൽ(level of incompetence)എത്തുന്നതോടെ, തുടർന്ന് സ്ഥാനക്കയറ്റത്തിന് അയാൾ അർഹനല്ലാതായിത്തീരുന്നു.[1] ഇതിന്റെ ഫലമായി, ശ്രേണീവ്യവസ്ഥയുള്ള സ്ഥാപനങ്ങളിലെ മിക്കവാറും പദവികളിൽ കാലക്രമേണ അവയുടെ ചുമതലകൾ നിറവേറ്റാൻ പ്രാപ്തിയില്ലാത്തവർ എത്തിച്ചേരുമെന്നും, സ്ഥാപനങ്ങൾ തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്, കഴിവുകേടിന്റെ തലത്തിൽ എത്താൻ ബാക്കി നിൽക്കുന്ന ഏതാനും പേരുടെ ബലത്തിലായിരിക്കുമെന്നുമാണ് പീറ്റർ തത്ത്വത്തിന്റെ അനുമാനം.

1969-ൽ ലോറൻസ് ജെ. പീറ്റർ, റെയ്‌മണ്ട് ഹൾ എന്നിവർ ചേർന്നെഴുതിയ[2] "പീറ്റർ‍ തത്ത്വം: എന്തുകൊണ്ട് കാര്യങ്ങൾ എപ്പോഴും പിഴച്ചുപോകുന്നു"[3]എന്ന ഗ്രന്ഥത്തിലാണ് ഈ ആശയം വെളിച്ചം കണ്ടത്. നർമ്മം നിറഞ്ഞ ഈ രചന, ലോറൻസ് പീറ്റർ "അറിയാതെ കണ്ടെത്തിയ ശ്രേണീമീമാംസ(hierarchiology) എന്ന ഗുണകരമായ ശാസ്ത്രത്തിന്റെ കൂടി" അവതരണമാണെന്ന് ഗ്രന്ഥകാരന്മാർ അവകാശപ്പെട്ടിരുന്നു.

അവലോകനം[തിരുത്തുക]

പ്രവർത്തനക്ഷമമായതെന്തിനേയും പ്രവർത്തിക്കാതാകുന്നതുവരെ തുടരെ ഉപയോഗിക്കാനുള്ള പ്രവണതയെ സംബന്ധിച്ച സാമാന്യനിയമം തന്നെയാണ് പീറ്റർ തത്ത്വവും അവതരിപ്പിക്കുന്നത്. അണുശക്തിനിലയങ്ങളുമായി ബന്ധപ്പെട്ട ഒരു കേടുതീർക്കൽ കർമ്മപരിപാടിക്കിടെ വില്യം ആർ. കൊർകോറൻ, വാക്വം ക്ലീനറും മറ്റും പോലുള്ള ഉപകരണങ്ങളുടേയും "സുരക്ഷാവിലയിരുത്തൽ" പോലെയുള്ള ഭരണപരമായ നടപടികളുടേയും കാര്യത്തിൽ ഇത് നിരീക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ പ്രവർത്തിച്ചതിനെ, അതിന്റെ പ്രവർത്തനപരിധിക്കപ്പുറം പോലും, അത് പരാജയപ്പെടും വരെ ഉപയോഗിച്ചുകൊണ്ടിരിക്കാനുള്ള പ്രലോഭനം വലുതാണ്. അതേ ആശയം മനുഷ്യവ്യക്തികളുടെ കാര്യത്തിൽ അവതരിപ്പിക്കുകയാണ് പീറ്റർ തത്ത്വം.

ഉയർന്ന സ്ഥാനത്ത് ജോലിക്കാരൻ കഴിവില്ലാത്തവനാകുന്നത് അതിന്റെ ഉത്തരവാദിത്തങ്ങൾ കൂടുതൽ ബുദ്ധിമുട്ടുള്ളതായതു കൊണ്ടായിരിക്കണമെന്നില്ല. അയാൾ നേരത്തേ സാമർത്ഥ്യം കാട്ടിയ ജോലിയ്ക്ക് വേണ്ടിയിരുന്നതിൽ നിന്നു വ്യത്യസ്തമായ ചാതുര്യങ്ങൾ ആവശ്യപ്പെടുന്ന ജോലിയാണ് പുതിയതെന്നതാകാം കാരണം. ഉദാഹരണമായി സ്വന്തം ജോലിയിൽ ശോഭിച്ച ഒരു ഫാക്ടറി തൊഴിലാളി മാനേജരുടെ തലത്തിലേയ്ക്ക് ഉയർത്തപ്പെടുമ്പോൾ പഴയ ജോലിയിൽ ശോഭിക്കാൻ അയാളെ സഹായിച്ച കഴിവുകൾ പുതിയ ജോലിയിൽ പ്രസക്തമാകണമെന്നില്ല.

പ്രയോഗം[തിരുത്തുക]

ശ്രേണീവ്യവസ്ഥകളിലെ അംഗങ്ങളെ അവരുടെ കഴിവിന്റെ പരമാവധി തലം വരെ മാത്രം ഉയർത്തുക; അതിനപ്പുറം കഴിവുകേടിന്റെ തലത്തിലേയ്ക്ക് ഉയർത്താതിരിക്കുക എന്ന നിലപാട് പീറ്റർ തത്ത്വത്തിൽ നിന്നു കിട്ടുന്ന ഉൾക്കാഴ്ചയുടെ പ്രയോഗമാകുന്നു. ഒരു ജോലിക്കാരന് പുതിയ സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പ്രാപ്തിയുണ്ടോയെന്ന് ഇപ്പോഴത്തെ സ്ഥാനത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി മനസ്സിലാക്കിയ ശേഷം മാത്രം കയറ്റം നൽകുക എന്നാണ് ഇതിനർത്ഥം. പ്രായോഗികതലത്തിൽ ഇത് താഴേപ്പറയുന്ന നയങ്ങളിലേയ്ക്ക് നയിച്ചേക്കാം.

  • ഇപ്പോഴത്തെ ജോലിയോട് പ്രതിബദ്ധത കാട്ടുന്നവരെ അതിന്റെ പേരിൽ മാത്രം ഉയർത്താതിരിക്കുക. പ്രതിബദ്ധതയ്ക്കു പ്രതിഫലമായി വേണമെങ്കിൽ ശമ്പളവർദ്ധനവ് ആകാം.
  • ഉയർച്ച കൊടുക്കുന്നതിനു മുൻപ് പുതിയ സ്ഥാനത്തെ ഉത്തരവാദിത്തങ്ങളിൽ പരിശീലനം നൽകുക. കഴിവുകേടുകൾ ജോലിക്കയറ്റത്തിനു ശേഷം എന്നതിനു പകരം അതിനു മുൻപ് കണ്ടെത്താൻ പരിശീലനകാലം അവസരമാകുന്നു. ‍

വർഗ്ഗ-ജാതികളിലൂന്നിയ വ്യവസ്ഥകളിൽ കഴിവുകേടിന്റെ പ്രശ്നം ഒഴിവാക്കാൻ എളുപ്പമാണെന്നും പീറ്റർ ചൂണ്ടിക്കാട്ടി. അത്തരം വ്യവസ്ഥകളിൽ, താഴേക്കിട കഴിവുകൾ ആവശ്യപ്പെടുന്ന ജോലികളിലുള്ള വ്യക്തികൾ ഉയർന്ന കഴിവുകൾ വേണ്ട മേലേക്കിട ജോലികളിലേയ്ക്ക് ഉയർത്തപ്പെടുന്നില്ല. അത്തരം ജോലികൾ അവയ്ക്കു മതിയായ കഴിവുകൾ ഉള്ള മറ്റൊരു വർഗ്ഗം വ്യക്തികൾക്കായി മാറ്റിവച്ചിരിക്കും. "സ്തൂപത്തിന്റെ ഉച്ചിയില്" ‍(Top of the Pyramid) തുടക്കം കിട്ടാനുള്ള സാധ്യത മൂലം, അത്തരം ജോലികൾ കൂടുതൽ കഴിവുള്ളവരെ ആകർഷിക്കുകയും ചെയ്യും. താഴേക്കിടയിൽ നിന്നു തുടങ്ങിയുള്ള ജോലിക്കയറ്റങ്ങളിലൂടെയാകുമ്പോൾ, അവർ ഉച്ചിയിൽ ഒരിക്കലും എത്താതിരിക്കാനാണ് സാധ്യത. അതിനാൽ വർഗ്ഗ-ജാതികളെ ആശ്രയിക്കുന്ന ശ്രേണികൾ വർഗ്ഗരഹിതവും, അവസരസമത്വത്തെ ആശ്രയിക്കുന്നതുമായ ശ്രേണികളേക്കാൾ പ്രവർത്തനക്ഷമത കാട്ടുന്നു.

ഈ ആശയത്തെ പിന്തുടരുന്ന ചില സ്ഥാപനങ്ങൾ, സാങ്കേതികജോലികൾ ചെയ്യുന്ന വ്യക്തികളെ അവരുടെ വിരുതിന്റെ പേരിൽ മാനിക്കുന്നതിനൊപ്പം അവർ മാനേജർമാരെന്ന നിലയിൽ വിജയിക്കാനാവില്ലെന്ന് കരുതുന്നു. അതിനാൽ, അവർക്കു മാത്രമായി ഒരു സമാന്തര വിഭാഗം സൃഷ്ടിച്ച് മാനേജർമാരുടെ ചുമതലകൾ നൽകാതെ മാനേജർമാരുടേതിന് സമാനമായ പദവിയും വേതനവും നൽകുകയാണ് ഈ സ്ഥാപനങ്ങളുടെ രീതി.

ശ്രേണീശാസ്ത്രം[തിരുത്തുക]

പീറ്റർ തത്ത്വം കണ്ടെത്തിയ പീറ്റർ തന്നെ, മനുഷ്യസമൂഹത്തിലെ ശ്രേണീബദ്ധമായ സംഘടനാവ്യവസ്ഥകളുടെ അടിസ്ഥാനതത്ത്വങ്ങളെ സംബന്ധിക്കുന്ന "ശ്രേണീശാസ്ത്രം" എന്നാ വിജ്ഞാനശാഖ കണ്ടെത്തിയതായും അവകാശപ്പെട്ടു.

(പീറ്റർ) തത്ത്വം രൂപപ്പെടുത്തി കഴിഞ്ഞപ്പോൾ, അധികാരശ്രേണികളുടെ പഠനമായ ശ്രേണീശാസ്ത്രം എന്ന വിജ്ഞാനശാഖ "അവിചാരിതമായി" കണ്ടെത്തിയതായി ഞാൻ മനസ്സിലാക്കി. അധികാരശ്രേണി എന്ന പദം നേരത്തേ ഉപയോഗിച്ചിരുന്നത്, സഭാഭരണത്തിലെ പുരോഹിതന്മാരുടെ ശ്രേണികൾ ചേർന്ന സം‌വിധാനത്തെ ഉദ്ദേശിച്ചാണ്. എന്നാൽ ഇന്നത്തെ അതിന്റെ പ്രയോഗം, പല തലങ്ങളിലെ പദവികളിലും വർഗ്ഗങ്ങളിലും ഉൾപ്പെട്ട വ്യക്തികൾ ചേർന്ന ഏതു സംഘടനയെ ഉദ്ദേശിച്ചും ആകാം. താരതമ്യേന അടുത്തകാലത്ത് ജന്മമെടുത്ത വിജ്ഞാനശാഖയാണെങ്കിലും ശ്രേണീശാസ്ത്രത്തിന് പൊതു-സ്വകാര്യമേഖലകളിലെ ഭരണസം‌വിധാനങ്ങളിൽ വലിയ പ്രസക്തിയുണ്ട്.

— ഡോക്ടർ ലോറൻസ് ജെ. പീറ്റർ, റെയ്‌മണ്ട് ഹൾ എന്നിവർ, പീറ്റർ തത്ത്വം: എന്തുകൊണ്ട് എല്ലാം എപ്പോഴും കുഴപ്പത്തിലാകുന്നു.

ജനകീയസംസ്കൃതിയിൽ[തിരുത്തുക]

നിത്യജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങളും മനുഷ്യസഭാവത്തിന്റെ ചിന്തോദ്ദീപകമായ വിശദീകരണങ്ങളും ഉൾപ്പെടുന്ന പീറ്ററുടെ ഗ്രന്ഥം ജനകീയസംസ്കൃതിയെ സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കൻ കോമിക് ചിത്രപരമ്പരയായ ദിൽബർട്ട്, ഓഫീസ് സ്പേസ് എന്ന ചലച്ചിത്രം, ദ ഓഫീസ് എന്ന ടെലിവിഷൻ പരമ്പര തുടങ്ങിയവയിലെല്ലാം പീറ്റർ തത്ത്വം പ്രതിഫലിച്ചിട്ടുണ്ട്. സ്കോട്ട് ആദംസിന്റെ കോമിക്ക് സ്ട്രിപ് പരമ്പരയായ ദിൽബർട്ടിലെ "ദിൽബർട്ട് തത്ത്വം" പീറ്റർ തത്ത്വത്തിന്റെ മറ്റൊരു രൂപമാണ്: യാതൊരു കാര്യക്ഷമതയുമില്ലാത്ത ജോലിക്കാർ സൃഷ്ടിച്ചേക്കാവുന്ന അപകടം ഒഴിവാക്കാനായി സ്ഥാപനങ്ങൾ അവരെ മാനേജർ പദവിയിലേയ്ക്ക് ഉയർത്തി മാറ്റിനിർത്തുന്നു എന്നാണ് ദിൽബർട്ട് തത്ത്വം പറയുന്നത്. പീറ്റർ തത്ത്വമനുസരിച്ച്, സ്ഥാനക്കയറ്റങ്ങൾക്കൊടുവിൽ കാര്യക്ഷമതയില്ലായ്മയിലെത്തുന്ന വ്യക്തി നേരത്തേ കാര്യക്ഷമത കാട്ടിയിരുന്നു. ദിൽബർട്ട് തത്ത്വത്തിൽ സ്ഥാനക്കയറ്റം കിട്ടുന്ന വ്യക്തി ഒരിക്കലും കാര്യക്ഷമത കാട്ടിയിട്ടില്ലാത്തയാളാണ്. ഒരു സ്ഥാപനത്തിൽ ഒരേസമയം ദിൽബർട്ട് തത്ത്വവും പീറ്റർ തത്ത്വവും പ്രവർത്തിച്ചുകൂടെന്നില്ല.

പീറ്റർ തത്ത്വത്തിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച്, പീറ്ററുടെ ഗ്രന്ഥം പുനപ്രസാധനം ചെയ്യുന്നുണ്ടെന്ന് 2009 ഏപ്രിൽ മാസം അറിയിപ്പുണ്ടായി.[4]

അവലംബം[തിരുത്തുക]

  1. ഊർജ്ജതന്ത്രവും സമൂഹവും - പീറ്റർ തത്ത്വത്തിന്റെ പുനപരിശോധന കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഒരു പഠനം
  2. "Peter Principle." Encyclopedia of Business. Ed. Jane A. Malonis. Gale Cengage, 2000. eNotes.com. 2009 2006. 3 Dec[പ്രവർത്തിക്കാത്ത കണ്ണി]
  3. The Peter Principle: A Theory of Decline, Edward P. Lazear, Hoover Institution and Graduate School of Business, Stanford University, A Special Issue of the Journal of Political Economy, നവംബർ 2001 Archived 2007-08-10 at the Wayback Machine.
  4. MSNBC - The Peter Principle’ is ageless as it turns 40 [1] Archived 2012-10-26 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=പീറ്റർ_തത്ത്വം&oldid=3661129" എന്ന താളിൽനിന്ന് ശേഖരിച്ചത്