പിണ്ഡകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു വസ്തുവിനെ അഥവാ കണികാവ്യവസ്ഥയെ പരിഗണിക്കുമ്പോൾ ചില ആവശ്യങ്ങൾക്ക് അതിന്റെ പിണ്ഡം മുഴുവൻ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളതായി കരുതാം. ഈ ബിന്ദുവിനെ പിണ്ഡകേന്ദ്രം എന്നു വിളിക്കുന്നു. ഈ സന്ദർഭങ്ങളിൽ പിണ്ഡമാകെ പിണ്ഡകേന്ദ്രത്തിൽ കേന്ദ്രീകരിച്ചാലുള്ളപോലെയായിരിക്കും വ്യവസ്ഥയുടെ സ്വഭാവം. വ്യവസ്ഥയിലെ കണികകളുടെ പിണ്ഡങ്ങളും സ്ഥാനങ്ങളും ചേർന്നാണ്‌ അതിന്റെ പിണ്ഡകേന്ദ്രത്തിന്റെ സ്ഥാനം നിർണ്ണയിക്കുന്നത്. വ്യവസ്ഥയുടെ പിണ്ഡകേന്ദ്രത്തിന്റെ സ്ഥാനത്ത് ദ്രവ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. ഉദാഹരണമായി, ഒരു വളയുടെ പിണ്ഡകേന്ദ്രം അതിന്റെ കേന്ദ്രത്തിൽ ദ്രവ്യമില്ലാത്ത ഭാഗത്തായാണ്‌ സ്ഥിതിചെയ്യുന്നത്.

പിണ്ഡകേന്ദ്രത്തെ ഗുരുത്വാകർഷണകേന്ദ്രം എന്നും വിളിക്കാറുണ്ടെങ്കിലും ഗുരുത്വാകർഷണബലം ഏകമാനമായുള്ള വ്യവസ്ഥകളിലേ ഇവ തുല്യമാവുകയുള്ളൂ. ഭൗമോപരിതലത്തിൽ ഗുരുത്വാകർഷണബലം ഏറെക്കുറെ ഏകമാനമായതിനാൽ ഭൗമോപരിതലത്തിലെ ചെറിയ വസ്തുക്കളുടെ പിണ്ഡകേന്ദ്രവും ഗുരുത്വാകർഷണകേന്ദ്രവും ഒന്നായി കണക്കാക്കാം. ബാരിസെന്റർ എന്ന പദവും ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. എങ്കിലും രണ്ട് വസ്തുക്കളിൽ നിന്നുള്ള ഗുരുത്വാകർഷണബലങ്ങൾ തുല്യമാകുന്ന ബിന്ദുവിനെ സൂചിപ്പിക്കാനാണ്‌ കൂടുതലായും ഈ പദം ഉപയോഗിക്കുക.

ഒരു വസ്തുവിന്റെ പിണ്ഡകേന്ദ്രം അതിന്റെ ജ്യാമിതീയകേന്ദ്രത്തിൽത്തന്നെ ആയിരിക്കണമെന്നില്ല. ഇത് നമുക്ക് ഗുണത്തിനായി ഉപയോഗിക്കാവുന്നതാണ്‌. ഉദാഹരണമായി, സ്പോർട്സ് കാറുകളുടെ പിണ്ഡകേന്ദ്രം ആകുന്നത്ര താഴെയാക്കുന്നതുവഴി കാറിന്റെ നിയന്ത്രണം എളുപ്പമാക്കാൻ എഞ്ചിനീയർമാർ ശ്രമിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പിണ്ഡകേന്ദ്രം&oldid=1725826" എന്ന താളിൽനിന്ന് ശേഖരിച്ചത്