പാമ്പാടി ജോൺ ജോസഫ്
കേരളത്തിലെ പിന്നോക്കജനവിഭാഗങ്ങളുടെ ഉന്നമനത്തിന് തിരുവിതാംകൂർ ചേരമ മഹാജനസഭ എന്ന സംഘടന രൂപീകരിച്ചുപ്രവർത്തിച്ച നവോത്ഥാനനായകനാണ് പാമ്പാടി ജോൺ ജോസഫ്.[1] കോട്ടയം പാമ്പാടിയിൽ അധ്യാപകനായിരിക്കേയാണ് പാമ്പാടി ജോൺ ജോസഫ് എന്ന പേരുവന്നത്. ഒന്നാം ലോക മഹായുദ്ധകാലത്ത് അധ്യാപകവൃത്തി ഉപേക്ഷിക്കുകയും പട്ടാളത്തിൽ ചേരുകയും ചെയ്തു. പട്ടാളസേവനം കഴിഞ്ഞ് തിരിച്ചെത്തി 1921 ൽ തിരുവിതാംകൂർ ചേരമ മഹാജനസഭ എന്ന സംഘടന രൂപീകരിച്ചു. 1919 ൽ സാധുജനദൂതൻ എന്ന മാസിക ആരംഭിക്കുകയും സംഘടനയുടെ മുഖപത്രമായി മാറുകയും ചെയ്തു. ചേരവംശത്തിലെ അവസാന നാടുവാഴിയുടെ പിൻമുറക്കാരായ ഐക്കരക്കുറുപ്പൻമാരിൽപ്പെട്ട ഐക്കരനാടുവാഴിയുടെ സ്വീകരണം അദ്ദേഹം നടത്തിയത് സ്വസമുദായ നവീകരണത്തിലെ മുഖ്യസംഭവമായിരുന്നു. 1923 മാർച്ച് 9 ന് തിരുവനന്തപുരത്ത് ഐക്കര യജമാനന് സ്വീകരണം നൽകിയ ശേഷം പുത്തൻ നാടുവാഴിയായി പ്രഖ്യാപിച്ചു. ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലിലേയ്ക്ക് 1931 ൽ ജോൺജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. 1940 ജൂലൈയിൽ അന്തരിച്ചു.