പഗോഡ (നാണയം)
വിവിധ ഇന്ത്യൻ രാജവംശങ്ങളും ഇന്ത്യയിലെ ബ്രിട്ടീഷ്, ഡച്ച് സർക്കാരുകളും തയ്യാറാക്കിയ സ്വർണ്ണ നാണയമായിരുന്നു പഗോഡ. കേരളത്തിലിത് വിഗ്രഹക്കാശ് എന്ന് വിളിക്കപ്പെട്ടു. മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ രാജവംശങ്ങളും ഹംഗലിലെ കാദംബ രാജവംശം, ഗോവയിലെ കാദമ്പ, വിജയനഗര സാമ്രാജ്യം എന്നിവയുൾപ്പെടെ ഈ നാണയം ഉപയോഗിച്ചിരുന്നു. ഡച്ചുകാരുടെ കാലത്ത് ഇത് ഉപയോഗിച്ചതായി കാന്റർഫിഷർ തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തി. ഒരു വിഗ്രഹക്കാശിന് രണ്ട് ‘ലന്ത ഡോളർ’ (ഡച്ച് ഡോളർ) എന്നതായിരുന്നു ഇവിടത്തെ വിനിമയ നിരക്കായി കണക്കാക്കിയിരുന്നത്.[1] ഈ നാണയങ്ങൾ അക്കാലത്ത് കൊച്ചി രാജ്യത്തെങ്ങും പ്രചാരത്തിൽ ഉണ്ടായിരുന്നു. ‘ലന്തത്തുട്ടു’കൾ എന്നാണ് പൊതുവെ ഇവ അറിയപ്പെട്ടിരുന്നത്. അറബികളടക്കമുള്ളവരുടെ കൊച്ചിയുമായുള്ള വ്യാപാര ബന്ധങ്ങളിലെ നാണയ ഇടപെടലുകൾ ഒരു വേളയിൽ ലന്തത്തുട്ടുകളിലായിരുന്നുവെന്ന് കാന്റർഫിഷർ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തി.