നോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളിൽ ആരോടും താൽപര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ് യന്ത്രത്തിൽ ചേർത്തിട്ടുള്ള ബട്ടൺ ആണ് നോട്ട. None Of The Above എന്നതിന്റെ ചുരുക്കരൂപമാണ് NOTA. ഇന്ത്യ, ഗ്രീസ്, അമേരിക്ക, ഉക്രൈയിൻ, സ്പെയിൻ തുടങ്ങിയ 13 രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.[1]

ഇന്ത്യയിൽ 2014 ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രത്തിലെ സുപ്രധാന പരിഷ്കാരം ആണ് നോട്ട ബട്ടൺ. വോട്ടിങ് മെഷീനിൽ "ഇവരിൽ ആരും അല്ല' എന്നായിരിക്കും നോട്ട ബട്ടണിൽ രേഖപ്പെടുത്തുക. സ്ഥാനാർഥികളുടെ പേരുകൾക്ക് ശേഷം അവസാനത്തെ ബട്ടണായിട്ടാണ് നോട്ട ബട്ടൺ ചേർത്തിരിക്കുന്നത്. ചിലപ്പോൾ നോട്ടയിൽ ലഭിച്ച വോട്ടുകൾക്ക് ഭൂരിപക്ഷം ലഭിച്ചേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നേരത്തേ നിശ്ചയിച്ച ചില തീരുമാനങ്ങൾ നടപ്പിലാക്കപ്പെടും. ഓരോ രാജ്യങ്ങളിൽ ഇത് വ്യത്യസ്തമായിരിക്കും. ഇന്ത്യയിൽ ഇത് സാധുവായ വോട്ടായി കണക്കാക്കില്ല. നോട്ടയിൽ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് ആകെ സാധുവായ വോട്ടിൻറെ കണക്കെടുക്കുക. ആകെ സാധുവായ വോട്ടിൻറെ ആറിലൊന്നു ലഭിക്കാത്ത സ്ഥാനാർഥികൾക്കു കെട്ടിവച്ച കാശ് നഷ്ടമാകും.

ഇന്ത്യ[തിരുത്തുക]

ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ നോട്ട സംവിധാനം ഏർപ്പെടുത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ 2009ൽ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയുണ്ടായി, എന്നാൽ കേന്ദ്ര സർക്കാർ ഈ നിർദ്ദേശത്തെ എതിർക്കുകയായിരുന്നു.[2] പ്യൂപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്ന സർക്കാരേതിര സംഘടന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നിർദ്ദേശത്തെ പിന്താങ്ങിക്കൊണ്ട് സുപ്രീം കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി സമർപ്പിച്ചിരുന്നു.[3]

27 സെപ്തംബർ 2013 ന് ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ നൺ ഓഫ് ദ എബൗ എന്ന സംവിധാനം കൂടി നടപ്പിലാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇതു സഹായകരമാവും എന്നൊരു നിരീക്ഷണം കൂടി സുപ്രീംകോടതി നടത്തിയിരുന്നു. നിലവിലുള്ള സംവിധാനത്തെ മാറ്റം വരുത്തുവാൻ ഇത് ഉതകുമെന്നും, നല്ല സ്ഥാനാർത്ഥികളെ മാത്രം തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ നിർബന്ധിതരാവുമെന്നും സുപ്രീംകോടതി പ്രത്യേക വിധിന്യായത്തിലൂടെ അഭിപ്രായപ്പെട്ടു.[4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോട്ട&oldid=2283937" എന്ന താളിൽനിന്നു ശേഖരിച്ചത്