Jump to content

നിർമിതികേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെലവുകുറഞ്ഞതും പരിസ്ഥിതിക്കിണങ്ങുന്നതുമായ കെട്ടിടനിർമ്മാണ സാങ്കേതികവിദ്യകൾ പകർന്നുകൊടുക്കുന്നതിനും നടപ്പിലാക്കുന്നതിനുമായുള്ള കേരള സർക്കാർ സ്ഥാപനം. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളെ ഉപയോഗപ്പെടുത്തൽ, അനുയോജ്യമായ സാങ്കേതികവിദ്യയുടെ ഉപയോഗം, നിർമ്മാണപ്രവർത്തനങ്ങളിലെ ഗുണഭോക്തൃപങ്കാളിത്തം, ആധുനികവും പരമ്പരാഗതവുമായ നിർമ്മാണരീതികളുടെ സംയോജനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിതിയുടെ പ്രവർത്തനങ്ങൾ. ഇത്തരം പ്രവർത്തനരീതിക്ക് മതിയായ പ്രചാരണം കൊടുക്കുകവഴി ഒരു പുതിയ നിർമ്മാണസംസ്കാരം തന്നെ സൃഷ്ടിക്കാനായി.

പ്രവർത്തനങ്ങൾ

[തിരുത്തുക]

1985-ൽ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കക്കെടുതികളിൽപ്പെട്ടവർക്ക് ആശ്വാസം നല്കുന്നതിലുണ്ടായ പോരായ്മകൾ അന്നത്തെ കൊല്ലം ജില്ലാ കളക്ടറായിരുന്ന ശ്രീ. സി.വി. ആനന്ദബോസിന് നേരിട്ട് ബോധ്യപ്പെടുകയും, കെടുതികളിൽപ്പെട്ടവർക്ക് ഭൂമിയും ധനസഹായവും നല്കുന്നതിനൊപ്പം പാർപ്പിടവും നിർമിച്ചു നല്കണമെന്ന ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഈ ആശയത്തിന്റെ സാക്ഷാത്കാരത്തിനായാണ് നിർമിതികേന്ദ്രത്തിന് രൂപംകൊടുത്തത്.

സർക്കാരിന്റെ വികസനപ്രവർത്തനങ്ങളുടെ ഏകോപനം, സന്നദ്ധസംഘടനകളുടെയും സാങ്കേതികവിദഗ്ദ്ധരുടെയും കൂട്ടായ്മ, പദ്ധതികളിൽ ഗുണഭോക്താക്കളുടെ നേരിട്ടുള്ള പങ്കാളിത്തം തുടങ്ങിയവ ഈ സമീപനത്തിന് പ്രോത്സാഹനമേകി. ചെലവുകുറഞ്ഞ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി ഗവേഷണ, വികസന സ്ഥാപനങ്ങളുടെ ഉപദേശം തേടി. പ്രാദേശികമായി ലഭിക്കുന്ന നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരം, പ്രത്യേകതകൾ എന്നിവ കണ്ടെത്തുന്നതിനായി ബി.ഐ.എസ്. (ബ്യൂറോ ഒഫ് ഇന്ത്യൻ സ്റാന്റേർഡ്സ്)മായി ഒത്തുചേർന്നു നിർമിതികേന്ദ്രം പ്രവർത്തിച്ചു. കൊല്ലം ജില്ലയിലെ പദ്ധതി വിജയിച്ചതോടെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ആശയങ്ങൾ പ്രാവർത്തികമാക്കാനും, പ്രചരിപ്പിക്കുന്നതിനുമായി ജില്ലകൾതോറും നിർമ്മാണകേന്ദ്രങ്ങൾ സ്ഥാപിച്ചു.

നിർമ്മാണ പരിശീലനം

[തിരുത്തുക]

നിർമ്മാണ പ്രവർത്തനങ്ങൾക്കായി കഴിവുറ്റ തൊഴിലാളികളെ വാർത്തെടുക്കുന്നതിനുവേണ്ടി നിർമിതികേന്ദ്രം പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കല്പണി, ആശാരിപ്പണി, പ്ളംബിങ്, വൈദ്യുതീകരണം, ഇന്റീരിയർ ഡിസൈൻ, ലാൻഡ് സ്കേപ്പിങ് തുടങ്ങിയ മേഖലകളിൽ സംഘടിപ്പിച്ച പരിശീലന പരിപാടികളിൽ സ്ത്രീകൾക്ക് മുൻഗണന നല്കിവരുന്നു. ഇത് നിർമ്മാണ മേഖലയിൽ നിലനിന്നിരുന്ന ലിംഗപരമായ അസന്തുലിതാവസ്ഥ കുറയ്ക്കാനും സ്ത്രീപങ്കാളിത്തം ഉയർത്താനും സഹായിച്ചു. സാങ്കേതികവിദ്യയെ പരീക്ഷണശാലയിൽനിന്നും പുറത്തേക്ക് കൊണ്ടുവരാൻ (ഘമയ ീ ളശലഹറ) ഈ പ്രസ്ഥാനം സഹായകമായി. നിർമ്മാണച്ചെലവ് 30 ശതമാനത്തോളം കുറച്ചുകൊണ്ട് ഭവനനിർമ്മാണരംഗത്ത് ഒരു കുതിച്ചുചാട്ടംത്തന്നെ നടത്തി നിർമിതികേന്ദ്രം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. നിർമിതിയുടെ സമീപനങ്ങൾ 'കേരള മോഡൽ' എന്ന പേരിൽ 1988-ൽ ദേശീയ ഭവനനയത്തിൽ ഉൾപ്പെടുത്തുകയുണ്ടായി. ജില്ലാതല കേന്ദ്രങ്ങളുടെ ഏകോപനത്തിനായി തലസ്ഥാനത്ത് സംസ്ഥാന ഭവനനിർമ്മാണവകുപ്പുമന്ത്രി ചെയർമാനായി കേരള സംസ്ഥാന നിർമിതികേന്ദ്രം രൂപവത്കരിക്കപ്പെട്ടു.

പ്രകൃതി ദുരന്തങ്ങളിലെ പങ്കാളിത്തം

[തിരുത്തുക]

മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഭൂകമ്പാനന്തരം നടന്ന ഭവനനിർമ്മാണത്തിൽ നിർമിതികേന്ദ്രം രൂപകല്പന ചെയ്ത ഭൂകമ്പ പ്രതിരോധ മോഡലുകളാണ് ഉപയോഗിച്ചത്. ഗുജറാത്തിലെ കച്ച് ഭൂകമ്പം, 2004-ലെ സുനാമി ദുരന്തം തുടങ്ങി ദേശീയ ദുരന്തങ്ങളുടെ പുനരധിവാസപ്രക്രിയകളിൽ നിർമിതികേന്ദ്രങ്ങൾ സജീവ പങ്കുവഹിച്ചിട്ടുണ്ട്. ജില്ലാകേന്ദ്രങ്ങളുടെ ഏകോപനം, സംസ്ഥാന, കേന്ദ്ര സർക്കാരുകൾ രൂപം നല്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പ്, നൂതന സാങ്കേതികരീതികൾ വികസിപ്പിച്ചെടുക്കൽ എന്നിവയോടൊപ്പം സർവകലാശാലകൾ, അന്താരാഷ്ട്ര സെമിനാർ കോംപ്ളക്സുകൾ എന്നിവ പോലുള്ള ബൃഹത് പദ്ധതികളുടെ നടത്തിപ്പിലും ആവിഷ്കാരത്തിലും സംസ്ഥാന നിർമിതികേന്ദ്രം പങ്കാളിയാകുന്നുണ്ട്. ഫലപ്രദമായരീതിയിൽ ചെലവുകുറഞ്ഞതും പരിസ്ഥിതിക്കിണങ്ങുന്നതുമായ സാങ്കേതികവിദ്യയുടെ (സേഫ് ടെക്നോളജിയുടെ) ഗവേഷണകേന്ദ്രം സംസ്ഥാന നിർമിതികേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ പ്രസ്തുത സ്ഥാപനം അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഗവേഷണ സ്ഥാപനമായ (ലാറിബേക്കർ ഇന്റർനാഷണൽ സ്കൂൾ ഒഫ് ഹാബിറ്റാറ്റ് സ്റഡീസ്) അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ക്രമേണ, ദേശീയതലത്തിൽ അറിയപ്പെട്ടതോടെ മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര സഹായത്തോടെ നിർമിതി കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=നിർമിതികേന്ദ്രം&oldid=3899734" എന്ന താളിൽനിന്ന് ശേഖരിച്ചത്