Jump to content

നജ്മുദ്ദീൻ അൽ തൂഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്നു നജ്മുദ്ദീൻ അൽ തൂഫി (അറബി: نجم الدين أبو الربيع سليمان بن عبد القوي الطوفي). ഹൻബലി മദ്‌ഹബിലെ ഒരു പണ്ഡിതനായിരുന്ന ഇദ്ദേഹം ഇബ്ൻ തൈമിയ്യയുടെ ശിഷ്യൻ കൂടിയായിരുന്നു. ഇസ്‌ലാമിക നിയമം, കർമ്മശാസ്ത്രം, ദൈവശാസ്ത്രം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ രചനകൾ, പക്ഷേ ഹൻബലി മദ്‌ഹബിലെ അനുയായികൾക്കിടയിൽ ജനകീയമായിരുന്നില്ല. മുഖ്തസർ അൽ റൗദ എന്ന അദ്ദേഹത്തിന്റെ രചന പതിനാറാം നൂറ്റാണ്ട് വരെയും വിശകലനവിധേയമായി വന്നു[1].

മസ്‌ലഹ എന്ന ഇസ്‌ലാമിക സംജ്ഞയെക്കുറിച്ച തൂഫിയുടെ പഠനങ്ങൾ ഇസ്‌ലാമികലോകത്ത് വലിയ സ്വാധീനം ചെലുത്തിയതായി കാണപ്പെടുന്നു[1].

ജീവിതരേഖ

[തിരുത്തുക]

ജന്മനാട്ടിൽ പ്രാഥമികവിദ്യാഭ്യാസം നേടിയ നജ്മുദ്ദീൻ 1282-ൽ ബാഗ്ദാദിലേക്ക് മാറി. അവിടെ നിന്ന് അറബി വ്യാകരണം, കർമ്മശാസ്ത്രം, ഹദീഥ്, യുക്തിചിന്ത എന്നിവയിൽ നൈപുണ്യം നേടി. ദമാസ്കസിലെ ഒരു വർഷത്തെ വാസത്തിനിടെ ഇബ്ൻ തൈമിയ്യ, അൽ മിസ്സി എന്നിവരിൽ നിന്ന് പാഠങ്ങൾ സ്വീകരിച്ചു. അതിന് ശേഷം 1305-ൽ കൈറോയിൽ ചേക്കേറിയ നജ്മുദ്ദീൻ തന്റെ പഠനങ്ങളും അധ്യാപനവും തുടർന്നുവന്നു. ശീഈ ചായ്‌വ് ആരോപിച്ച് 1311-ൽ കൈറോയിൽ തടവിലാക്കപ്പെടുകയും നഗരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുകയുണ്ടായി. തുടർന്ന് അപ്പർ ഈജിപ്റ്റിലെ ഖൂസ് നഗരത്തിൽ തന്റെ രചനകളും മറ്റുമായി കഴിച്ചുകൂട്ടി. 1315-ൽ ഹജ്ജ് ചെയ്യാനായി പുറപ്പെട്ട തൂഫി, ഒരു വർഷം മക്കയിൽ താമസിച്ചു. പിന്നീട് പലസ്തീനിലെ ഹെബ്രോണിലെത്തിയ അദ്ദേഹം 1316-ൽ അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Opwis, Felicitas Meta Maria (2010). Maṣlaḥah and the Purpose of the Law: Islamic Discourse on Legal Change from the 4th/10th to 8th/14th Century (in ഇംഗ്ലീഷ്). BRILL. ISBN 978-90-04-18416-9. Retrieved 11 May 2020.
"https://ml.wikipedia.org/w/index.php?title=നജ്മുദ്ദീൻ_അൽ_തൂഫി&oldid=3771642" എന്ന താളിൽനിന്ന് ശേഖരിച്ചത്