നക്ഷത്രകാറ്റലോഗ്
നക്ഷത്രങ്ങൾക്കും, മറ്റു ഖഗോള വസ്തുക്കൾക്കും, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പേരിട്ട വിവിധ പട്ടികകളെ എല്ലാം ചേർത്ത് നക്ഷത്രകാറ്റലോഗ് അല്ലെങ്കിൽ ജ്യോതിശാസ്ത്ര കാറ്റലോഗ് എന്നു പറയുന്നു. ജ്യോതിശാസ്ത്രത്തിൽ മിക്കവാറും എല്ലാ നക്ഷത്രങ്ങളും അതിന്റെ കാറ്റലോഗ് സംഖ്യ വഴിയാണ് അറിയപ്പെടുന്നത്. പുരാതന കാലം മുതൽ പലതരം ആവശ്യങ്ങൾക്ക് നിരവധി നക്ഷത്ര കാറ്റലോഗുകൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില കാറ്റലോഗുകളെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
പ്രാചീന നക്ഷത്ര കാറ്റലോഗുകൾ
[തിരുത്തുക]ചൈനീസ് ജ്യോതിശാസ്ത്രജ്ഞനായ ഗാൻ ദെ (Gan De) ആണ് ബി.സി നാലാം നൂറ്റാണ്ടിൽ ആദ്യത്തെ നക്ഷത്ര കാറ്റലോഗ് ഉണ്ടാക്കിയത്. [1]
അലക്സിയാന്ത്രക്കാരായ തിമോചാരിസും (Timocharis) അരിസ്റ്റലസും (Aristillus) ബി.സി നാലാം നൂറ്റാണ്ടിൽ പാശ്ചാത്യ ലോകത്തെ ആദ്യത്തെ നക്ഷത്രകാറ്റലോഗ് ഉണ്ടാക്കി. 150 വർഷത്തിനു ശേഷം ഹിപ്പാർക്കസ് സ്വന്തമായി വേറെ ഒരു നക്ഷത്ര കാറ്റലോഗ് ഉണ്ടാക്കി. ഈ കാറ്റലോഗ് അദ്ദേഹം തിമോചാരിസിന്റെയും അരിസ്റ്റലിന്റേയും കാറ്റലോഗുമായി താരതമ്യം ചെയ്യുകയും നക്ഷത്രങ്ങളുടെ longitude മാറിയിരിക്കുന്നതായും കണ്ടു. ഇതാണ് വിഷുവങ്ങളുടെ പുരസ്സരണത്തെ കുറിച്ച് ആദ്യമായി മനസ്സിലാക്കുന്നതിനു അദ്ദേഹത്തെ സഹായിച്ചത്.
അലക്സാന്ത്രിയയിൽ നിന്നു കാണാവുന്ന 1022 നക്ഷത്രങ്ങളെ പട്ടികയിലാക്കി ബി സി രണ്ടാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച ടോളമിയുടെ നക്ഷത്രകാറ്റലോഗും പ്രാധാന്യം അർഹിക്കുന്ന ഒരു നക്ഷത്ര കാറ്റലോഗ് ആണ്. ഇതായിരുന്നു പാശ്ചാത്യ ലോകത്തും അറേബ്യയിലും ഏതാണ്ട് ആയിരം കൊല്ലക്കാലം ഉപയോഗത്തിലിരുന്ന കാറ്റലോഗ്. ടോളമിയുടെ നക്ഷ്ത്ര കാറ്റലോഗ് ഹിപ്പാർക്കസിന്റെ നക്ഷത്ര കാറ്റലോഗിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. (Newton 1977; Rawlins 1982).
തനത് നാമം
[തിരുത്തുക]പ്രഭ കൂടിയ പല നക്ഷത്രങ്ങൾക്കും തനതായ നാമം നമ്മുടെ പൂർവികർ കൊടുത്തിരുന്നു. ഉദാഹരണത്തിന് തിരുവാതിര, ചിത്തിര, ചോതി മുതലായ നക്ഷത്രങ്ങൾ . എല്ലാ രാജ്യങ്ങളിലും അവിടുത്തെ ജനങ്ങൾ ഇതുപോലെ നക്ഷത്രങ്ങൾക്ക് അവരുടെ സംസ്ക്കാരത്തിനും ഭാഷയ്ക്കും അനുയോജ്യമായ പേരുകൾ കൊടുത്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം വരെ നക്ഷത്രങ്ങൾ ഇങ്ങനെ അതിന്റെ തനതുനാമത്തിലാണ് അറിയപ്പെട്ടത്. കൂടുതലും അറബി നാമങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
ഒരു നക്ഷത്രം തന്നെ പല സ്ഥലത്തും പല പേരുകളിൽ അറിയപ്പെടുന്നത് പലപ്പോഴും ചിന്താകുഴപ്പത്തിന് ഇടയാക്കി. ദൂരദർശിനിയുടെ കണ്ടെത്തലോടെ പുതിയ പുതിയ നക്ഷത്രങ്ങളെ കണ്ടെത്തികൊണ്ടിരുന്നു. മാത്രമല്ല മുൻപ് ഒറ്റ നക്ഷത്രമായി കരുതിയിരുന്ന പല നക്ഷത്രങ്ങളും നാലോ അഞ്ചോ നക്ഷത്രങ്ങൾ ചേർന്ന നക്ഷത്രക്കൂട്ടങ്ങൾ ആണെന്ന് ദൂരദർശിനിയുടെ വരവോടെ മനസ്സിലായി. അതോടെ ഒരോ നക്ഷത്രത്തിനും തനത് നാമം കൊടുക്കുന്നത് സാധ്യമല്ലാതായി. അതിനാൽ നക്ഷത്രനാമകരണത്തിന് ജ്യോതിശാസ്ത്രജ്ഞർക്ക് പുതിയ രീതികൾ കണ്ടെത്തേണ്ടി വന്നു. ഇപ്പോൾ പ്രഭ കൂടിയ കുറച്ച് നക്ഷത്രങ്ങൾക്ക് മാത്രമേ തനത് നാമം ഉപയോഗിക്കുന്നുള്ളൂ. ഉദാ: റീഗൽ , സിറിയസ്, വേഗ, പൊളാരിസ് മുതലയാവ.
ബെയറുടെ കാറ്റലോഗ്
[തിരുത്തുക]ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജൊഹാൻ ബെയറാണ് 1603-ൽ ഈ നാമകരണ സമ്പ്രദായം കണ്ടെത്തിയത്.
ഈ സമ്പ്രദായത്തിൽ ഓരോ നക്ഷത്രരാശിയിലേയും നക്ഷത്രങ്ങളെ അതിന്റെ പ്രഭ അനുസരിച്ച് ഗ്രീക്ക് ചെറിയ അക്ഷരങ്ങൾ ഇട്ട് വിളിക്കുന്നു. അതായത് നക്ഷത്രരാശിയിലെ ഏറ്റവും പ്രഭയുള്ള നക്ഷത്രത്തെ α, അതിനേക്കാൾ കുറഞ്ഞ പ്രകാശം ഉള്ളതിനെ β എന്നിങ്ങനെ. എന്നിട്ട് ഈ ഗ്രീക്ക് അക്ഷരത്തോടൊപ്പം ആ നക്ഷത്രരാശിയുടെ Latin genetive നാമം ചേർത്ത് ആ നക്ഷത്രത്തെ പേർ വിളിക്കുന്നു. ഉദാഹരണത്തിന് ന ഓറിയോൺ രാശിയുടെ കാര്യം എടുക്കാം. ഓറിയോണിന്റെ genetive നാമം ഓറിയോണിസ് എന്നാണ്. അപ്പോൾ ആ നക്ഷത്ര രാശിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രത്തെ α-orionis എന്നു വിളിക്കുന്നു. α-orionis നമ്മുടെ തിരുവാതിര (Betelgeuse) നക്ഷത്രമാണ്. അതേപോലെ രണ്ടാമത്തെ പ്രഭയേറിയ നക്ഷത്രത്തെ β-orionis എന്ന് വിളിക്കുന്നു.
ഫ്ലാംസ്റ്റീഡിന്റെ കാറ്റലോഗ്
[തിരുത്തുക]ഈ സമ്പ്രദായത്തിൽ ഫ്ലാംസ്റ്റീഡ്, ബെയറുടെ സമ്പ്രദായത്തിൽ ഉപയോഗിക്കുന്നതു പോലെ നക്ഷത്രങ്ങളുടെ പേരിനൊപ്പം നക്ഷത്രരാശിയുടെ Latin genetive നാമം തന്നെ ഉപയോഗിച്ചു. പക്ഷേ നക്ഷത്രരാശിയുടെ Latin genetive നാമത്തോടൊപ്പം ഗ്രീക്ക് അക്ഷരങ്ങളും മറ്റും ഉപയോഗിക്കുന്നതിനു പകരം അറബിക്ക് സംഖ്യകൾ ഉപയോഗിച്ചു. മാത്രമല്ല നക്ഷത്രങ്ങളെ വർഗ്ഗീകരിച്ചത് അതിന്റെ പ്രഭ അനുസരിച്ചായിരുന്നില്ല. മറിച്ച് ഏത് നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ആണോ നാമകരണം ചെയ്യേണ്ടത് ആ നക്ഷത്രരാശിയുടെ പടിഞ്ഞാറേ അറ്റത്ത് നിന്ന് നക്ഷത്രങ്ങളെ എണ്ണാനാരംഭിച്ചു. നക്ഷത്രരാശിയുടേ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള നക്ഷത്രത്തെ 1, അതിന്റെ കിഴക്കുഭാഗത്തുള്ള തൊട്ടടുത്ത നക്ഷത്രത്തെ 2 എന്നിങ്ങനെ അദ്ദേഹം എണ്ണി. ഉദാഹരണത്തിന് ഓറിയോൺ നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം പ്രകാരം പടിഞ്ഞറേ അറ്റത്തുനിന്ന് എണ്ണി 1-orionis, 2-orionis, 3-orionis എന്നിങ്ങനെ വിളിച്ചു.
ബി.ഡി കാറ്റലോഗ്
[തിരുത്തുക]ബെയറുടെ കാറ്റലോഗിനും ഫ്ലാംസ്റ്റീഡിന്റെ കാറ്റലോഗിനും ഉണ്ടായിരുന്ന പരിമിതികൾ മറികടന്ന് നക്ഷത്രങ്ങൾക്ക് ശാസ്ത്രീയമായി പേരിട്ട ഒരു കാറ്റലോഗ് ആണ് ബി.ഡി കാറ്റലോഗ് അല്ലെങ്കിൽ BD(Bonner Durchmusterung)catalog. ജർമ്മനിയിലെ ബോൺ ഒബ്‌സർവേറ്ററിയുടെ ഡയറക്ടറായ F.W.A Argelander 1859-ൽ ഒബ്‌സർവേറ്ററിയിലെ 3-inch ദൂരദർശിനി ഉപയോഗിച്ച് നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവയ്ക്ക് പേരിടാൻ തുടങ്ങി. ഈ കാറ്റലോഗ് ഉണ്ടാക്കാൻ Argelander ആദ്യം ചെയ്തത് നക്ഷത്രങ്ങളുടെ രാശികളായുള്ള വിഭജനം ഉപേക്ഷിക്കുക എന്നതായിരുന്നു. അദ്ദേഹം ഖഗോളത്തെ 1 ഡിഗ്രി വീതം ഉള്ള ചെറിയ ചെറിയ ഡെക്ലിനേഷൻ ഭാഗങ്ങളായി വിഭജിച്ചു. പിന്നീട് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒരോ നക്ഷത്രത്തെയും ഏണ്ണി. എണ്ണത്തിന്റെ തുടക്കം പൂർവവിഷുവത്തിൽ കൂടി കടന്നുപോകുന്ന റൈറ്റ് അസൻഷനിൽ നിന്നായിരുന്നു. 1855ലെ പൂർവവിഷുവത്തിന്റെ സ്ഥാനം (ഇതിന് 1855 epoch എന്നാണ് പറയുക) ആയിരുന്നു ഈ നക്ഷത്ര കാറ്റലോഗിന്റെ റൈറ്റ് അസൻഷന് മാനദണ്ഡം ആയി അദ്ദേഹം എടുത്തത്.
Full-sky catalogues
[തിരുത്തുക]HD/HDE SAO BD/CD/CPD AC USNO-B1.0
Specialized catalogues
[തിരുത്തുക]ADS BS, BSC, HR GJ, Gliese, Gl GCTP HIP Proper motion catalogues
നാസയുടെ Astronomical Data Center
[തിരുത്തുക]പുതിയ പല കാറ്റലോഗുകളുടേയും ഇലക്‌ട്രോണിക് പതിപ്പ് ഇപ്പോൾ ലഭ്യമാണ്. അത് നാസയുടെ Astronomical Data Center-ൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും സൗജന്യമായി പകർത്തിയെടുക്കാവുന്നതാണ്. (കൂടുതൽ വിവരത്തിനു താഴെയുള്ള ലിങ്കുകൾ കാണുക.)
അവലംബം
[തിരുത്തുക]പുറമേക്കുള്ള കണ്ണികൾ
[തിരുത്തുക]- NASA Astronomy Data Center Archived 2006-04-10 at the Wayback Machine.
- Centre de Données astronomiques de Strasbourg Archived 2007-06-23 at the Wayback Machine.
- Sloan Digital Sky Survey
- IAU FAQ on "Naming Stars" Archived 2006-06-15 at the Wayback Machine.
- Name a Star? The Truth about Buying Your Place in Heaven
- Astronomical Catalog Designations: Standardized List for Online Databases Archived 2007-04-22 at the Wayback Machine.
- Hartmut Frommert's list of star catalogues Archived 2006-04-23 at the Wayback Machine.
- Gaia astrometric satellite