Jump to content

ധൂർത്തപുത്രന്റെ ഉപമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ധൂർത്തപുത്രന്റെ തിരിച്ചുവരവ്" ചിത്രകാരൻ:പോമ്പെയോ ബാറ്റോണി(1773)

യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ഭാഗമായ അന്യാപദേശങ്ങളിലൊന്നാണ് ധൂർത്തപുത്രന്റെ ഉപമ അഥവാ മുടിയനായ പുത്രന്റെ ഉപമ (Parable of the Prodigal Son). പുതിയനിയമഭാഗമായ നാലു കാനോനിക സുവിശേഷങ്ങളിൽ, ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ് ഇതു രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.[1] മനസ്തപിക്കുന്ന പാപിക്കു നേരേയുള്ള ദൈവത്തിന്റെ നിസ്സീമമായ കൃപയാണ് ഇതിന്റെ വിഷയം.

സുവിശേഷത്തിലെ അതിന്റെ പാഠം അനുസരിച്ച്, വയോവൃദ്ധനായ ഒരു പിതാവ്, തന്റെ രണ്ടു മക്കളിൽ ഇളയവന് അവൻ ആവശ്യപ്പെട്ടതനുസരിച്ച് പിതൃസ്വത്തിലുള്ള പങ്ക് വീതിച്ചു കൊടുക്കുന്നു. കിട്ടിയ ധനവുമായി വിദൂരദിക്കിൽ പോയ അവൻ എല്ലാം ധൂർത്തടിച്ചു നശിപ്പിക്കുന്നു. തുടർന്ന് പന്നികളെ മേയ്ക്കുന്ന ജോലി ചെയ്യേണ്ടി വന്ന അയാൾ, അവയുടെ ആഹാരത്തിന്റെ പങ്കെങ്കിലും കഴിച്ച് വിശപ്പടക്കാൻ ആഗ്രഹിച്ചെങ്കിലും അതുപോലും അയാൾക്ക് കിട്ടിയില്ല. അപ്പോൾ 'സുബോധമുണ്ടായ' അയാൾ തന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വേലക്കാർ സുഭിക്ഷമായി ജീവിക്കുമ്പോൾ താൻ വിശന്നു മരിക്കുകയാണെന്ന തിരിച്ചറിവിൽ വീട്ടിലേക്കു മടങ്ങിപ്പോകുന്നു.

മകൻ ദൂരെ ആയിരിക്കുമ്പോഴേ അവന്റെ വരവു കണ്ട പിതാവ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു സ്വീകരിച്ചു. ആ തിരിച്ചുവരവിൽ ആഹ്ലാദചിത്തന്നായ അയാൾ, കൊഴുത്ത കാളക്കുട്ടിയെ ('fatted' calf) കൊന്ന് സദ്യയൊരുക്കി ആതാഘോഷിക്കുക കൂടി ചെയ്തു. ധൂർത്തപുത്രൻ മടങ്ങിവന്നപ്പോൾ വയലിൽ ജോലി ചെയ്യുകയായിരുന്ന അയാളുടെ സഹോദരൻ, വിവരമറിഞ്ഞപ്പോൾ ആഘോഷങ്ങളിൽ പങ്കുചേരാൻ വിസമ്മതിച്ചു. എന്നും വിശ്വസ്തതയോടെ താൻ സേവിച്ചിട്ടുള്ള പിതാവ്, സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ തനിക്ക് ഒരു ആട്ടിൻകുട്ടിയെപ്പോലും തന്നിട്ടില്ലെന്നിരിക്കെ, അസാന്മാർഗ്ഗികതയിൽ പൈതൃകാവകാശം നശിപ്പിച്ചു മടങ്ങിവന്ന അനുജനെ സദ്യയൊരുക്കി സ്വാഗതം ചെയ്തതിനെ അയാൾ വിമർശിച്ചു. പിതാവ് അയാളെ ഇങ്ങനെ പറഞ്ഞ് അനുനയിപ്പിച്ചു:

ദൈവകൃപയേയും ദൈവികരക്ഷയേയും സംബന്ധിച്ച് ലൂക്കായുടെ സുവിശേഷത്തിലുള്ള അന്യാപദേശചക്രത്തിന്റെ ഭാഗമായി കാണാത പോയ ആടിന്റേയും, നഷ്ടപ്പെട്ട നാണയത്തിന്റേയും ഉപമകൾക്കു ശേഷമാണ് ഇതുള്ളത്. പാശ്ചാത്യ ക്രിസ്തീയപാരമ്പര്യത്തിൽ വലിയ നോയമ്പിന്റെ മൂന്നാമത്തെ ഞായറാഴ്ച ഈ സുവിശേഷഭാഗം പ്രത്യേകം വായിക്കുന്നു. പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ വലിയ നോയമ്പ് തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപായി വരുന്ന ഞായറാഴ്ചയാണ് "ധൂർത്തപുത്രന്റെ ഞായറാഴ്ച"യായി ആചരിക്കുന്നത്.[2]

അവലംബം

[തിരുത്തുക]
  1. ബൈബിൾ, പി.ഒ.സി. ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 15, വാക്യങ്ങൾ 11-32.
  2. "Scripture Readings Throughout the Year". Retrieved 2008-11-09.
"https://ml.wikipedia.org/w/index.php?title=ധൂർത്തപുത്രന്റെ_ഉപമ&oldid=1879089" എന്ന താളിൽനിന്ന് ശേഖരിച്ചത്