ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രധാനമായും അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കു ലക്ഷ്യം മുൻനിർത്തി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പൗരത്വ റജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റർ (National Register of Citizens). ബംഗ്ലാദേശിൽനിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ എത്തുന്ന പശ്ചാത്തലത്തിൽ 1951ലാണ് ആദ്യമായി അസമിൽ പൗരത്വ റജിസ്റ്റർ തയ്യാറാക്കിയത്.

ദേശീയ പൗരത്വ രജിസ്റ്ററിൻെ ആദ്യ രൂപം ഉണ്ടാകുന്നത് 1951 ലാണ്, ആ വർഷത്തെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയത്. എന്നാൽ അന്നുതന്നെ അതിൽ തെറ്റുകുറ്റങ്ങൾ ഉള്ളതും അപൂർണ്ണവുമാണെന്ന് വളരെ ആക്ഷേപങ്ങൾ ഉണ്ടായിട്ടുള്ളതാണ്. [1][2] ,[3]

സുപ്രീംകോടതിയുടെ ഇടപെടൽ[തിരുത്തുക]

പൗരത്വത്തിനുള്ള തെളിവായി 1951 ലെ പൗരത്വ രജിസ്റ്റർ പരിഗണിക്കരുത് എന്ന് 1970-ൽ ഗുവഹാത്തി ഹൈക്കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ എൺപതുകളിൽ ആൾ അസം സ്റ്റുഡന്റ്ഡ് യൂണിയൻ അധ്യക്ഷനായ പ്രഫുല്ല മൊഹന്തയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചപ്പോൾ പൗരത്വ രജിസ്റ്റർ വീണ്ടും ശ്രദ്ധയിലേയ്ക്ക് വന്നു.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻ.ആർ.സി.) അവസാന കരടുപട്ടികയിൽ ഇടംപിടിക്കാത്തവർക്കെതിരേ നടപടിയെടുക്കില്ലെന്നും അവർക്കു വീണ്ടും അവസരം നൽകുമെന്ന് സുപ്രീംകോടതി 2018 ൽ പറഞ്ഞു. പ്രസിദ്ധീകരിച്ചത് കരടു മാത്രമാണെന്നു നിരീക്ഷിച്ച കോടതി, എൻ.ആർ.സി.യിൽ പേരുൾപ്പെടുത്തുന്നതു സംബന്ധിച്ച് സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോടു നിർദ്ദേശിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ 2018 ഓഗസ്റ്റ് 16-നകം സമർപ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ആർ.എഫ്. നരിമാൻ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്[4].

നാൾവഴി[തിരുത്തുക]

  • രാജ്യത്ത് എൻ.ആർ.സി.യുള്ള ഏക സംസ്ഥാനം അസമാണ്. ബംഗ്ലാദേശിൽനിന്നു കുടിയേറ്റക്കാർ വ്യാപകമായി പ്രവഹിക്കുന്നെന്നും അവർ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെത്തുടർന്നാണ് ഇത് ഏർപ്പെടുത്തിയത്.
  • 1971 മാർച്ച് 24-നുശേഷം തങ്ങൾ അസമിലാണു താമസിക്കുന്നതെന്നു തെളിയിക്കുന്ന എല്ലാ രേഖകളും സമർപ്പിക്കുന്നവർക്കേ എൻ.ആർ.സി.യിൽ ഇടംപിടിക്കാനാവൂ.
  • 1951-ലാണ് ആദ്യ എൻ.ആർ.സി. തയ്യാറാക്കിയത്. അന്ന് 80 ലക്ഷമായിരുന്നു ജനസംഖ്യ. 2005-ൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനും ചേർന്നുണ്ടാക്കിയ കരാർ പ്രകാരം 1951-ലെ എൻ.ആർ.സി.യിൽ മാറ്റംവരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985-ലെ അസം കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005-ലെ കരാർ.
  • അക്കാലയളവിൽ സംസ്ഥാനത്തുടനീളമുണ്ടായ സംഘർഷങ്ങൾ കാരണം എൻ.ആർ.സി. പുതുക്കൽ പൂർത്തിയാക്കാനായില്ല.
  • സന്നദ്ധസംഘടനയായ അസം പബ്ലിക് വർക്സ് (എ.പി.ഡബ്ല്യു.) നൽകിയ ഹർജിയെത്തുടർന്ന് എൻ.ആർ.സി. പുതുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
  • അതേത്തുടർന്ന് എൻ.ആർ.സി.യുടെ ആദ്യ കരട് കഴിഞ്ഞവർഷം ഡിസംബറിൽ പുറത്തിറക്കി.

ഡി വോട്ടർ[തിരുത്തുക]

അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങളും വോട്ടവകാശവും ഇല്ലാത്തവരെന്ന് ഔദ്യോഗികഭാഷയിൽ ഡി വോട്ടർ (സംശയാലുവായ വോട്ടർ) എന്നതിന് നിർവ്വചനം. ഇങ്ങനെയുള്ള ഡി വോട്ടർമാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവർ. ഇവരിൽ പലരും നേരത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാകാം. എന്നാൽ, നിലവിൽ മതിയായ രേഖകൾ സമർപ്പിക്കാനായില്ലെങ്കിൽ ഇവരെ ജയിലിലേക്കോ ഡിറ്റൻഷൻ കേന്ദ്രങ്ങളിലേക്കോ അയക്കും.

എങ്ങനെയാണ് ജനങ്ങൾക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാനാവുക?[തിരുത്തുക]

ഫോറിൻ ട്രൈബ്യൂണൽ എന്ന സംവിധാനം വഴിയാണ് പൗരത്വം തെളിയിക്കാനുള്ള അവസരം ജനങ്ങൾക്ക് ലഭിക്കുന്നത്. ഇത്തരം 100 ട്രൈബ്യൂണലുകളാണ് അസമിൽ ഉള്ളത്. ഇവർ ഗുവഹത്തി ഹൈക്കോടതിയുടെ ഡിവിഷണൽ ബഞ്ചിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയാണ് ചെയ്യുന്നത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നാഷണൽ രജിസ്ട്രാർ ഓഫ് സിറ്റിസൺസ് അന്തിമതീരുമാനമെടുക്കുന്നത്.

വിവാദങ്ങൾ[തിരുത്തുക]

തുടക്കം മുതൽ ഇതിന്റെ പ്രവർത്തനങ്ങൾ വലിയ തരത്തിലുള്ള വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു. അർഹരായ പലരുടെയും പേരുകൾ ഇതിൽ ഉൾപ്പെടുത്താത്തതാണ് വിമർശനങ്ങൾക്ക് കാരണമായത്. കരടുപട്ടികയിൽ ഇടംപിടിക്കാനാവാതെ പോയവരിൽ പ്രമുഖരുമുണ്ട്. മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കുടുംബാംഗങ്ങളും പട്ടികയിലില്ല. അദ്ദേഹത്തിന്റെ സഹോദരൻ എക്രമുദ്ദീൻ അലി അഹമ്മദ്, അദ്ദേഹത്തിന്റെ മകൻ സിയാവുദ്ദീൻ അലി അഹമ്മദ് തുടങ്ങിയവരാണ് പട്ടികയിലില്ലാത്തത്. ബി.ജെ.പി. എം.എൽ.എ. രമാകാന്ത് ദിയോറി, എ.ഐ.യു.ഡി.എഫ്. എം.എൽ.എ. അനന്ത കുമാർ, ഉൾഫ നേതാവ് പരേഷ് ബറുവയുടെ ഭാര്യ ബോബി ഭുയാൻ അടക്കമുള്ള കുടുംബാംഗങ്ങൾ, വിമുക്തഭടൻ മുഹമ്മദ് അസ്മൽ ഹഖ് തുടങ്ങിയവരും പട്ടികയ്ക്കു പുറത്താണ്.

ആശങ്കകൾ[തിരുത്തുക]

വംശീയത അളവുകോലാക്കി ദേശീയത അളന്ന എല്ലാ നാടുകളിലും നാട്ടുകാരിൽ ഒരു വിഭാഗം വിദേശികളായി മാറിനിൽക്കാൻ നിർബന്ധിതരായിട്ടുണ്ട്. മ്യാന്മർ റോഹിങ്ക്യകളോട് ചെയ്തുക്കൂട്ടുന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണം. റോഹിങ്ക്യകൾ മ്യാന്മറിൽ വേട്ടയാടപ്പെട്ടതിനു സമാനമായ അവസ്ഥയാണ് ഇപ്പോൾ അസമിലേതും.

ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് മ്യാന്മറിലേക്ക് കുടിയേറിയവർ എന്നാണ് റൊഹിങ്ക്യ വംശജരെ മ്യാന്മർ ഭരണകൂടം അടയാളപ്പെടുത്തിയത്. 1948 ൽ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായതോടെയായിരുന്നു പുതിയ ഭരണകൂടം റൊഹിങ്ക്യകളെ വിദേശികളായി മുദ്രകുത്തിയത്. അന്ന് തുടങ്ങിയ വേട്ടയാടൽ പൂർണമായത് 2015 ലാണ്. വോട്ടവകാശം പൂർണമായും എടുത്തമാറ്റപ്പെട്ട റൊഹിങ്ക്യകൾ അഭയാർഥികൾ മാത്രമായി. വംശീയ ആക്രമണത്തിന്റെ അതിദാരുണ ഇരകളെന്നാണ് റൊഹിങ്ക്യകളെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. അസമും ഒരുതരത്തിൽ ചെയ്യുന്നത് മ്യാന്മർ റൊഹിങ്ക്യകളോട് ചെയ്തത് തന്നെയാണ്. വംശീയ വെറിയെ ദേശീയതയുമായി കൂട്ടിക്കെട്ടിയുള്ള ഒരുതരം ഗിമ്മിക്കാണത്. അസമിന്റെ ചരിത്രം പരിശോധിച്ചാൽ ബോധ്യമാവുന്നതും വംശീയവിദ്വേഷത്തിൽ കെട്ടിപ്പടുത്ത, ദേശീയതയുമായി ബന്ധപ്പെട്ട സ്വയം നിർണായവകാശസമരങ്ങൾ അരങ്ങേറിയ ഭൂമികയാണത് എന്നു തന്നെയാണ്. 1983 ലെ നെല്ലി കൂട്ടക്കൊലയിൽ പൊലിഞ്ഞത് 3000 ജീവനുകളെന്നാണ് അനൗദ്യോഗിക കണക്ക്. 1800 എന്ന് ഔദ്യോഗികരേഖകൾ പറയുന്നു. എന്തായാലും ഫെബ്രുവരിയിലെ ആ കറുത്ത വെള്ളിയാഴ്ച്ച ആംലിഗട്ടിനും ധരംപൂലിനുമിടയിലെ കൊലോങ് നദിക്കരയിലെ താമസക്കാരെ തേടി അക്രമികളെത്തിയത് വംശീയതയുടെ വെറിപൂണ്ടു തന്നെയായിരുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങളായിരുന്നു അന്ന് ഇരകളായത്. കടന്നുവന്നവരെ തുരത്താൻ വേണ്ടി നടന്ന ആക്രമണമായിരുന്നു അതെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച തിവാരി കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സർക്കാർ ആ റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരം സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസാണ് പിന്നീടത് വെളിച്ചത്തുകൊണ്ടുവന്നത്. അസമിലെ ദേശീയ വിമോചന പോരാട്ടങ്ങൾ അതിനു മുമ്പും പിന്നീടുമെല്ലാം മുസ്ലീം വംശജരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് രേഖകൾ വെളിപ്പെടുത്തുന്നുമുണ്ട്.

1971ന് ശേഷം അസമിൽ എത്തിയ കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരിൽ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിലുള്ളതും വംശീയ വിദ്വേഷമല്ലാതെ മറ്റൊന്നുമല്ലെന്ന് വിവിധ സഘടനകളും മനുഷ്യാവകാശപ്രവർത്തകരും ആരോപിക്കുന്നു. കുടിയേറ്റക്കാരല്ല അവരുടെ സ്വത്വമാണ് വേട്ടയാടപ്പെടുന്നതെന്നതിന് തെളിവായി ഇവർ ചൂണ്ടിക്കാണിക്കുന്നത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വനിയമത്തിലെ ഭേദഗതിയാണ്.

പൗരത്വം തെളിയിച്ചില്ലെങ്കിൽ അനധികൃത കുടിയേറ്റക്കാരെന്നു കണക്കാക്കി മടക്കി അയക്കുകയോ അറസ്റ്റു ചെയ്യപ്പെടുകയോ ചെയ്യുമെന്ന ആശങ്കയിലാണ് അസമിലെ ജനങ്ങൾ.

ഇതും കാണുക[തിരുത്തുക]

ദേശീയ ജനസംഖ്യാ രജിസ്റ്റർ (N.P.R)

അവലംബം[തിരുത്തുക]

  1. "National Register of Citizens in Assam: Issue of illegal foreigners continues to be a major political one".
  2. "Assam: Overhaul of National Register of Citizens sparks controversy". after
  3. "National Register of Citizens in Assam: Issue of illegal foreigners continues to be a major political one - The Economic Times". Economictimes.indiatimes.com. 2015-06-14. ശേഖരിച്ചത് 2015-09-05.
  4. Karmakar, Rahul (2018-07-21). "Who is Prateek Hajela, who's making the headlines in Assam?". The Hindu (ഭാഷ: ഇംഗ്ലീഷ്). ISSN 0971-751X. ശേഖരിച്ചത് 2019-07-09.