ദി ഗോൾഡൻ ലയൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജാവ് തന്റെ മകളുടെ അടുത്തേക്ക് സ്വർണ്ണ സിംഹത്തെ കൊണ്ടുവരുന്നതായ, ഹെൻറി ജസ്റ്റിസ് ഫോർഡിന്റെ ചിത്രീകരണം.

ദി ഗോൾഡൻ ലയൺ (ജർമ്മൻ: Vom goldenen Löwen) ലോറ ഗോൺസെൻബാക്ക് സിസിലിയാനിഷെ മാർച്ചൻ എന്ന ശേഖരത്തിലുൾപ്പെടുത്തിയ ഒരു ഇറ്റാലിയൻ യക്ഷിക്കഥയാണ്.[1] സ്കോട്ടിഷ് സാഹിത്യകാരനായിരുന്ന ആൻഡ്രൂ ലാങ് ഇത് ദി പിങ്ക് ഫെയറി ബുക്കിൽ ഉൾപ്പെടുത്തി.[2]

കഥാസംഗ്രഹം[തിരുത്തുക]

ഒരു ധനികനായ വ്യാപാരിയ്ക്ക് മൂന്ന് ആൺമക്കളുണ്ടായിരുന്നു. അവർ വളർന്നപ്പോൾ മൂത്തയാൾ പിതാവിനോടെ ലോകയാത്ര ചെയ്യണമെന്നു പറഞ്ഞു. പിതാവ് മനോഹരമായ ഒരു കപ്പൽ സംഘടിപ്പിക്കുകയും യുവാവ് അതിൽ യാത്ര തിരിക്കുകയും ചെയ്തു. ഏതാനും ആഴ്‌ചകൾക്കുശേഷം കപ്പൽ ഒരു വലിയ പട്ടണത്തിനുമുമ്പിൽ നങ്കൂരമിട്ടതോടെ, വ്യാപാരിയുടെ മകൻ കരയിലേക്കു പോയി. പ്രദേശത്തെ രാജാവിൻരെ മകളെ ഒളിസ്ഥലത്തുനിന്ന് എട്ടു ദിവസത്തിനുള്ളിൽ കണ്ടുപിടിക്കുന്നയാൾക്ക് മകളെ വിവാഹം ചെയ്തു കൊടുക്കുന്നതാണെന്നും ശ്രമിച്ചു പരാജയപ്പെടുന്നവരുടെ കഴുത്തിനുമുകളില് തല കാണുകയില്ല എന്നുമെഴുതിയ ഒരു അറിയിപ്പാണ് ആദ്യമായി അയാളുടെ കണ്ണിൽപ്പെട്ടത്. ഇത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കുകയില്ല എന്നു ചിന്തിച്ച അയാൾ രാജാവിനോട് രാജകുമാരിയെ അന്വേഷിക്കാൻ താൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. പരാജയപ്പെട്ടാൽ തല വെട്ടുന്നതായിരിക്കും എന്ന് രാജാവ് മറുപടി പറഞ്ഞു.

വാതിലുകൾ തുറന്നിടാനും ഭക്ഷണപാനീയങ്ങൾ യുവാവിന്റെ മുമ്പാകെ വയ്ക്കാനും രാജാവ് ആജ്ഞാപിച്ചു. അയാൾ ഭക്ഷണം കഴിച്ചശേഷം രാജകുമാരിയെ അന്വേഷിക്കാൻ തുടങ്ങി. എന്നാൽ കൊട്ടാരത്തിൻറെ ഓരോ മുക്കും മൂലയും തിരഞ്ഞെങ്കിലും അവിടെയൊന്നും രാജകുമാരി ഉണ്ടായിരുന്നില്ല എന്നതിനാൽ, എട്ട് ദിവസത്തിന് ശേഷം അയാൾ ശ്രമം ഉപേക്ഷിച്ചതോടെ, അയാളുടെ തല വെട്ടിമാറ്റപ്പെട്ടു.

പിതാവിനും സഹോദരന്മാർക്കും അവനെക്കുറിച്ച് ഒരു വാർത്തയും ഇല്ലായിരുന്നതിനാൽ മറ്റൊരു കപ്പൽ സജ്ജീകരിക്കപ്പെടുകയും രണ്ടാമത്തെ പുത്രൻ കപ്പൽ കയറി, സഹോദരൻ ഇറങ്ങിയ അതേ തുറമുഖത്തേക്ക് കപ്പലിറങ്ങി. നങ്കൂരമിട്ടിരിക്കുന്ന ആദ്യത്തെ കപ്പൽ അവൻ കണ്ടെത്തി. പിന്നീട് രാജവിളംബരം കണ്ടെത്തിയ രണ്ടാമത്തെ സഹോദരനും രാജകുമാരിയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു.

ഇളയ മകൻ, കപ്പൽയാത്ര നടത്തി സഹോദരന്മാർ എത്തിയ അതേ സ്ഥലത്ത് എത്തുകയും മുമ്പ് എത്തിയവരുടെ വിധിയെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. തന്നിൽ നിന്ന് ഭിക്ഷ യാചിച്ച ഒരു വൃദ്ധയെ അവൻ ആട്ടിപ്പായിച്ചു. അയാൽ എന്തെങ്കിലും കുഴപ്പത്തിൽപ്പെട്ടിരിക്കുകയാണോ എന്ന് അവർ ചോദിച്ചതോടെ ഇളയ മകൻ താൻ അവിടെ എത്താനുണ്ടായ സാഹചര്യവും വിളംബര പ്രകാരം രാജകുമാരിയെ കണ്ടെത്തിുന്നതിനുള്ള തൻറെ പരിപാടികളെക്കുറിച്ചും അവരോടെ വിശദീകരിച്ചു. കയ്യിലുള്ള പണംകൊണ്ട് ഒരു സ്വർണ്ണ സിംഹത്തിന്റെ പ്രതിമ നിർമ്മിക്കുവാനും അതിനുള്ളിൽ ഒളിച്ചിരിക്കാൻ കഴിയുന്ന തരത്തിൽ ഇടം ഉണ്ടാക്കുവാനും അതുപോലെതന്നെ സംഗീതം വായിക്കാൻ കഴിയുന്ന എന്തങ്കിലും ഉപകരം ഉള്ളിൽ വയ്ക്കുവാനും വൃദ്ധ അവനോട് പറഞ്ഞു. പ്രതിമയുടെ പണി പൂർത്തിയാക്കിയ ശേഷം അയാൾ അതിനുള്ളിൽ ഒളിച്ചു. വൃദ്ധ, സിംഹ പ്രതിമയെ രാജാവിനെ കാണിച്ചു. രാജാവ് അത് വാങ്ങുവാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തൻറെ യജമാനൻ അത് വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും ഒറ്റരാത്രിയിലേയ്ക്ക് അത് കടം കൊടുക്കാൻ മാത്രമേ കഴിയൂ എന്ന് അവർ രാജാവിനോട് പറഞ്ഞു.

രാജാവ് സ്വർണ്ണ സിംഹത്തെ കൊട്ടാരത്തിലെ തൻറെ മുറിയിലേക്ക് കൊണ്ടുപോകുകയും തറയിൽ രഹസ്യമായി ഉറപ്പിച്ചിരുന്ന ഏതാനും പലകകൾ ഉയർത്തുകയും ചെയ്തു. തറയ്ക്ക് താഴെ ഒരു ഗോവണിയിലൂടെ ഇറങ്ങിയ അദ്ദേഹം ഒരു വാതിലിനു മുന്നിലെത്തി. അദ്ദേഹം അത് തുറന്ന് അടച്ച ഇടുങ്ങിയ വഴിയിലൂടെ മറ്റൊരു വാതിലിനുമുന്നിൽ എത്തി അതും തുറന്നു. സ്വർണ്ണ സിംഹത്തിൽ മറഞ്ഞിരിക്കുന്ന യുവാവ്, എല്ലാം എണ്ണിത്തിട്ടപ്പെടുത്തി ആകെ ഏഴ് വാതിലുകൾ ഉണ്ടെന്ന് മനസിലാക്കി. അവയെല്ലാം തുറന്ന ശേഷം രാജാവ് മനോഹരമായ ഒരു ഹാളിൽ പ്രവേശിച്ചതോടെ അവിടെ രാജകുമാരി പതിനൊന്ന് പരിചാരികമാരുമായി രസിച്ചിരിക്കുന്നത് കണ്ടു. പന്ത്രണ്ട് യുവതികളും ഒരേ വസ്ത്രം ധരിച്ചവരും, ഒരുപോലെയുള്ളവരും ആയിരുന്നു. അവിടേയ്ക്കുള്ള വഴി വീണ്ടും കണ്ടെത്താൻ കഴിഞ്ഞാലും ഏതാണ് രാജകുമാരിയെന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയുമെന്ന് യുവാവിന് എത്തുംപിടിയും കിട്ടിയില്ല.

രാജകുമാരി സന്തോഷത്തോടെ സ്വർണ്ണസിംഹത്തെ രാത്രിയിൽ കളിപ്പാട്ടമെന്ന നിലയിൽ സൂക്ഷിക്കാനുറച്ചു. രാജാവ് സിംഹത്തെ കന്യകമാർക്ക് ഏൽപ്പിച്ചുപോകുകയും തോഴിമാർ കുറച്ചു സമയം പ്രതിമയുമായി ചിലവഴിച്ചശേഷം ഉറങ്ങാൻ പോയി. എന്നാൽ രാജകുമാരി സിംഹത്തെ സ്വന്തം മുറിയിൽ കൊണ്ടുപോയി സൂക്ഷിച്ചു. തൊട്ടടുത്ത് നിന്ന് ഒരു ശബ്ദം കേട്ടപ്പോൾ അവൾ മയങ്ങാൻ തുടങ്ങിയതേയുണ്ടായിരുന്നുള്ളു. ‘അല്ലയോ സുന്ദരിയായ രാജകുമാരി, നിന്നെ കണ്ടെത്താൻ ഞാൻ എന്തെല്ലാം സഹിച്ചുവെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ!’ രാജകുമാരി ഉറക്കെ നിലവിളിച്ചുകൊണ്ട് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റ് ‘സിംഹം! സിംഹം!’ എന്നു നിലവിളിച്ചുവെങ്കിലും തോഴിമാർ അതൊരു പേടിസ്വപ്‌നമാണെന്ന് കരുതി, എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല.

‘ഓ സുന്ദരിയായ രാജകുമാരി!’ ശബ്ദം തുടർന്നു, ‘ഭയപ്പെടേണ്ടതില്ല! ഞാൻ ഒരു ധനികനായ വ്യാപാരിയുടെ മകനാണ്, എല്ലാറ്റിനുമുപരിയായി നിന്നെ എന്റെ ഭാര്യയായി ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിൻറെ അടുക്കൽ എത്താൻ വേണ്ടി ഞാൻ ഈ സ്വർണ്ണ സിംഹത്തിൽ ഒളിപ്പിച്ചിരിക്കുകയാണ്. തോഴിമാരുടെ ഇടയിൽ നിന്ന് എന്നെ തിരഞ്ഞെടുക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് തല നഷ്ടപ്പെടുമെന്ന പറഞ്ഞ രാജകുമാരിയോട് തന്നെ സഹായിക്കാൻ അയാൾ ആവശ്യപ്പെടുന്നു. എട്ടാം ദിവസം അരയിൽ കെട്ടിയിരിക്കുന്ന ഒരു വെള്ളത്തുണിക്കഷണത്തിൽനിന്ന് നിങ്ങൾക്ക് എന്നെ തിരിച്ചറിയാൻ സാധിക്കുമെന്ന് രാജകുമാരി പറയുന്നു.

അടുത്ത ദിവസം രാവിലെ രാജാവ് സിംഹപ്രതിമയെ കൊണ്ടുവരാൻ വളരെ നേരത്തെ വന്നു, കാരണം വൃദ്ധ ഇതിനകം കൊട്ടാരത്തിലെത്തി സിംഹത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവർ കാഴ്‌ചയിൽ നിന്ന് സുരക്ഷിതരായപ്പോൾ വൃദ്ധ യുവാവിനെ സിംഹത്തിനുള്ളിൽനിന്ന് പുറത്താക്കി. അയാൾ രാജാവിന്റെ അടുത്തേക്ക് മടങ്ങിപ്പോയി, രാജകുമാരിയെ കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അങ്ങനെ യുവാവ് കോട്ടയുടെ ഉള്ളിൽ നിശബ്ദനായി, ഭക്ഷണം കഴിക്കുകയും ചുറ്റുമുള്ള മനോഹരമായ എല്ലാ വസ്തുക്കളും നോക്കിക്കാണുകയും ചെയ്തു, ഇടയ്ക്കിടെ എല്ലാ അറകളിലും മൂലകളിലും തിരക്കിട്ട് തിരയുന്നതായി നടിക്കുകയും ചെയ്തു. എട്ടാം ദിവസം അവൻ രാജാവ് ഇരിക്കുന്ന മുറിയിൽ പ്രവേശിച്ച് തറയുടെ മൂടി ഉയർത്താൻ ആവശ്യപ്പെട്ടു. കൊട്ടാരത്തിലുള്ളവരെല്ലാം രാജാവിനെ നിരീക്ഷിച്ചുകൊണ്ടിരുന്നതിനാൽ കൂടുതൽ എതിർപ്പുകളൊന്നും പ്രകടിപ്പിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല, യുവാവ് ആഗ്രഹിച്ചതുപോലെ തറയുടെ മൂടി ഉയർത്താൻ അദ്ദേഹം ഉത്തരവിട്ടു. യുവാവ് ഗോവണിപ്പടിയിൽ നിന്ന് നേരെ ഇറങ്ങി വാതിലിനുമുന്നിലെത്തിയതോടെ വാതിലിന്റെ പൂട്ട് തുറക്കാൻ അദ്ദേഹം നിർബന്ധിതനായി. ഏഴു വാതിലുകളും തുറന്നതോടെ. അവർ പന്ത്രണ്ട് കന്യകമാരും ഒരു നിരയായി നിൽക്കുന്ന ഹാളിലേക്ക് പ്രവേശിച്ചു. അവരിൽ ഒരാൾ നിശബ്ദമായി അവളുടെ കീശയിൽനിന്ന് ഒരു വെള്ള റിബൺ എടുത്ത് അരയിൽ ചുറ്റിയതോടെ, യുവാവ് അവളുടെ അടുത്തേക്ക് ചെന്ന്, 'ഇതാണ് രാജകുമാരി, ഞാൻ അവളെ എന്റെ ഭാര്യയായി അവകാശപ്പെടുന്നു' എന്ന് രാജാവിനോട് പറഞ്ഞു. അതോടെ കല്യാണവിരുന്ന് നടത്താൻ രാജാവ് നിർബന്ധിതനായി.

എട്ട് ദിവസത്തിന് ശേഷം, വധൂവരന്മാർ രാജാവിനോട് വിടപറഞ്ഞു, സ്ത്രീധനമായി നിധികളങ്ങിയ ഒരു കപ്പലുമായി യുവാവിൻറെ സ്വന്തം രാജ്യത്തേക്ക് കപ്പൽ കയറി. എന്നാൽ അവരുടെ എല്ലാ സന്തോഷവും നൽകിയ വൃദ്ധയെ അവർ മറന്നില്ല, ജീവിതാവസാനം വരെ അവർക്ക് സുഖകരമായി ജീവിക്കാൻ ആവശ്യമായ പണം അവർ വൃദ്ധയ്ക്ക് നൽകി.

അവലംബം[തിരുത്തുക]

  1. Gonzenbach, Laura. Sicilianische Märchen. Leipzig: Engelmann. 1870. pp. 72-76.
  2. Andrew Lang, The Pink Fairy Book, "The Golden Lion"
"https://ml.wikipedia.org/w/index.php?title=ദി_ഗോൾഡൻ_ലയൺ&oldid=3930158" എന്ന താളിൽനിന്ന് ശേഖരിച്ചത്