Jump to content

തോലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ്‌ തോലൻ . തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാൻ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂർ എന്ന സ്ഥലത്ത് 'കൊണ്ടൊഴിഞ്ഞാറ്' എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ്‌ അദ്ദേഹം ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠൻ എന്നായിരുന്നു പേര്‌. തോലൻ എന്ന പേര്‌ നാട്ടുകാർ നൽകിയതാണ്‌. കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ആളായ ഭാസ്കരരവിവർമയുടെ സദസ്യനായിരുന്നു തോലൻ എന്ന് കരുതപ്പെടുന്നു.

സംഭാവനകൾ[തിരുത്തുക]

കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകൾ , വേഷം , കൈമുദ്രകൾ , അഭിനയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ചിട്ടപ്പെടുത്തി 'ആട്ടപ്രകാരം' , 'ക്രമദീപിക' എന്നീ രണ്ട് ഗ്രന്ഥങ്ങൾ തോലൻ രചിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കിയ രീതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല.[1]'മഹോദയപുരേശചരിതം' എന്നൊരു മഹാകാവ്യവും തോലൻ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

തോലൻ ധാരാളം തമാശ കവിതകൾ എഴുതിയിട്ടുണ്ട്. പരമ ശിവനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഒരു കവിതാ ശകലം തോലനെ ഏറെ പ്രശസ്തനാക്കി. ആ കവിത ഇങ്ങനെയാണ്:

 • ദന്തി എന്നാൽ ആന. ദന്തം ഉള്ളതുകൊണ്ടാണല്ലോ ദന്തി എന്ന പേര് വന്നത്. അതിനാൽ പല്ലി എന്നാലും ആന തന്നെ.
 • പന്ത്രണ്ടര എന്നാൽ പന്ത്രണ്ട് അരകൾ ചേർന്നത്. അതായത് ആറ്. ഇവിടെ ആറ് എന്നാൽ ഗംഗയാർ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
 • കോണ് എന്ന വാക്കിന് മുക്ക് എന്നൊരു അർഥം കൽപ്പിക്കാം. ചേട്ടനെ അണ്ണൻ എന്നും പറയാം. അപ്പോൾ കോണച്ചേട്ടൻ എന്നു പറഞ്ഞാൽ മുക്ക് + അണ്ണൻ = മുക്കണ്ണൻ. ഇത് ശിവന്റെ ഒരു പര്യായമാണ്.
 • അർദ്ധം എന്നാൽ പകുതി. അർദ്ധാർദ്ധം എന്നാൽ പകുതിയുടെ പകുതി. അതായത് കാൽ . ഇവിടെ കാൽപാദം എന്നു അർദ്ധം കല്പിക്കാം. ‍
എല്ലാം ചേർത്തു വായിക്കുകയാണെങ്കിൽ ആനയുടെ തോൽ ഉടുത്തവനും ഗംഗയോടു പ്രിയമുള്ളവനും മുക്കണ്ണൻ എന്നു പേരോട് കൂടിയവനും ആയവന്റെ കാൽ പാദത്തെ ഞാൻ വന്ദിക്കുന്നു എന്ന് അർത്ഥം വരും.

വീട്ടുവേലക്കാരിയായ ചക്കിയെ പ്രകീർത്തിച്ച് തോലൻ എഴുതിയ മണിപ്രവാളശ്ലോകം

അർത്ഥം:- അന്നോത്ത - അന്നം (അരയന്നം) പോലെയുള്ള, പോക്കീ - പൊക്ക് (നടപ്പ്) ഉള്ളവൾ (നയനാനന്ദകരമായ നടപ്പ് ഉള്ളവൾ); കുയിലൊത്ത - കുയിലിനെപ്പോലെ, പാട്ടീ - പാട്ടു പാടുന്നവൾ (ഹൃദ്യമായി പാടുന്നവൾ); തേനൊത്ത - തേൻ പോലെ മധുരമായി, വാക്കീ - വാക്ക് ഉള്ളവൾ (മധുരം കിനിയും വാക്ക് മോഴിയുന്നവൾ); തിലപുഷ്പ - എള്ളിൻ പൂപോലെ മനോഹരമായ, മൂക്കീ (മൂക്കോടു കൂടിയവൾ); ദരിദ്രയില്ലത്തെ - ദാരിദ്ര്യമുള്ള ഇല്ലത്തെ, യവാഗു - കഞ്ഞി, പോലെ, (വറ്റ് - ചോറു, കുറഞ്ഞ്) നീണ്ടിട്ടിരിക്കും - നീണ്ട , നയന ദ്വയത്തി - രണ്ടു കണ്ണുകളോടു കൂടിയവൾ (നീണ്ടു മനോഹരങ്ങളായ കണ്ണുകളോടു കൂടിയവൾ എന്നു സാരം).

ഇതിന്റെ മൊത്തത്തിലുള്ള അർത്ഥം ഏതാണ്ട് ഈവിധമാണ് - അരയന്നത്തെ പോലെ നയനാനന്ദകരമായ നടപ്പോടു കൂടിയവളെ, കുയിലിനെപ്പോലെ ഹൃദ്യമായി പാടുന്നവളെ, തേൻ പോലെ മധുരമായി സംസാരിക്കുന്നവളെ, എള്ളിൻ പൂപോലെ മനോഹരമായ മൂക്കോടു കൂടിയവളെ, നീണ്ടു മനോഹരങ്ങളായ കണ്ണുകളോടു കൂടിയവളെ.

കഥകൾ[തിരുത്തുക]

തോലനെ കേന്ദ്രീകരിച്ച് പല കഥകളും വാമൊഴികളായി കേരളത്തിൽ പ്രചാരം നേടിയിട്ടുണ്ട്. ഹാസ്യവും ആക്ഷേപവും കൊണ്ട് രസകരങ്ങളായ ഇത്തരം കഥകൾ പലപ്പോഴും തെറ്റായ സാമൂഹികവ്യവസ്ഥിതികൾക്കെതിരെയുള്ള നിശിതമായ വിമർശനമായിരുന്നു. അത്തരം കഥകളിൽ ചിലത് ചുവടെ.

 1. തോലനെ കേന്ദ്രീകരിച്ചുള്ള കഥകളിൽ ഏറ്റവും പ്രസിദ്ധമായ കഥയാണിത്. തോലൻ ചെറിയകുട്ടിയായിരിക്കെ നടന്നു എന്നു പറയപ്പെടുന്ന ഈ കഥക്കാധാരം, ഭക്ഷണസമയത്തെ സംസാരം സംസ്കൃതഭാഷയിലായിരിക്കണം എന്ന നിയമമായിരുന്നു. ഒരിക്കൽ തോലൻ ഭക്ഷണം കഴിച്ചുകോണ്ടിരിക്കെ ചക്കി എന്നു പേരായ സ്ത്രീ പത്തായത്തിൽ നിന്ന് നെല്ല് മോഷ്ടിക്കാൻ തുനിയുകയും ഇത് മനസ്സിലാക്കിയ തോലൻ "പനസി ദശായാം പാശി" എന്നു പറഞ്ഞത്രേ.. (പനസം = ചക്ക ; പനസി = ചക്കി , ദശം = പത്ത് ; ദശായാം=പത്തായത്തിൽ , പാശം= കയർ; പാശി=കയറി) , ചെറുപ്പത്തിൽ തന്നെ തോലനിലുണ്ടായിരുന്ന നർമചിന്തക്ക് ഉദാഹരണമായി ഈ കഥ പറയപ്പെടുന്നു.

 2. കേരളത്തിൽ കുറ്റം തെളിയിക്കാൻ വിചിത്രമായ പല മാർഗങ്ങളും മുൻപു സ്വീകരിച്ചിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിക്കുക , മുതലയുള്ള കടവിൽ നീന്തിക്കുക , വിഷപ്പാമ്പിനെ അടച്ചിട്ടുള്ള കുടത്തിൽ കൈയിടുവിക്കുക തുടങ്ങിയവ ഇവയിൽ ചിലതാണ്‌.കുറ്റക്കാരനല്ലെങ്കിൽ തിളച്ച എണ്ണയിൽ കൈ പൊള്ളുകയില്ല,മുതല പിടിക്കുകയില്ല,പാമ്പ് കടിക്കുകയില്ല എന്നൊക്കെയായിരുന്നു വിശ്വാസം. ഒരിക്കൽ രാജാവിന്റെ മോതിരം കാണാതായി, കുളക്കടവിൽ മറന്നുവെച്ച മോതിരം തോലൻ എടുത്ത് രാജാവിന്റെ വാളുറയിൽ ഇട്ടിരുന്നു. തോലൻ മോതിരം കട്ടു എന്ന ഒരു വാദത്തിനെതിരെ തിളച്ച എണ്ണയിൽ കൈ മുക്കി നിരപരാധിത്വം തെളിയിക്കുവാൻ രാജാവ് പറഞ്ഞുവത്രേ. ഇതിനു സമ്മതിച്ച തോലൻ നിറഞ്ഞ സദസിൽ തിളച്ച എണ്ണയുടെ പാത്രം പച്ചയില കൊണ്ട് വക്ക് മൂടിയ ശേഷം എടുത്ത്കൊണ്ടുവന്ന വൈദികനെ ചൂണ്ടിക്കാണിച്ച് "ഇയാളാണ്‌ മോതിരം മോഷ്ടിച്ചത് , കണ്ടില്ലേ കൈ പൊള്ളാതിരിക്കാനായി ഇലകൂട്ടി പാത്രം എടുത്തുകൊണ്ടുവരുന്നു അതിനാൽ ഇതാ കുറ്റം തെളിഞ്ഞിരിക്കുന്നു ഇനി ഞാൻ കൈ മുക്കേണ്ടതില്ല " എന്നു പറഞ്ഞു. ആ അനാചാരത്തിന്റെ അർത്ഥമില്ലായ്‌മ തുറന്നു കാട്ടിയ തോലനെ രാജാവ് കുറ്റവിമുക്തനാക്കി

തോലനെന്ന പേരു വന്നത്[തിരുത്തുക]

ബ്രാഹ്മണർക്ക് ചെറുപ്പത്തിൽ ഉപനയനം (പൂണുൽ ഇടുക) കഴിഞ്ഞ് അതോടൊപ്പം ഇട്ട മൃഗത്തോൽ മാറ്റുക, ബ്രഹ്മചര്യത്തോടെ കഴിഞ്ഞതിനു ശേഷമാണ്. നീലകണ്‌ഠന്റെ കാര്യത്തിൽ അതിന് അവസരം ഉണ്ടായില്ല. കാരണം മേൽപ്പറഞ്ഞ വീട്ടുവേലക്കാരിയായ ചക്കി തന്റെ മോഷണങ്ങൾക്ക് സാക്ഷിയും തടസ്സവും ആയ നമ്മുടെ കുമാരനായ കഥാനായകനെ വശത്താക്കിയെന്നും ചക്കി കുമാരന്റെ കുതിരശക്തിയിൽ സംതൃപ്തയായെന്നും ഒരു പക്ഷമുണ്ട്. അതിനു ശേഷമാണ് മേൽപ്പറഞ്ഞ ശ്ലോകം ഉണ്ടാക്കിയതും. പക്ഷെ, നിരക്ഷരകുക്ഷിയായ ചക്കിയ്ക്ക് പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്ന സരസപ്രയോഗങ്ങൾ ഇഷ്ടപ്പെട്ടില്ലത്രേ! ഉടൻ തോലൻ ഒരു സംസ്കൃതശ്ലോകം ചമച്ചു.

 • അർക്ക ശുഷ്കഫലകോമള സ്തനീ - സൂര്യതാപത്താൽ ശുഷ്കമായ ഫലം പോലെ മനോഹരങ്ങളായ മുലകളോടു കൂടിയവളെ.
 • ശർക്കരാ സദൃശ ചാരു ഭാഷിണീ - പഞ്ചസാര പോലെ മധുരമായി മോഴിയുന്നവളെ.
 • തന്ത്രിണീ ദല സമാന ലോചനേ - താമരയില പോലെ മനോഹരങ്ങളായ കണ്ണുകൾ ഉള്ളവളെ.
 • സിന്ധുരേന്ദ്ര രുചിരാ മലർദ്യുതേ -. ‍
അതിസുന്ദരിയായി ചക്കിയെ ശുദ്ധ സംസ്കൃതത്തിൽ തോലൻ വർണിച്ചു. അതവൾക്ക് അത്യധികം ഇഷ്ടപ്പെട്ടുവത്രേ!

അവലംബം[തിരുത്തുക]

 1. ഫോക്‌ലോർ നിഘണ്ടു. - കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്
"https://ml.wikipedia.org/w/index.php?title=തോലൻ&oldid=3071283" എന്ന താളിൽനിന്ന് ശേഖരിച്ചത്