തോത്താറാം സനാദ്ധ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തോത്താറാം സനാദ്ധ്യ

കരിമ്പിൻ തോട്ടങ്ങളിൽ ജോലി ചെയ്യാൻ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് 1879 മുതലുള്ള 40 വർഷക്കാലത്തിനിടെ ഫിജിയിലെത്തിയ അറുപതിനായിരത്തിലധികം ഇന്ത്യാക്കാരിൽ ഒരാളായിരുന്നു തോത്താറാം സനാദ്ധ്യ (1876–1947). കരാർ തൊഴിലാളികളിൽ മിക്കവരേയും പോലെ, ജോലിയേയും വേതന, ജീവിത സാഹചര്യങ്ങളേയും സംബന്ധിച്ച തെറ്റായ ഉറപ്പുകളുടെ പ്രലോഭനത്തിൽ ഫിജിയിലെത്തിയ സനാദ്ധ്യ, തന്റെയും മറ്റു തൊഴിലാളികളുടേയും അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തി. കരാർ പ്രകാരമുള്ള അഞ്ചുവർഷത്തെ ജോലി പൂർത്തിയാക്കിയ ശേഷവും ഫിജിയിൽ തുടർന്ന അദ്ദേഹം അവിടെ കരാർതൊഴിലാളികളുടേയും മറ്റ് ഇന്ത്യാക്കാരുടേയും ക്ഷേമത്തിനായി പ്രവർത്തിച്ചു. ബ്രാഹ്മണ പശ്ചാത്തമുണ്ടായിരുന്ന സനാദ്ധ്യ അക്കാലത്ത് ഫിജിയിലെ ഇന്ത്യൻ വംശജർക്കിടയിൽ ഹിന്ദുപുരോഹിതനും ആത്മീയോപദേഷ്ടാവുമായും പ്രവർത്തിച്ചു.[1]

ഫിജിയിലെ ഇന്ത്യൻ തൊഴിലാളികളുടെ ദയനീയാവസ്ഥയിലേക്ക് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റേയും, മഹാത്മഗാന്ധിയെപ്പോലുള്ള നേതാക്കളുടേയും ശ്രദ്ധ ആകർഷിക്കുന്നതിൽ സനാദ്ധ്യ മുൻകൈയ്യെടുത്തു. 21 വർഷത്തെ ഫിജി വാസത്തിനു ശേഷം 1914-ൽ ഇന്ത്യയിൽ മടങ്ങിയെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങൾ വിവരിച്ച്, "ഫിജി ദ്വീപിലെ എന്റെ 21 വർഷം" എന്ന പേരിൽ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. ഫിജിയിൽ നിരോധിക്കപ്പെട്ടെങ്കിലും, പല ഇന്ത്യൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട ഈ കൃതി, മനുഷ്യത്വരഹിതമായ കരാർ തൊഴിൽ വ്യവസ്ഥയ്ക്ക് അറുതിവരുത്തുന്നതിനായുള്ള ശ്രമങ്ങളെ ഏറെ സഹായിച്ചു. 1927-ൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ മദ്രാസ് സമ്മേളനത്തിൽ ഫിജിയിലെ സ്ഥിതിഗതികളെ സംബന്ധിച്ചു സനാദ്ധ്യ പ്രഭാഷണം നടത്തി.

അവലംബം[തിരുത്തുക]

  1. രാജേന്ദ്ര പ്രസാദ്, Tears in Paradise, Suffering and Struggles of Indians in Fiji (1879-2004)
"https://ml.wikipedia.org/w/index.php?title=തോത്താറാം_സനാദ്ധ്യ&oldid=2787229" എന്ന താളിൽനിന്ന് ശേഖരിച്ചത്