Jump to content

തേവലക്കര മലങ്കര ഓർത്തഡോക്സ് പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തേവലക്കര പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് തേവലക്കര പള്ളി അഥവാ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി. മാർ ആബോയുടെ മധ്യസ്ഥതയിലുള്ള ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണിത്.

ഒന്നാം നൂറ്റാണ്ടിൽ മാർത്തോമ്മാ ശ്ശീഹായാൽ സ്ഥാപിതമായ കൊല്ലം തരിസാപ്പള്ളി കടൽക്ഷോഭത്തിൽ നശിച്ചപ്പോൾ അവിടെ നിന്നും കുടിയേറിയ ക്രിസ്തുമത വിശ്വാസികൾ സ്ഥാപിച്ചതാണ് ഈ ദേവാലയമെന്ന് വിശ്വസിക്കപ്പെടുന്നു. നാലാം നൂറ്റാണ്ടോടുകൂടി പുതുക്കി പണിത ദേവാലയം പതിനേഴോളം നൂറ്റാണ്ടുകൾ താണ്ടുകയും 1971-ൽ അവസാനമായി പുതുക്കിപണിയുകയും ചെയ്തു.[1]

പേർഷ്യൻ സന്യാസിയായിരുന്ന മാർ ആബോ കൊല്ലത്തെത്തുകയും, അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക പ്രാവീണ്യം മനസ്സിലാക്കിയ അന്നത്തെ നാടുവാഴിയായ കുലശേഖര രാജാവ് കൊല്ലം തരിസാപ്പള്ളി പുതുക്കിപണിയുന്നതിനും തദ്ദേശിയ ക്രിസ്തീയ സമൂഹത്തെ നിലനിർത്തുന്നതിനുമായുളള അധികാരം നല്കികൊണ്ട് ചെപ്പേട് നല്കുകയുമുണ്ടായി. അദ്ദേഹത്തിന് മറ്റ് രാജാക്കന്മാരിൽ നിന്നും വിവിധ അധികാര ചെപ്പേടുകൾ ലഭിച്ചിരുന്നുവെന്നും അവയിൽ പലതും 1599-ലെ ഉദയംപേരൂർ സുന്നഹദോസിന് ശേഷം മലങ്കരയിലെ പള്ളികൾ സന്ദർശിച്ച കൂട്ടത്തിൽ തേവലക്കര പള്ളിയിൽ എത്തിയ ആർച്ച് ബിഷപ്പ് അലക്സ് ഡി. മെനസിസ് കൈവശപ്പെടുത്തിയതായും കരുതുന്നു. ശേഷിച്ച ഒന്ന് ദേവലോകം അരമനയിൽ സൂക്ഷിച്ചിരിക്കുന്നു.[അവലംബം ആവശ്യമാണ്]

മാർ ആബോയുടെ ഓർമ്മപെരുന്നാൾ എല്ലാവർഷവും ഫെബ്രുവരി 7,8 തീയതികളിലും, ജനനപ്പെരുന്നാൾ ഒക്ടോബർ 23-നും നടത്തിവരുന്നു. കൂടാതെ വിശുദ്ധ മറിയാമിന്റെ ഓർമ്മപ്പരുന്നാൾ, പരുമല മാർ ഗ്രിഗോറിയോസിന്റെ ഓർമ്മപ്പരുന്നാൾ എന്നിവയും ഈ ദേവാലയത്തിൽ ആഘോഷിക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "തേവലക്കര പള്ളിയുടെ വെബ്സൈറ്റ്". Archived from the original on 2012-07-23. Retrieved 2011-09-23.