തെരുവത്ത് പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പള്ളി നേർച്ച തുടക്കം

പാലക്കാട് ടൗണിൽ നിന്നും ഏതാണ്ട് 20 കി,മി. അകലെ മാത്തൂർ പഞ്ചായത്തിൽ കണ്ണനൂർ - ചുങ്കമന്ദം റോഡിലാണ് ജില്ലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ തെരുവത്ത് പള്ളി സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെയെത്തിയ സൂഫിവര്യനായ ശൈഖ് മുഹമ്മദ് (റ) എന്നവരുടെ അന്ത്യവിശ്രമ സ്ഥലമാണിത് . ദീർഘമായ യാത്രക്കിടയിൽ ഇവിടെയെത്തി മരണപ്പെട്ട ശൈഖ് തങ്ങൾ തൻറെ ആത്മീയ ചൈതന്യം കൊണ്ട് ജാതി മത ഭേദമെന്യേ തന്നെ തേടിയെത്തുന്നവരുടെ വിഷമങ്ങൾ അകറ്റുകയും സാന്ത്വനപ്പെടുത്തുകയും ചെയ്യുന്നു.

തെരുവത്ത് മാല

കണ്ടുകിട്ടിയതിൽ വെച്ച് ശൈഖ് അവർകളുടെ ചരിത്രം പ്രതിപാദിക്കുന്ന ഏറ്റവും പഴക്കമേറിയ കൃതി എന്ന് പറയുന്നത് 1909 - ൽ പൊന്നാനി താലൂക്ക് വടക്കേക്കാട് ദേശത്ത് പുന്നയൂരിൽ താമസിച്ചിരുന്ന വായപ്പുള്ളി മാമുട്ടി മുസ്ലിയാർ എന്ന കവിയുടെ അറബി മലയാളത്തിലെഴുതിയ തെരുവത്ത് മാലയാണ്. മാലയെന്നാൽ പദ്യരൂപത്തിലെഴുതിയ ലഘു കാവ്യം.

മദ്രാസിനടുത്തുള്ള തിരുവല്ലക്കേണി മഹ്മൂദ് ബന്ദർ എന്ന സ്ഥലത്താണ് ശൈഖ് അവർകളുടെ ജന്മദേശമെന്ന് ശൈഖ് തങ്ങളുടെ അത്ഭുത പ്രവര്ത്തിതകളെക്കുറിച്ചുള്ള ഈ ചരിതത്തിൽ പറയുന്നു, മാത്രമല്ല അദ്ദേഹം പല വൈജ്ഞാനിക മേഖലകളിലും അറിവുള്ള ആളായിരുന്നുവെന്നും പ്രസ്തുത കൃതിയിൽ ശ്രീ. മാമുട്ടി മുസ്ലിയാർ രേഖപ്പെടുത്തിയിട്ടുണ്ട്, 1961 ൽ ഹാജി എം. എം. മൗലവി എന്നൊരാൾ ഇതിന് വ്യാഖ്യാനം എഴുതി. എൻ. എ. കെ. ഹാജി പ്രസിദ്ധീകരിച്ച് ആലുവ ഇസ്ലാമിയ ബുക്സ്റ്റാൾ വിതരണം ചെയ്തിരുന്ന പരിഭാഷ പിന്നീട് തെരുവത്ത് പള്ളി മഹല്ല് മുൻകൈ എടുത്ത് 2007 - ൽ പ്രസിദ്ധീകരിച്ചത് ഇപ്പോൾ ലഭ്യമാണ്.

തെരുവത്ത് പള്ളി നേർച്ച.


Theruvath Palli nercha

മതമൈത്രിയുടെ ഉത്തമ ഉദാഹരണമാണ് തെരുവത്ത് പള്ളി നേർച്ച. എല്ലാ വർഷവും മകരമാസത്തിലെ പൗർണ്ണമി നാളിലാണ് മൂന്നുദിവസം നീണ്ടു നിൽക്കുന്ന നേർച്ച ആഘോഷിക്കുന്നത്. തങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനും ഉദ്ദേശിച്ച കാര്യം നടക്കുന്നതിനായി ജാതിമത ഭേദമെന്യെ നിരവധി ആളുകൾ തെരുവത്ത് പള്ളിയിലിലേക്ക് നേർച്ച നൽകുന്നു. കാർഷിക സംസ്കൃതിയിലധിഷ്ഠിതമായ അതിൻറെ പ്രത്യേകത കൊണ്ടാണ് തെരുവത്ത് പള്ളി നേർച്ച മറ്റ് നേർച്ചകളിൽ നിന്ന് വ്യത്യസ്തമാകുന്നത്. കാണിക്കയായി കൊണ്ടു വരുന്ന അപ്പ പെട്ടികളോടൊപ്പം തങ്ങളുടെ കൃഷിയിടത്തിൽ നിന്നു ലഭിക്കുന്ന ആദ്യത്തെ വിളവെടുപ്പും കൊണ്ടാണ് ആളുകൾ പള്ളിയിലേക്ക് വരുന്നത്. നേർച്ച നാളിൽ ഇവ ശൈഖ് തങ്ങൾക്കു സമർപ്പിക്കാൻ ഭക്തരുടെ നീണ്ട നിര തന്നെ കാണാം. നെല്ല് , നാളികേരം , അടയ്ക്ക…തുടങ്ങിയവയാണ് കാർഷിക വിളയിൽ ഏറിയതും. വളർത്തു മൃഗങ്ങളേയും പള്ളിയിലേക്ക് നേർച്ച നൽകാറുണ്ട്. പള്ളിയിലെത്തുന്ന വിഭവങ്ങളധികവും സാധാരണക്കാരൻ കാണിക്കയായി നൽകുന്നതാണ്. തലച്ചുമടിലും ആളുകൾ നേർച്ച കൊണ്ടു വരാറുണ്ട്. പണ്ടു കാലത്തും, അപൂർവ്വമായി ഇപ്പോഴും തെരുവത്ത് പള്ളിയിലേക്ക് നേ‍ർച്ച നൽകുന്നതിനായി വീടുകൾ തോറും നെല്ലും മറ്റ് വിഭവങ്ങളും ശേഖരിക്കുന്നവരുമുണ്ട്.

പള്ളിയിൽ നിന്ന് ലഭിക്കുന്ന പ്രസാദത്തിൽ പ്രധാമായും “പൂമണ്ണ്” ആണ്.

പ്രത്യേക പ്രാർത്ഥന നടത്തി ലഭിക്കുന്ന ഈ “പൂമണ്ണ്” തങ്ങളുടെ കൃഷിയിടത്തിലും മറ്റും ആദര പൂർവ്വം വിതറി മികച്ച വിളവിനായി ആളുകൾ ഉപയോഗിക്കുന്നു.

മൃഗങ്ങളുടെ ക്ഷേമത്തിനായും ദൂരദിക്കുകളിൽ നിന്നും ആളുകൾ പള്ളിയിലേക്ക് വരുന്നതും സാധാരണമാണ്. പാലക്കാടിൻറെ അതിർത്തി പ്രദേശമായ തമിഴ്നാട്ടിൽ നിന്നാണ് കൂടുതലും ആളുകൾ എത്തിച്ചേരാറുള്ളത്. പ്രത്യേകിച്ചും കൊങ്ങുവണ്ടികൾ നേർച്ച സമയത്ത് ധാരാളം കാണാം. കൊങ്ങു വണ്ടികൾ എന്നാൽ തമിഴരുടെ സവാരി വണ്ടികളാണ്. കാളകളെ ഉപയോഗിച്ചുള്ള യാത്രാ വണ്ടികളാണവ. നേ‍ർച്ച നാളിൽ അവരുടെ കാളകളെ പ്രദക്ഷിണം നടത്തി തിരിച്ച് കൊണ്ടു പോകുന്നത് അവരുടെ നേർച്ചയുടെ ഭാഗമാണ്.

"https://ml.wikipedia.org/w/index.php?title=തെരുവത്ത്_പള്ളി&oldid=3703901" എന്ന താളിൽനിന്ന് ശേഖരിച്ചത്