ഉള്ളടക്കത്തിലേക്ക് പോവുക

തൂസാൻ ലൂവേർതൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൂസാൻ ലൂവേർതൂർ
Toussaint Louverture
ജനനംc. 1743
മരണം(1803-04-07)7 ഏപ്രിൽ 1803
മറ്റ് പേരുകൾToussaint L'Ouverture, Toussaint l'Ouverture. Toussaint Breda
പ്രസ്ഥാനംHaitian Revolution
Military career
Allegiance France
 Haiti
Service / branchHaitian Army
Years of service1791–1803
RankGeneral
Battles / warsHaitian Revolution
ഒപ്പ്

ഹെയ്തിയിലെ വിപ്ലവനേതാവായിരുന്നു തൂസാൻ ലൂവേർതൂർ. അടിമകളായ നീഗ്രോ മാതാപിതാക്കളുടെ പുത്രനായി മുൻ ഫ്രഞ്ച് കോളനിയായ ഹെയ്തിയിൽ 1743-ൽ തൂസാൻ ജനിച്ചു. ഹെയ്തിയിലെ മറ്റ് അടിമകളുടെ അവസ്ഥയിൽ നിന്നു വ്യത്യസ്തമായി ഇദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിച്ചിരുന്നു. സ്വാതന്ത്ര്യം, വിശ്വസാഹോദര്യം, സമത്വം എന്നീ മൂല്യങ്ങൾ പ്രചരിപ്പിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ അനുരണനങ്ങൾ ഹെയ്തിയിൽ വ്യാപിച്ചതിനെത്തുടർന്ന് ഇവിടത്തെ അടിമകളായ നീഗ്രോകൾ വെള്ളക്കാരായ ഫ്രഞ്ച് ഉടമകൾക്കെതിരെ കലാപമുണ്ടാക്കി. 1791-ലെ ഈ കലാപത്തിൽ സജീവമായി പങ്കെടുത്ത തൂസാൻ ഹെയ്തിയിലെ നീഗ്രോകളുടെ നേതൃ നിരയിലേക്ക് ഉയരുകയുണ്ടായി. ഫ്രഞ്ചുകാരെ സ്തബ്ധരാക്കിയ യുദ്ധമുറ പ്രകടിപ്പിച്ചതിനാൽ ഇദ്ദേഹം ലൂവേർതൂർ എന്ന അപര നാമത്തിൽ അറിയപ്പെട്ടു.

ഫ്രഞ്ചുകാർക്കെതിരേ നടത്തിയ പോരാട്ടം

[തിരുത്തുക]

1793-ൽ സ്പാനിഷുകാർ ഹെയ്തിയെ ആക്രമിച്ചപ്പോൾ അവരോടൊപ്പം ചേർന്ന് തൂസാൻ ഫ്രഞ്ചുകാർക്കെതിരെ പൊരുതി. എന്നാൽ ഫ്രഞ്ച് നാഷണൽ കൺവെൻഷൻ അടിമത്തം നിർത്തലാക്കിയതോടെ ഇദ്ദേഹം കൂറുമാറി ഫ്രഞ്ച് പക്ഷം ചേരുകയും ശക്തമായ പോരാട്ടത്തിലൂടെ സ്പാനിഷുകാരെയും അവരുടെ സഖ്യകക്ഷിയായ ഇംഗ്ലീഷുകാരെയും ഹെയ്തിയിൽ നിന്നു പുറത്താക്കുകയും ചെയ്തു. സ്പാനിഷുകാർക്കെതിരെ അസാമാന്യ ധീരത കാണിച്ച തൂസാൻ ലുവർത്തുറിനെ ഹെയ്തിയുടെ ഗവർണർ ജനറലായി ഫ്രഞ്ച് ഗവൺമെന്റ് നിയമിച്ചു (1796).

തടവറയിൽ അന്ത്യം

[തിരുത്തുക]

ഫ്രഞ്ച് സഹായത്തോടെ തുസാൻ സാന്റോഡോമിങ് പിടിച്ചെടുത്തതോടെ ഹിസ്പാനിയോള ദ്വീപ് പൂർണമായും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. എന്നാൽ 1801-ൽ ഫ്രാൻസിനെ ധിക്കരിച്ചുകൊണ്ട് ഇദ്ദേഹം ദ്വീപിന്റ ആജീവനാന്ത ഗവർണറായി സ്വയം പ്രഖ്യാപിച്ചത് നെപ്പോളിയനെ പ്രകോപിപ്പിച്ചു. വെള്ളക്കാരുടെ ഭരണം പുനഃസ്ഥാപിക്കുന്നതിനായി നെപ്പോളിയൻ ഹെയ്തിയിലേക്ക് അയച്ച ദൌത്യസേന തൂസാനെ തടവുകാരനാക്കി (1802). പാരിസിൽ തടവിൽ കഴിയവേ ഇദ്ദേഹം 1803-ൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൂസാൻ ലൂവേർതൂർ (1743-1803) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൂസാൻ_ലൂവേർതൂർ&oldid=3828792" എന്ന താളിൽനിന്ന് ശേഖരിച്ചത്