തിയെറ്റർ ലൈബ്രറി അസ്സോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നടനകലകളുമായി ബന്ധപ്പെട്ട സാമഗ്രികളും പുസ്തകങ്ങളും ശേഖരിക്കുന്നതിൽ തത്പരരായ ലൈബ്രേറിയന്മാരും ചില സഹൃദയരും ചേർന്ന് 1938-ൽ അമേരിക്കയിൽ ആരംഭിച്ച സംഘടന. നടനകലകളെക്കുറിച്ച് പൊതുജനങ്ങളിൽ അറിവും താത്പര്യവും വളർത്തിയെടുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ന്യൂയോർക്ക് പബ്ളിക് ലൈബ്രറിയുടെ ചെയർമാനായിരുന്ന ഹാരി. എം. ലിടൻ ബെർഗിന്റെ അധ്യക്ഷതയിൽ 1937 ജൂണിൽ ചേർന്ന യോഗത്തിലാണ് സംഘടനയുടെ രൂപരേഖ തയ്യാറാക്കിയത്. തൊട്ടടുത്ത വർഷം സംഘടന ഔപചാരികമായി പ്രവർത്തനമാരംഭിച്ചു.അമേരിക്കൻ ലൈബ്രറി അസ്സോസിയേഷന്റെ അനുബന്ധ സംഘടന എന്ന നിലയിലാണ് തിയെറ്റർ ലൈബ്രറി അസ്സോസിയേഷൻ പ്രവർത്തനമാരംഭിച്ചത്.

ലൈബ്രറികളിലും മ്യൂസിയങ്ങളിലും മറ്റും നടനകലയുമായി ബന്ധപ്പെട്ട സാമഗ്രികൾ നാശം സംഭവിക്കാതെ സംരക്ഷിക്കുവാനുള്ള മാർഗങ്ങളെക്കുറിച്ച് അറിവ് നല്കുക, ഇത്തരം സാമഗ്രികൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തുക, ഈ വിഷയവുമായി ബന്ധപ്പെട്ട ന്യൂസ് ലൈറ്ററുകൾ, ലഘുലേഖകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ സംഘടന നടത്തിവരുന്നു.

1962-ൽ അസ്സോസിയേഷൻ പെർഫോമിങ് ആർട്ട്സ് കളക്ഷൻസ്: ആൻ ഇന്റർനാഷണൽ ഹാൻഡ്ബുക്ക് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മുപ്പത്തിയഞ്ചോളം രാഷ്ട്രങ്ങളിലെ ലൈബ്രേറിയൻ മാരിൽ നിന്ന് ശേഖരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥം തയ്യാറാക്കപ്പെട്ടത്. ഇത് ഫ്രഞ്ചിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിരുന്നു. 1967-ൽ ഇതിന്റെ രണ്ടാം പതിപ്പായി പെർഫോമിങ് ആർട്ട്സ് ലൈബ്രറീസ് ആൻഡ് മ്യൂസിയംസ് ഒഫ് ദ് വേൾഡ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

അസ്സോസിയേഷൻ രണ്ട് വാർഷിക അവാർഡുകൾ ഏർപ്പെടു ത്തിയിട്ടുണ്ട്. തിയെറ്റർ രംഗത്തെ മികച്ച പ്രസിദ്ധീകരണത്തിന് ജോർജ് ഫ്രീഡ്ലി മെമ്മോറിയൽ അവാർഡും ടെലിവിഷൻ, സിനിമ തുടങ്ങിയ മേഖലകളെ ആസ്പദമാക്കിയുള്ള മികച്ച പ്രസിദ്ധീകരണത്തിന് തിയെറ്റർ ലൈബ്രറി അസ്സോസിയേഷൻ അവാർഡും നല്കുന്നു. യു.എസ്സിൽ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങൾ മാത്രമാണ് അവാർഡിനു പരിഗണിക്കുന്നത്. -->

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിയെറ്റർ ലൈബ്രറി അസ്സോസിയേഷൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.