ഡാക്ടിലുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രീക്ക് പുരാണങ്ങളിൽ പരാമൃഷ്ടമായിട്ടുള്ള പത്തു ജീവികളാണ് ഡാക്ടിലുകൾ. ക്രോണസിനു സ്വന്തം സഹോദരി റിയായിൽ ജനിച്ച സന്തതികളാണിവർ; അഞ്ച് ആണും, അഞ്ചു പെണ്ണും. ഡാക്ടിലുകളെ സംബന്ധിച്ച പുരാണ കഥ ഇപ്രകാരമാണ്. ക്രോണസ് പിതാവായ യുറാനസ്സിനെ അരിവാൾ കൊണ്ടു വധിച്ചു ത്രിലോകങ്ങളുടെയും അധിപനായി. സ്വന്തം സഹോദരി റിയായെ ഭാര്യയാക്കി. പ്രസവവേദന ആരംഭിച്ചപ്പോൾ റിയാ ഒരു പർവതപ്രദേശത്തേക്ക് ഓടി. അവിടെ അവൾക്കാരും കൂട്ടില്ലായിരുന്നു. വേദന ശമിക്കുവാനായി അവർ നിലത്തു കുനിഞ്ഞിരുന്നു. ആർത്തനാദങ്ങൾ പുറപ്പെടുവിച്ചു. തത്സമയം റിയായുടെ പാർശ്വങ്ങളിൽ നിന്നും ഡാക്ടിലുകൾ എന്നു പേരുള്ള അഞ്ചു ജീവികൾ വീതം പറന്നുയർന്നു. ഇവയിൽ അഞ്ചു പേർ പുരുഷൻമാരും അഞ്ചു പേർ സ്ത്രീകളും ആയിരുന്നു. ഫ്രിജിയൻ പർവതപ്രദേശമാണ് ഇവരുടെ ജന്മസ്ഥലം.

ഡാക്ടിലുകളിലെ പുരുഷൻമാർ ആയുധപ്പണിക്കാരാണ്; സഹോദരിമാർ മന്ത്രവാദിനികളും. ഓർഫിസിന്റെ സംഗീതം കേട്ടു സഹോദരിമാർ അതിൽ ആകൃഷ്ടരായി. ഓർഫിസ് അവർക്കു വേണ്ടി ദിനരാത്രങ്ങൾ പാടി. ഇതിൽ സന്തുഷ്ടരായ ഇവർ ഓർഫിസിന് മാന്ത്രിക വിദ്യ പറഞ്ഞുകൊടുത്തു. സ്ത്രീകളായ ഡാക്ടിലുകളുടെ യഥാർഥ നാമം ഭൂമിയിൽ ആർക്കും അറിയില്ല. പുരുഷൻമാരായ ഡാക്ടിലുകൾ കുറേറ്റസ് എന്ന പേരിലറിയപ്പെടുന്നു. ഡാക്ടിലുകളെക്കുറിച്ച് വ്യത്യസ്തമായ പല അഭിപ്രായങ്ങളും നിലവിലുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാക്ടിലുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡാക്ടിലുകൾ&oldid=1693178" എന്ന താളിൽനിന്ന് ശേഖരിച്ചത്