Jump to content

ഡയജെനിസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിക്ഷേപിത അവസാദങ്ങൾക്ക്, അപക്ഷയത്തിനും കായാന്തരീകരണത്തിനും മുൻപ് ഉണ്ടാകുന്ന ഭൗതിക-രാസ-ജൈവ പരിവർത്തനങ്ങളെ ഡയജെനിസിസ് എന്നു പറയുന്നു. ഇതിനെ പ്രസംഘനനം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലമായി അവസാദങ്ങളുടെ ഘടനയ്ക്കും ധാതുസംയോഗത്തിനും മാറ്റം സംഭവിക്കുന്നു. ഡയജെനിസിസിന് വിധേയമാകുന്ന അവസാദങ്ങളുടെ രൂപീകരണ പ്രക്രിയയെ സിൻജെനിസിസ് (Syngenesis-സഹജനനം)[1] എന്നു വിളിക്കുന്നു. അവസാദങ്ങളുടെ നിക്ഷേപണാനന്തരമാണ് ഡയജെനിറ്റിക് പ്രക്രിയ ആരംഭിക്കുന്നതെങ്കിലും ജലത്തിന്റെ സംസർഗത്തിൽ അവസാദങ്ങൾക്ക് ചില പരിവർത്തനങ്ങൾ സംഭവിക്കാറുണ്ട്. ജലത്തിന്റെ സാന്നിധ്യത്തിൽ അവസാദങ്ങൾക്കുണ്ടാകുന്ന പരിവർത്തനങ്ങളെ പൊതുവേ ഹാൾമിറോലൈസിസ് (Halmyrolysis)[2] എന്നു വിശേഷിപ്പിക്കുന്നു. ഭൂരിഭാഗം അവസാദനിക്ഷേപങ്ങളിലും സംജാതമാകുന്ന ഡയജെനിറ്റിക് പരിവർത്തനങ്ങൾ പ്രകടവും ദൃഷ്ടി ഗോചരവുമായിരിക്കും. ഉന്നതമർദത്തിലും ഉയർന്ന ഊഷ്മാവിലും അവസാദങ്ങൾക്കുണ്ടാകുന്ന പരിവർത്തനങ്ങളെ ഡയജെനിസിസിന്റെ പരിധിയിൽ ഉൾപ്പെടുത്താറില്ല.

പ്രധാന ഭൗദിക പ്രതിഭാസങ്ങൾ

[തിരുത്തുക]

സംശ്ലേഷണം, പരിശോഷം (dessication)[3] മൃദു അവസാദ ഘടകങ്ങളുടെ രൂപവൈകൃതം എന്നിവയാണ് ഡയജെനിസിസിലെ പ്രധാന ഭൗതിക പ്രതിഭാസങ്ങൾ. ലയനം, ഖാദനം അഥവാ ക്ഷാരണം, വർണഹരണം, ഒക്സീകരണം, നിരോക്സീകരണം, പുനഃക്രിസ്റ്റലീകരണം, അവക്ഷേപണം എന്നിവയാണ് മുഖ്യരാസമാറ്റങ്ങൾ. അവസാദഘടകങ്ങളുടെ സംയോജനം, വിയോജനം, ജൈവസംയുക്തങ്ങളുടെ സംശ്ലേഷണം തുടങ്ങിയവ ജൈവ-രാസപ്രക്രിയകളിൽ ഉൾപ്പെടുന്നു.

ലയനം, നിക്ഷേപണം, പുനഃസ്ഥാപനം, സംശ്ലേഷണം, അവക്ഷേപണം എന്നിവയാണ് പ്രധാന ഡയജെനിറ്റിക് പ്രക്രിയകൾ. അവസാദങ്ങളുടെ നിക്ഷേപണ പ്രക്രിയയ്ക്ക് ഒപ്പമോ, നിക്ഷേപണാനന്തരമോ ആയിരിക്കാം ഇവ ഡയജെനിസിസിന് വിധേയമാകുന്നത്. മിക്കപ്പോഴും നിക്ഷേപണ പരിസ്ഥിതിക്ക് ആനുപാതികമായിട്ടായിരിക്കും മാറ്റങ്ങൾ സംഭവിക്കുക. അവസാദ നിക്ഷേപണ പരിസ്ഥിതിയുടെ ഭൌതികവും രാസപരവുമായ സവിശേഷതകളാണ് ഡയജെനിസിസിനെ നിയന്ത്രിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അവസാദങ്ങളിലെ ലയനസ്വഭാവം

[തിരുത്തുക]

അവസാദങ്ങളിലെ ലയനസ്വഭാവമുള്ള ധാതവ ഘടകങ്ങൾ, അവയിലൂടെ ഊറിയിറങ്ങുന്ന ലായനിയിൽ (മിക്കപ്പോഴും ജലം) ലയിക്കുകയോ ലായനിയാൽ മാറ്റം ചെയ്യപ്പെടുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്യുന്നു. അവസാദ ഘടകങ്ങൾക്കിടയിലെ രന്ധ്രങ്ങൾ മിക്കപ്പോഴും ലായനിയിൽ നിന്നും ഘനീഭവിക്കപ്പെടുന്ന ധാതവങ്ങളാൽ മൂടപ്പെട്ടിരിക്കും. ചിലപ്പോൾ ഇത് ധാതുക്കളുടെ അമിത വളർച്ചയ്ക്കും കാരണമാകാം. അസ്ഥിരധാതവങ്ങളാണ് പൊതുവേ ലായനിയാൽ മാറ്റംചെയ്യപ്പെട്ട് പുനഃക്രിസ്റ്റലീകരണത്തിന് വിധേയമാകുന്നത്. പുനഃക്രിസ്റ്റലീകരണത്തോടെ ഇവയ്ക്ക് കൂടുതൽ കാഠിന്യവും സ്ഥിരതയും ലഭിക്കുന്നു. പുനഃസ്ഥാപന പ്രക്രിയയിൽ ധാതവങ്ങളുടെ ലയനവും ഘനീഭവനവും ഒരേസമയത്ത് നടക്കുന്നതിനാൽ അവസാദ ധാതവ ഘടകങ്ങൾ രാസികവും ഘടനാപരവുമായ പരിവർത്തനങ്ങൾക്കും വിധേയമാകുന്നു. എന്നാൽ പുനഃക്രിസ്റ്റലീകരണത്തിൽ ഒരു ധാതു മാത്രമാണ് ലയനത്തിനും പുനഃഘനീഭവനത്തിനും വിധേയമാകുന്നത്. ഈ പ്രക്രിയയിൽ ധാതുസംയോഗത്തിനും ആന്തരിക ഘടനയ്ക്കും വിരളമായി മാത്രമേ പരിവർത്തനം സംഭവിക്കുന്നുള്ളൂ.

അവസാദ ശിലാരൂപീകരണം

[തിരുത്തുക]

ചില അവസാദനിക്ഷേപങ്ങൾ നിക്ഷേപണ പ്രക്രിയയോടൊപ്പം തന്നെ കാഠിന്യമുള്ള ശിലകളായി രുപാന്തരപ്പെടാറുണ്ട്. ബാഷ്പീകരണാനന്തരം ഘനീഭവിക്കപ്പെടുന്ന ധാതു നിക്ഷേപങ്ങൾ, ഗുഹാനിക്ഷേപങ്ങൾ, ഉറവനിക്ഷേപങ്ങൾ എന്നിവ ഇത്തരം ശിലാനിക്ഷേപങ്ങൾക്ക് ഉദാഹരണങ്ങളാണ്. സംശ്ലേഷണം, പുനഃക്രിസ്റ്റലീകരണം, അവക്ഷേപണം എന്നിവയാണ് അവസാദ ശിലാ രൂപീകരണത്തെ സ്വാധീനിക്കുന്ന സുപ്രധാന ഡയജെനിറ്റിക് പ്രക്രിയകൾ.

സംശ്ലേഷണം

[തിരുത്തുക]

അവസാദത്തിന്റെ രാസസംയോഗത്തിന് പരിവർത്തനം സംഭവിക്കാതെ, അവസാദ ഘടകങ്ങൾ ദൃഢീകരിച്ച് ശിലയായി മാറുന്ന പ്രക്രിയയാണ് സംശ്ലേഷണം. ചെളിയടങ്ങിയ അവസാദങ്ങളിലാണ് സംശ്ലേഷണം അഥവാ ഞെരുങ്ങിച്ചേരൽ പ്രക്രിയ പ്രകടമായിട്ടുള്ളത്. അവസാദനിക്ഷേപണത്തിന്റെ മർദം ജലത്തിന്റെ ശോഷണത്തിന് നിദാനമാകുകയും, സംശ്ലേഷണത്തിന്റെ അന്ത്യഘട്ടത്തിൽ ഘടക പദാർഥങ്ങൾ ദൃഢീകരിച്ച് കാലാന്തരത്തിൽ ശിലയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. അവസാദ ധാതുഘടകങ്ങളുടെ പരസ്പര ബന്ധത്തിന്റെ ദൃഢത വർധിപ്പിക്കുന്ന പ്രക്രിയയാണ് പുനഃക്രിസ്റ്റലീകരണം.

അവക്ഷേപണം

[തിരുത്തുക]

അവസാദ നിക്ഷേപങ്ങൾക്കിടയിലെ രന്ധ്രങ്ങൾ ധാതുപദാർഥങ്ങളാൽ മൂടപ്പെടുന്ന പ്രക്രിയയാണ് അവക്ഷേപണം. അവക്ഷേപണം അവസാദ ധാതവ ഘടകങ്ങളെ പരസ്പരം സംയോജിപ്പിക്കുകയും ശിലയുടെ കാഠിന്യം വർധിപ്പിക്കുകയും ചെയ്യുന്നു. അവക്ഷേപണത്തോടൊപ്പം ജലത്തിലെ സംയുക്തങ്ങളും നിക്ഷേപിക്കപ്പെടാം. അവക്ഷേപണ പദാർഥം അവസാദഘടകങ്ങളോ ബാഹ്യസ്രോതസ്സിൽ നിന്നുള്ളവയോ ആകാം. തത്ഫലമായി അവക്ഷേപണാനന്തരം രൂപപ്പെടുന്ന ശിലയുടെ രാസസംയോഗം മാതൃഅവസാദത്തിന് തത്തുല്യമോ വിഭിന്നമോ ആയിരിക്കാം.

പ്രധാനഘട്ടങ്ങൾ

[തിരുത്തുക]

ഡയജെനിസിസിന് പ്രധാനപ്പെട്ടെ മൂന്നു ഘട്ടങ്ങൾ ഉണ്ട്.

  1. അവസാദങ്ങളുടെ നിക്ഷേപണമാണ് പ്രാഥമിക ഘട്ടം. ഈ ഘട്ടത്തിൽ അവസാദങ്ങൾ ജലവുമായി രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും സംതുലിതാവസ്ഥ പ്രാപിക്കാറില്ല. നിക്ഷേപണ പരിതഃസ്ഥിതിയുടെ രാസഭൗതിക സവിശേഷതകൾക്ക് അവസാദ പരിവർത്തനത്തിൽ നിർണായക സ്വാധീനമുണ്ട്. അമ്ലത്വം, ലവണത്വം, ജലത്തിന്റെ ആഴം, പ്രവാഹതീവ്രത തുടങ്ങിയവയ്ക്കാണ് മുൻതൂക്കം. ധാതുക്കളുടെ വിയോജനവും കേന്ദ്രീകരണവുമാണ് പ്രാഥമിക ഘട്ടത്തിലെ മുഖ്യ പ്രവർത്തനങ്ങൾ.
  2. നിക്ഷേപിത അവസാദങ്ങൾക്കുണ്ടാകുന്ന സംശ്ലേഷണമാണ് ഡയജെനിസിസിന്റെ രണ്ടാം ഘട്ടം. പ്രാഥമിക ഘട്ടത്തിനും ശിലാരൂപികരണത്തിനും മധ്യേയുള്ള ഒരു പരിവർത്തന ഘട്ടമാണിത്. അവസാദപാളികൾക്കും ആന്തരികഘടനയ്ക്കും മാറ്റം സംഭവിക്കുന്ന ഈ ഘട്ടത്തൽ ധാതുഘടകങ്ങളുടെ ബന്ധനത്താൽ അവക്ഷേപണവും സംഭവിക്കാറുണ്ട്.
  3. ഡയജെനിസിസിന്റെ മൂന്നാം ഘട്ടത്തിൽ അവസാദനിക്ഷേപങ്ങൾ ശിലയായി മാറുന്നു. നിക്ഷേപണ പരിസ്ഥിതിയുടെ ആഴം, ഊഷ്മാവ്, മർദം എന്നിവയാണ് ഈ ഘട്ടത്തിൽ സ്വാധീനം ചെലുത്തുന്ന മുഖ്യഘടകങ്ങൾ.

അവലംബം

[തിരുത്തുക]
  1. http://www.britannica.com/EBchecked/topic/578472/syngenesis ...of a mineral mass without loess properties, perhaps with a high silt and lime content, which under weathering and soil formation acquires loess properties and is transformed into loess.
  2. http://adsabs.harvard.edu/abs/1970GeCoA..34..893R Clay minerals from the Rio Ameca, Mexico, were vised for a study of the chemical interactions between clay minerals and sea water.
  3. http://historyofgeology.fieldofscience.com/2011/03/mediterranean-desiccation-and-giant.html Mediterranean desiccation and giant evaporates

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയജെനിസിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയജെനിസിസ്&oldid=3633139" എന്ന താളിൽനിന്ന് ശേഖരിച്ചത്