ടർബൊഫാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടർബൊഫാൻ എഞ്ചിന്റെ സ്കീമാറ്റിക് ചിത്രം

അന്തരീക്ഷ വായു പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന വിമാന വാതക ടർബൈൻ എൻജിൻ. ഫാൻ-ജെറ്റ് എന്നും ഇത് അറിയപ്പെടുന്നു. കംപ്രസർ, ദഹന അറ എന്നിവ ചേർന്ന ടർബൈൻ യൂണിറ്റും ഒരു പവർ ജനറേറ്ററുമാണിതിന്റെ പ്രധാന ഭാഗങ്ങൾ. ടർബൈൻ യൂണിറ്റിനെ കോർ എന്നും കംപ്രസറിനെ ഫാൻ എന്നും വ്യവഹരിച്ചുവരുന്നു.

കോറിൽ നിന്ന് ഉയർന്ന താപനിലയിൽ പുറത്തു വരുന്ന സമ്മർദിത വായുവിന്റെ ഒരു ഭാഗം ഫാനിലെ ജെറ്റ് നോസിലിലൂടെയും ബാക്കി ഭാഗം കോറിൽ തന്നെയുള്ള മറ്റൊരു നോസിലിലൂടെയും കടത്തിവിടുന്നു. വായു പ്രവാഹങ്ങളുടെ മർദത്തെ പരിസര മർദത്തിലേക്ക് പരിവർത്തനം ചെയ്യുകയാണ് അടുത്തപടി. ഇങ്ങനെ രണ്ട് വായു പ്രവാഹങ്ങൾ രൂപപ്പെടുമ്പോൾ ടർബൊ സംവിധാനത്തിൽ അനുഭവപ്പെടുന്ന പ്രതിക്രിയയാണ് വിമാനത്തെ മുന്നോട്ടുതള്ളി നീക്കുന്ന ശക്തിയായി വർത്തിക്കുന്നത്. കോറിന് അകത്തും പുറത്തുംകൂടി കടന്നുപോകുന്ന വായു പ്രവാഹങ്ങൾ തമ്മിലുള്ള അനുപാതം ബൈപ്പാസ് അനുപാതം എന്നറിയപ്പെടുന്നു. അപ്പപ്പോഴത്തെ സാഹചര്യങ്ങൾക്കനുസൃതമായി വ്യത്യസ്ത ബൈപ്പാസ് അനുപാതം തിരഞ്ഞെടുക്കുകയാണ് പതിവ്. ശബ്ദത്തെക്കാൾ കുറഞ്ഞ നിലയിൽ നിന്നു ശബ്ദാതീതനിലയിലേക്ക് വിമാനത്തിന്റെ വേഗതയെ ഉയർത്തേണ്ട സന്ദർഭങ്ങളിൽ താഴ്ന്ന ബൈപ്പാസ് അനുപാതമുള്ള ടർബൊഫാനുകൾ ഉപയോഗപ്പെടുത്തുന്നു. സൈനികാവശ്യങ്ങൾക്കായുള്ള നിരീക്ഷണപ്പറക്കൽ നടത്തുന്ന വിമാനങ്ങളിലും ഇതേ സംവിധാനം തന്നെയാണ് പ്രയോജനപ്പെടുത്താറുള്ളത്. പക്ഷേ, ട്രാൻസോണിക്ക് വേഗതയിൽ (0.6-1.0 മാക്) പറക്കുന്നവയുടെ ബൈപ്പാസ് അനുപാതം 3-7 പരിധിയിലായിരിക്കും. അതുപോലെ 0.6-ൽ താഴ്ന്ന മാക് വേഗതയുള്ള, ടർബൊപ്രൊപ് ചാലിത വിമാനങ്ങളിലെ, ടർബൊഫാനിന്റെ ബൈപ്പാസ് അനുപാതം, വളരെ ഉയർന്നതുമായിരിക്കും.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർബൊഫാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടർബൊഫാൻ&oldid=2420365" എന്ന താളിൽനിന്ന് ശേഖരിച്ചത്