ടർബൈൻ നോദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A steam turbine with the case opened

വാഹനങ്ങളിൽ, വാതക ടർബൈൻ പ്രവർത്തിപ്പിച്ചുകൊണ്ട് സൃഷ്ടിക്കുന്ന നോദനം. മറ്റ് ആന്തര ദഹന എൻജിനുകളെ അപേക്ഷിച്ച്, ഭാരക്കുറവ്, ഒതുങ്ങിയ കെട്ടുറപ്പ്, ഉയർന്ന ആയുർദൈർഘ്യം എന്നീ ഗുണമേന്മകളുള്ളതിനാൽ വാഹനങ്ങളുടെ മുഖ്യ നോദനത്തിൽ ഇന്നേറ്റവും വ്യാപകമായിട്ടുപയോഗപ്പെടുത്താറുള്ളത് ടർബൈൻ നോദന രീതിയാണ്. വിമാനം, കപ്പൽ, തീവണ്ടി, സൈനിക ടാങ്കുകൾ, സ്പോർട്സ് കാറുകൾ എന്നിവയിലെല്ലാം ഇത്തരം എൻജിൻ ഉപയോഗിച്ചുവരുന്നു.

പ്രവർത്തന രീതി[തിരുത്തുക]

ടർബൈൻ നോദന രീതി ഉപയോഗപ്പെടുത്തുന്ന എൻജിനുകളുടെ പ്രധാന ഭാഗം വാതക ടർബൈനാണ്. വാതക ടർബൈനിലെ കോർ അഥവാ വാതക ജനറേറ്റർ 'ഓപ്പൺ സൈക്കിൾ' രീതിയിൽ പ്രവർത്തിപ്പിക്കുന്നു. ഇവയിൽ ഉപയോഗപ്പെടുത്തുന്ന വാതകം അന്തരീക്ഷ വായു തന്നെയായിരിക്കും. ഈ വായുവിനെ ഭ്രമണ കംപ്രസറിൽ (rotating compressor) വച്ച് മർദവിധേയമാക്കിയ ശേഷം ജ്വലന അറയിൽ പ്രവേശിപ്പിക്കുന്നു. അവിടെ ഹൈഡ്രോകാർബൺ ദ്രാവക ഇന്ധനം കത്തിച്ച് ഈ വായുവിനെ ചൂടാക്കുന്നു. ഇതിനെ കോർ ടർബൈനിലൂടെ കടത്തിവിടുമ്പോൾ ഉയർന്ന മർദത്തിലും താപനിലയിലും ഉള്ള വാതകം ലഭ്യമാവുന്നു. ഈ വാതകത്തിലെ അവശിഷ്ട ഊർജ്ജമാണ് നോദനത്തിനുപയോഗിക്കുന്നത്.

കർഷണ-നോദക വാഹനങ്ങൾ. (traction-propelled vehicles)[തിരുത്തുക]

ബസ്സ്, ട്രക്ക്, കാർ, തീവണ്ടി, സൈനിക ടാങ്ക് എന്നിവ കർഷണ-നോദക വാഹനങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഈ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൻജിനിൽ, കോറിലെ വാതക ധാര ഉപയോഗിച്ച് ഒരു പവർ ടർബൈൻ പ്രവർത്തിപ്പിക്കുന്നു. ഇത് വാതകത്തിലെ ഊർജം വലിച്ചെടുത്ത് ഒരു 'ഹൈ-സ്പീഡ് ഡ്രൈവ് ഷാഫ്റ്റിൽ' ബലആഘൂർണം സൃഷ്ടിക്കുന്നു.

പവർ ടർബൈൻ രണ്ട് രീതിയിൽ ഘടിപ്പിക്കാറുണ്ട്. സ്വതന്ത്ര ടർബൈൻ സംവിധാനമാണ് ആദ്യ രീതി. ഇതിൽ പവർ ടർബൈൻ അതിന്റേതായ ഷാഫ്റ്റോടുകൂടി ഒരു പ്രത്യേക വിഭാഗമായി സ്ഥിതിചെയ്യുന്നു. ഷാഫ്റ്റിന്റെ ഭ്രമണത്തിന് കോറിന്റെ വേഗതയുമായി യാന്ത്രിക ബന്ധവുമില്ല. സ്ഥിര ടർബൈൻ രീതിയാണ് അടുത്തയിനത്തിൽ പ്രയോജനപ്പെടുത്തുന്നത്. ഇതിൽ പവർ ടർബൈനിനെ കോർ ടർബൈനിന്റെ ഷാഫ്റ്റിൽ തന്നെ ഉറപ്പിക്കുന്നു. ഇവിടെ ഷാഫ്റ്റിന്റെ വേഗത കോർ സ്പൂളിന്റേതിനു തുല്യമായിരിക്കും.

പവർ ടർബൈനിനെ സംചരണ സംവിധാനം വഴി കർഷണ ചക്രവുമായി ബന്ധിപ്പിച്ചാണ് വാഹനം ഓടിക്കുന്നത്.

പ്രതിക്രിയാ (reaction)ചാലിത വാഹനങ്ങൾ[തിരുത്തുക]

വിമാനം, കപ്പൽ, ദ്രുത-വേഗ ഭൂതല വാഹനങ്ങൾ എന്നിവ ഈ വിഭാഗത്തിൽപ്പെടും. ഇവയെ ഘർഷണം മൂലം പ്രവർത്തിപ്പിക്കുക അസാധ്യമാണ്. ഇവിടെ വാഹനത്തിന്റെ പരിസരത്തിലെ ദ്രവത്തെ (മിക്ക കപ്പലിലും വെള്ളത്തേയും മറ്റു വാഹനങ്ങളിൽ വായുവിനേയും) ഏതെങ്കിലും ഒരു ടർബൊ യന്ത്രസംവിധാനത്തിലൂടെ ത്വരണ വിധേയമാക്കുന്നു.

ഈ ത്വരണ പ്രക്രിയ നോദക ടർബൊ യന്ത്രസംവിധാനത്തിൽ സൃഷ്ടിക്കുന്ന പ്രതിക്രിയാ ബലമാണ് വാഹനത്തിനാവശ്യമായ പ്രയാണശക്തി നൽകുന്നത്. വാതക ജനറേറ്റിൽ നിന്നും ഊർജ്ജം വലിച്ചെടുക്കുന്ന പവർ ടർബൈൻ തന്നെയാണ് ടർബൊ യന്ത്ര സംവിധാനത്തിനാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്നത്.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

ml:ടർബൈൻ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർബൈൻ നോദനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടർബൈൻ_നോദനം&oldid=2282966" എന്ന താളിൽനിന്ന് ശേഖരിച്ചത്