ട്രോളർ
പരന്ന കോരുവല ഉപയോഗിച്ച് കടലിൽ നിന്നും മത്സ്യബന്ധനം നടത്താനുള്ള ജലവാഹനമാണ് ട്രോളർ. ഇതുപയോഗിച്ച് നടത്തുന്ന മത്സ്യബന്ധന രീതിയെ ട്രോളിങ് എന്നു പറയുന്നു. ട്രോൾ (trawl) എന്നപേരിലുള്ള വലയ്ക്ക് ഏതാണ്ട് കുടയുടെ ആകൃതിയാണ്. സമുദ്രത്തിന്റെ അടിത്തട്ടിനടുത്തുകൂടെയാവും വല മിക്കപ്പോഴും വലിച്ചു നീക്കുക. തന്മൂലം ആഴക്കടൽ മത്സ്യങ്ങളെ പിടിക്കാൻ ഏറ്റവും അനുയോജ്യമായ രീതി ട്രോളിങ് ആണ്.
ജലത്തിലൂടെ വലിച്ചു നീക്കുമ്പോൾ വലയുടെ വായ് ഭാഗം അടഞ്ഞു പോകാതിരിക്കാൻ വലയ്ക്കുള്ളിലൂടെയുള്ള ജലപ്രവാഹം തന്നെ സഹായകമാവുമെങ്കിലും ഇതര ക്രമീകരണങ്ങളും ഇതിനായി ഉണ്ടാക്കിയിട്ടുണ്ട്.
ആദ്യകാലത്ത്, ഒരുറച്ച തടിക്കഷണം ഘടിപ്പിച്ച, ബീം ട്രോൾ എന്ന ഇനം വലയാണ് ട്രോളിങിന് ഉപയോഗിച്ചിരുന്നത്. ചില പ്രദേശങ്ങളിൽ ഇവ ഇപ്പോഴും പ്രചാരത്തിലുണ്ടെങ്കിലും ഇക്കാലത്ത് കൂടുതൽ വ്യാപകമായിട്ടുള്ളത് വലയുടെ രണ്ടു വശങ്ങളിലും തടിപ്പലകകൾ (ഒട്ടർ ബോർഡുകൾ) ഘടിപ്പിച്ച് നിർമ്മിക്കുന്ന ഒട്ടർ ട്രോളുകളാണ്. പായ്ക്കപ്പലുകൾക്കു പകരം നീരാവി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ടുകളും മറ്റും ട്രോളിങിനായി പ്രയോജനപ്പെടുത്തിയതോടെയാണ് ഒട്ടർ വലകൾ നിലവിൽവന്നത്. ജലത്തിലൂടെ വലിച്ചു നീക്കപ്പെടുമ്പോൾ പലകകൾ രണ്ടു വശത്തേക്കായി തള്ളിമാറ്റപ്പെടുന്നു. ഇക്കാരണത്താൽ വലയുടെ വായ്ഭാഗം തുറന്നുതന്നെ ഇരിക്കുന്നു.
ട്രോളിങ് രീതി
[തിരുത്തുക]വലയുടെ അഗ്രം, വലയുടെ കേന്ദ്ര ഭാഗം, അതിലുറപ്പിച്ചിരിക്കുന്ന പലകകൾ എന്നിവ ചേർന്നതാണ് 'ട്രോളിങ് ഗിയർ'. ഇതിനെ ട്രോളറിൽ നിന്ന് കടലിലേക്ക് എറിഞ്ഞ ശേഷം ട്രോളർ അതിശീഘ്രം ഓടിച്ചു പോകുന്നു. വല കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുന്തോറും അതിനെ ട്രോളറുമായി ബന്ധിപ്പിക്കുന്ന ചരടിനെ അയച്ചു കൊണ്ടിരിക്കും.
ട്രോളറിൽ വല ക്രമീകരിച്ചിരിക്കുന്ന രീതിക്കനുസൃതമായിട്ടാണ് പൊതുവേ ട്രോളറുകളെ വർഗീകരിക്കുന്നത്. ഒരു വശത്തു മാത്രം ട്രോൾ ഘടിപ്പിച്ചവ സൈഡ് ട്രോളർ എന്നറിയപ്പെടുന്നു. ഔട്ട് റിഗ്ഗറുകളിൽ ട്രോളറിന്റെ ഇരുവശത്തും ട്രോളുകൾ ഉറപ്പിക്കാറുണ്ട്. മീൻ പിടിച്ച്, അവയെ കപ്പലിന്റെ ഡെക്കിലേക്കു തന്നെ വലിച്ചു കയറ്റാൻ സംവിധാനമുള്ളവയാണ്, സ്റ്റേൺ ട്രോളറുകൾ. 5,000 കുതിരശക്തിയുള്ള യന്ത്രങ്ങൾ വരെ ഇന്നിതിനായി പ്രയോജനപ്പെടുത്താറുണ്ട്. ഇവ കൂടാതെ, ശേഖരിച്ച മത്സ്യങ്ങളെ വൃത്തിയാക്കി, ശീതീകരിച്ച്, സംഭരിച്ചു വയ്ക്കാൻ ക്രമീകരണങ്ങൾ ഉള്ളതും വെള്ളത്തിൽ പൊങ്ങിക്കിടന്ന് ഫാക്ടറികൾ പോലെ പ്രവർത്തിക്കാൻ കഴിയുന്നതുമായ ട്രോളറുകളും നിലവിലുണ്ട്.
ട്രോളിങ് നിരോധനം
[തിരുത്തുക]മത്സ്യങ്ങളുടെ പ്രജനനകാലത്ത്കേരള സർക്കാർ എല്ലാ വർഷവും 45 ദിവസത്തേക്ക് കേരള തീരത്ത് ട്രോളിങ് നിരോധനം പ്രഖ്യാപിക്കാറുണ്ട്. മത്സ്യക്കുഞ്ഞുങ്ങൾ വലയിൽ അകപ്പെട്ട് വംശനാശം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ട്രോളർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |