Jump to content

ടെംപെറിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉരുക്ക്, ലോഹം, കൂട്ടുലോഹം, ഗ്ലാസ് എന്നിവയിൽ ദ്രുതശീതനം (quenching) സൃഷ്ടിക്കുന്ന ഭംഗുരതയെ (brittleness) നീക്കം ചെയ്ത് അത് വീണ്ടും ദൃഢീകരിക്കുവാനായി (toughening) പ്രയോജനപ്പെടുത്തുന്ന പ്രക്രിയ.

ഉരുക്കിന്റെ നിർമ്മാണവേളയിൽ ഉപയോഗിക്കുന്ന ദ്രുതശീതനം അതിൽ മാർടെൻസൈറ്റിന് (martensite) രൂപം നൽകുന്നതിനാൽ ഉരുക്കിനകത്ത് ആന്തരികപ്രതിബലങ്ങൾ (stresses) സൃഷ്ടിക്കപ്പെടുന്നു. ഇത് ഉരുക്കിനെ ഭംഗുരമാക്കും. ദ്രുതശീതനം നടത്താൻ ആരംഭിച്ച സമയത്തുണ്ടായിരുന്ന താപനിലയിലും താഴ്ന്ന താപനില വരെ ഉരുക്കിനെ വീണ്ടും ചൂടാക്കിയശേഷം എണ്ണ/ജലം/വായു എന്നിവയിലേതെങ്കിലുമൊരു മാധ്യമത്തിൽ വച്ച് അതിനെ തണുപ്പിച്ചാൽ മാർടെൻസൈറ്റ് വിഘടിച്ച് ആന്തരിക പ്രതിബലം മാറുകയും അയൺ കാർബൈഡ് കണികകൾ വിന്യസിക്കപ്പെട്ട് ദൃഢീകൃത ഉരുക്ക് ലഭിക്കുകയും ചെയ്യും. പൊതുവേ 373811 കെൽവിൻ പരിധിക്കുള്ളിലായിരിക്കും ടെംപെറിങ് താപനിലയെങ്കിലും താപനില ഉയരുന്നതിനനുസൃതമായി ഉരുക്കിന്റെ ദൃഢത കുറയുന്നതായി കാണപ്പെടാറുണ്ട്. അതിനാൽ ഉരുക്കിന്റെ ഇനം, അതിനു ലഭിക്കേണ്ട സ്വഭാവവിശേഷങ്ങൾ, ഉപയോഗാവശ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ടെംപെറിങ് താപനിലയും ശീതീകരണ നിരക്കും തിരഞ്ഞെടുക്കുന്നത്.

ലോഹങ്ങളിൽ അവയിലെ ആന്തരിക പ്രതിബലങ്ങൾ മാറ്റി ആവശ്യമായ ദൃഢതയും അടിച്ചു നീട്ടാവുന്ന സ്വഭാവവും (ductile) ടെംപെറിങ് കൊണ്ട് സൃഷ്ടിക്കാനാവും.

ദ്രുതശീതനത്തിനു വിധേയമാക്കപ്പെട്ട കൂട്ടുലോഹത്തിൽ അതിപൂരിത (supersaturated) ഖര ലായനി കാണുക പതിവാണ്. ഇത് ലോഹ സങ്കരത്തെ ഭംഗുരമാക്കുന്നു. അതിപൂരിത ലായനിയിലെ അളവിൽക്കൂടിയ ലേയം (solute) പുറത്തുവരുന്ന താപനില വരെ കൂട്ടുലോഹത്തെ ചൂടാക്കിയശേഷം തരികൾ (grains) രൂപപ്പെടുന്നതിനുമുമ്പ് അതിനെ പെട്ടെന്ന് തണുപ്പിക്കുന്നു. ഈ ടെംപെറിങ് അതിന് ദൃഢമായ സൂക്ഷ്മഘടന പ്രദാനം ചെയ്യുന്നു.

ഗ്ലാസിനെ വഴങ്ങുന്ന സ്ഥിതി വരെ ചൂടാക്കിയ ശേഷം, അതിലൂടെ വായു ധാര കടത്തിവിട്ടോ അതിനെ ദ്രാവകത്തിൽ മുക്കിയോ തണുപ്പിക്കുന്നു. ഈ ടെംപെറിങ് പ്രക്രിയ ഗ്ലാസിന്റെ ദൃഢത അഞ്ചു മടങ്ങോളം വർധിപ്പിക്കാൻ പര്യാപ്തമാണ്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെംപെറിങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെംപെറിങ്&oldid=2323696" എന്ന താളിൽനിന്ന് ശേഖരിച്ചത്