Jump to content

ടൂർണമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കായികമത്സരപരമ്പരകളാണ് ടൂർണമെന്റ് എന്നറിയപ്പെടുന്നത്. മധ്യകാലത്ത് സൈനികരുടെ കഴിവു പരിശോധിക്കുന്നതിനും പ്രഭുക്കന്മാരുടെ വിനോദത്തിനുംവേണ്ടി നടത്തിയിരുന്ന അശ്വാരൂഢ സൈനിക മത്സരങ്ങളായിരുന്നു ടൂർണമെന്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത് പിന്നീട് സൈനികർക്കായി നടത്തപ്പെട്ട വിനോദാഭ്യാസപരമ്പരകൾക്കെല്ലാം ഈ പേരു ലഭിച്ചു. ഇന്ന് കായികമത്സരപരമ്പരകളാണ് പ്രധാനമായും ടൂർണമെന്റ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇവയിൽ ഗെയിമുകളുടെയും അത്‌ലറ്റിക് മത്സരങ്ങളുടെയും ചാമ്പ്യൻഷിപ്പ് പരമ്പരകളാണ് മുഖ്യമായും ഉൾപ്പെടുന്നത്. നിരവധി കളിക്കാരോ കായികസംഘങ്ങളോ പല ഘട്ടങ്ങളിലായി ഏറ്റുമുട്ടുകയും അവയിലെ വിജയികൾ തമ്മിൽ തുടർന്ന് മത്സരിക്കുകയും ചെയ്ത് അവസാനവട്ടം രണ്ടു വിജയികൾ തമ്മിലുള്ള പോരാട്ടത്തിലെത്തുന്ന തരം കായികമത്സരപരമ്പരകളെയാണ് ഇന്ന് ടൂർണമെന്റ് എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്.

ചരിത്രം

[തിരുത്തുക]

പതിനൊന്നാം ശതകത്തിന്റെ ഉത്തരാർധത്തിൽ ഫ്രാൻസിലാണ് ടൂർണമെന്റ് രൂപംകൊണ്ടത്. ജ്യോഫ്രോയ് ഡി. പ്രൂല്ലി എന്ന ഫ്രഞ്ചു പ്രഭുവാണ് ഇതിന്റെ പ്രാരംഭകൻ എന്നു കരുതപ്പെടുന്നു. ആരംഭകാലത്ത് ഇതൊരു സൈനികാഭ്യാസപ്രദർശനമായിരുന്നു. സൈനികവേഷമണിഞ്ഞ പടയാളികൾ കുതിരപ്പുറത്തിരുന്ന് കുന്തവും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് യുദ്ധാഭിനയം നടത്തുകയായിരുന്നു പ്രധാന ഇനം. അതു പില്ക്കാലത്ത് പരിശീലനത്തിന്റെ ഭാഗമെന്ന നിലയിൽനിന്ന് വിനോദമത്സരമെന്ന നിലയിലേയ്ക്ക് ഉയരുകയായിരുന്നു. അതോടെ ഒരു പ്രഭുവിന്റെ കീഴിലുള്ള ഭടന്മാർ തമ്മിൽ നടന്നിരുന്ന മത്സരം വിഭിന്ന സൈനികസംഘങ്ങൾ തമ്മിലുള്ള മത്സരമായി മാറി.


പന്ത്രണ്ടാം ശതകത്തിലെ ഫ്രാൻസിൽ ടൂർണമെന്റ് വളരെയേറെ പ്രചാരം നേടിയെടുത്തു. രാജാക്കന്മാരോ പ്രഭുക്കന്മാരോ മാടമ്പിമാരോ വർഷംതോറും ടൂർണമെന്റ് സംഘടിപ്പിക്കുകയും പതിവായി. അതിനായി സംഘാടകരുടെ അടുത്തേക്കു പല ദിക്കിൽനിന്നും സൈനികസംഘങ്ങൾ എത്തി തമ്പടിച്ചു താമസിക്കുമായിരുന്നു. മത്സരത്തിൽ പങ്കെടുക്കുമ്പോൾ പങ്കാളികൾ സംഘാടകനായ പ്രഭുവിന്റെ കുലചിഹ്നം ധരിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു. നിരവധി പ്രഭുക്കന്മാർക്കും രാജകുടുംബാംഗങ്ങൾക്കും പുറമേ സാധാരണക്കാരും പ്രേക്ഷകരായി എത്തിയിരുന്നു. ഇന്ന് ഗ്യാലറികൾ എന്നറിയപ്പെടുന്ന പല തട്ടുകളുള്ള ഇരിപ്പിടങ്ങളുടെ ആദ്യ മാതൃകകൾ ഇക്കാലത്താണുണ്ടായത്. ആഭിജാത്യ മാനദണ്ഡങ്ങളനുസരിച്ച് കളിക്കളത്തിന് ഏറ്റവുമടുത്ത് പ്രഭുക്കന്മാരും പിന്നിലേക്കു സാധാരണ പ്രേക്ഷകരും എന്ന രീതി അക്കാലത്ത് ഏർപ്പെടുത്തിയിരുന്നു. ദീർഘചതുരാകൃതിയിലായിരുന്നു കളിക്കളം ഒരുക്കിയിരുന്നത്.

ആയുധധാരിയായി രണ്ട് ഭടന്മാർ കുതിരപ്പുറത്തു കയറി കളിക്കളത്തിലിറങ്ങുന്നതോടെ കളി ആരംഭിക്കും. നിശ്ചിത വ്യവസ്ഥകളോടെ അവർ പരസ്പരം പോരാടുകയും എതിരാളിയുടെ ആയുധം തെറിപ്പിക്കുകയുമാണ് ആദ്യ ഘട്ടം. തുടർന്ന് എതിരാളിയെ കുതിരപ്പുറത്തുനിന്നു വീഴ്ത്തണം. അതിൽ വിജയിക്കുന്ന ആൾ അടുത്ത പങ്കാളിയോട് മത്സരിക്കേണ്ടതാണ്. അങ്ങനെ അവസാനമത്സരത്തിൽ വിജയിക്കുന്നയാളെയാണ് യഥാർഥ വിജയിയായി കണക്കാക്കുന്നത്. ഈ മത്സരത്തോടൊപ്പം ഒരു സൗന്ദര്യറാണി മത്സരവും നടത്താറുണ്ടായിരുന്നു. അതിൽ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീയാണ് ടൂർണമെന്റ് വിജയിയെ കിരീടമണിയിക്കുന്നത്.


പന്ത്രണ്ടാം ശതകത്തിൽത്തന്നെ ഫ്രാൻസിൽ നിന്നും ഇത് ജർമനിയിലേക്കും തുടർന്ന് ഇംഗ്ലണ്ടിലേക്കും വ്യാപിച്ചു. വൈകാതെ യൂറോപ്പിലാകമാനം ടൂർണമെന്റ് നിലവിൽവന്നു. തുടക്കത്തിൽ കർശനമായ വ്യവസ്ഥകൾ ഇല്ലാതിരുന്നെങ്കിലും ക്രമേണ എല്ലാ രാജ്യങ്ങളിലും ടൂർണമെന്റ് വ്യവസ്ഥകൾ നടപ്പിലാക്കിത്തുടങ്ങി. 1292-ൽ ഇംഗ്ലണ്ടിൽ നടപ്പിലാക്കിയ സ്റ്റാറ്റ്യൂട്ട് ഒഫ് ആർമ്സ് ഫോർ ടൂർണമെന്റ് എന്ന നിയമമാണ് ഇവയിൽ ആദ്യത്തേതായി കരുതപ്പെടുന്നത്. കുതിരപ്പുറത്തുനിന്ന് വീഴുന്നവരെ ആര്, എങ്ങനെ പിടിച്ചെഴുന്നേല്പിക്കണം, പങ്കാളികൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ ആര്, എങ്ങനെ പരിഹരിക്കണം എന്നീ കാര്യങ്ങളെല്ലാം ആ നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. 14-15 ശതകങ്ങളിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും കൃത്യമായ ടൂർണമെന്റ് വ്യവസ്ഥകൾ പ്രാബല്യത്തിൽവന്നിരുന്നു. ഫുഡ്ബാൾ ടൂർണമെന്റിൽ നിന്നൊരു ദൃശ്യം

പതിനഞ്ചാം ശതകത്തോടെ ടൂർണമെന്റുകൾ വൻ ഉത്സവങ്ങളുടെ സ്വഭാവം കൈവരിച്ചു. ഇംഗ്ലണ്ടിൽ എലിസബത്ത് 1-ന്റെ കാലത്ത് ടൂർണമെന്റുകൾ മഹാമേളകൾ തന്നെയായിരുന്നു. അവയിൽ കായികമത്സരത്തോടൊപ്പം സംഗീതമത്സരങ്ങളും കാവ്യരചനാമത്സരങ്ങളും നൃത്തമത്സരങ്ങളുംവരെ ഉൾപ്പെടുത്തിയിരുന്നു. അക്കാലത്ത് നടത്തപ്പെട്ടിരുന്ന നൃത്തങ്ങൾ പില്ക്കാല ഓപ്പറയുടെ ആദ്യ മാതൃകകളായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.

15-ാം ശ.ത്തിന്റെ അന്ത്യമായപ്പോഴും മഹിളാരാധനാപ്രധാനമായ ഒരു സൈനികമത്സരമായി ഇതു തരംതാണു. സ്ത്രീകളാൽ ആദരിക്കപ്പെടുന്നു എന്നതിനാൽ വിജയികൾക്ക് സ്ത്രീകളുടെ പ്രീതി പിടിച്ചുപറ്റാനുള്ള ഒരു മാർഗ്ഗമായി പലരും ഇതിനെ ഉപയോഗിച്ചുതുടങ്ങിയതായിരുന്നു ഇതിനു കാരണം. ഇത് ടൂർണമെന്റിനെ വിനോദമത്സരമെന്ന നിലയിൽനിന്ന് അക്രമാസക്തമായ ഒരു മത്സരമാക്കി മാറ്റി. 16-ാം ശതകത്തോടെ പങ്കാളികൾ കൊല്ലപ്പെടുക സാധാരണമായിത്തുടങ്ങി. 1559-ൽ ഫ്രാൻസിലെ ഹെന്റി-കക ഒരു ടൂർണമെന്റിൽവച്ച് എതിരാളിയുടെ കുന്തമുനയേറ്റ് മരിച്ചു. അതോടെ ഫ്രാൻസിലെന്നല്ല, യൂറോപ്പിലാകമാനം ടൂർണമെന്റ് അസ്തമിക്കാനും തുടങ്ങി. 1663-ൽ ഹേഗിൽ നടന്ന ടൂർണമെന്റാണ് ഏറ്റവും അവസാനത്തേതായി കണക്കാക്കപ്പെടുന്നത്. അതിൽ ഇംഗ്ലണ്ടിലെ അശ്വാരൂഢസേനയുടെ തലവൻ പ്രിൻസ് റൂബർട്ട് നടത്തിയ പ്രകടനം ടൂർണമെന്റുകളിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി കരുതപ്പെടുന്നു.

ആദ്യകാല ടൂർണമെന്റുകളെക്കുറിച്ചുള്ള വിശദമായ വിവരണം സർ വാൾട്ടർ സ്കോട്ടിന്റെയും ട്രോയ്സിന്റെയും ഡിസ്രേലിയുടെയും ചരിത്രാഖ്യായികകളിലും ഴാങ് ഫ്രൊയ്സാറ്റിന്റെ ചരിത്രക്കുറിപ്പുകളിലുമുണ്ട്. എങ്കിലും ടൂർണമെന്റുകളുടെ അതിബൃഹത്തായ ലോകം തുറന്നുകിട്ടുന്നത് സ്കോട്ടിന്റെ ഐവാൻഹോ എന്ന ആഖ്യായികയിലാണ്.

ആധുനിക ടൂർണമെന്റ് മുഖ്യമായും രണ്ടു തരത്തിലാണുള്ളത് - നോക്ക് ഔട്ട് ടൂർണമെന്റുകളും ലീഗ് മത്സരങ്ങൾ അഥവാ റൗണ്ട് റോബിൻ ടൂർണമെന്റുകളും. നോക്ക് ഔട്ട് ടൂർണമെന്റുകളിൽ ഒരിക്കൽ തോൽക്കുമ്പോൾത്തന്നെ ആ ടീമിനെ മത്സരത്തിൽനിന്ന് ഒഴിവാക്കുകയാണു പതിവ്. കളിയുടേതല്ലാത്ത മറ്റേതെങ്കിലും കാരണത്താൽ അവർക്ക് ആ ഒരവസരം നഷ്ടപ്പെടുകയാണെങ്കിൽ, ചിലപ്പോൾ മറ്റൊരവസരം കൂടി നൽകാറുണ്ട്. അതിനെ 'കൺസൊലേഷൻ ടൂർണമെന്റ്' എന്നാണു വിളിക്കുക. രണ്ടു തവണ തോൽക്കുന്ന ടീമിനെ മാത്രം ഒഴിവാക്കുന്ന തരം നോക്ക് ഔട്ട് ടൂർണമെന്റുമുണ്ട്. ഡബിൾ എലിമിനേഷൻ ടൂർണമെന്റ് എന്നാണ് അവ അറിയപ്പെടുന്നത്. റൗണ്ട് റോബിൻ ടൂർണമെന്റുകളിൽ അഥവാ ലീഗു മത്സരങ്ങളിൽ ഓരോ ടീമിനും മറ്റെല്ലാ ടീമിനോടും കളിക്കേണ്ടതായി വരുന്നു. മറ്റു ടീമുകളോട് ഒരു തവണ മാത്രം കളിക്കേണ്ടുന്നവ സിംഗിൾ ലീഗ് എന്നും രണ്ടു തവണ കളിക്കേണ്ടുന്നവ ഡബിൾ ലീഗ് എന്നും അറിയപ്പെടുന്നു. ഇവയ്ക്കു പുറമേ കോംബിനേഷൻ ടൂർണമെന്റുകളും ഇപ്പോൾ നിലവിലുണ്ട്. ഒരു നോക്ക് ഔട്ടിനെ തുടർന്ന് വീണ്ടും ഒരു നോക്ക് ഔട്ട് ടൂർണമെന്റ്, ഒരു ലീഗിനെത്തുടർന്ന് വീണ്ടും ഒരു ലീഗ്, ഒരു നോക്ക് ഔട്ടിനെത്തുടർന്ന് ഒരു ലീഗ്, ഒരു ലീഗിനെത്തുടർന്ന് ഒരു നോക്ക് ഔട്ട് ഇങ്ങനെ നാലു തരത്തിലാണ് കോംബിനേഷൻ ടൂർണമെന്റുകൾ നടത്താറുള്ളത്.

പ്രധാന ടൂർണമെന്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൂർണമെന്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൂർണമെന്റ്&oldid=2282863" എന്ന താളിൽനിന്ന് ശേഖരിച്ചത്