ടൂളിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന സഹായകോപകരണങ്ങൾ. ഡ്രില്ലിങ് പ്രസ്സ്, മില്ലിങ് മെഷീൻ, പ്ലയ്നെർ, ഷേപ്പെർ എന്നിവയിലാണ് ഇവ കൂടുതലായി ഉപയോഗിക്കാറുള്ളത്. തൊഴിലാളികളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെട്ട രീതിയിൽ ക്രമീകരിക്കാനും, നിർദിഷ്ട യന്ത്ര ഭാഗങ്ങൾ നിർമ്മിക്കാൻവേണ്ടി യന്ത്രോപകരണങ്ങളെ പ്രത്യേകമായി സജ്ജീകരിക്കാനും, ഇതുമൂലം കഴിയും.

ഉപയോഗമനുസരിച്ച് ടൂളിങ്ങിനെ ജിഗ്, ഫിക്സ്ചർ, ഡൈ, ഗേജ് എന്നിങ്ങനെ തരംതിരിക്കാറുണ്ട്.

കൈപണിയായുധങ്ങളായ ചുറ്റിക, റെഞ്ച്, പ്ളെയർ, സ്ക്രൂ ഡ്രൈവർ, കാലിപ്പെർ, മൈക്രോമീറ്റർ, സ്കെയിൽ തുടങ്ങിയവയേയും, ഉപയോഗംമൂലം തേഞ്ഞ് നശിച്ചുപോകുന്ന ഉപകരണങ്ങളേയും (ഉദാഹരണത്തിന് ഡ്രില്ല്, റീമർ, മില്ലിങ് കട്ടർ, കാർബൈഡ് ടൂൾബിറ്റ് തുടങ്ങിയവ) പൊതുവേ ടൂളിങ് വിഭാഗത്തിൽ ഉൾപ്പെടുത്താറില്ല. ത്രിജ്യ ഡ്രിൽ പ്രസ്സിലെ ടൂണിയൻ ഡ്രിൽ

ടൂളിങ് മൂലം നിരവധി പ്രയോജനങ്ങളുണ്ട്. യന്ത്രോപകരണങ്ങൾ ഓരോ ആവശ്യത്തിനും നേരിട്ട് ഉപയോഗിക്കുമ്പോൾ യന്ത്ര ഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചാൽ ആ യന്ത്രം തന്നെ മാറ്റേണ്ടിവരുന്നു. അതുപോലെ ഓരോ പ്രവർത്തിക്കും അനുയോജ്യമായ രീതിയിൽ പ്രത്യേകം യന്ത്രോപകരണങ്ങൾ നിർമ്മിക്കുന്നത് അധികചെലവിനും ഇടയാകുന്നു. എന്നാൽ ടൂളിങ് മൂലം ഇത്തരം പ്രശ്നങ്ങൾ തരണം ചെയ്യാനാകുന്നു. ഓരോ പ്രവർത്തനത്തിനും സ്വീകാര്യമായ തരത്തിലുള്ള ടൂളിങ് ഭാഗങ്ങൾ ആദ്യം നിർമ്മിക്കുന്നു. പിന്നീട് ഇവയെല്ലാം ആവശ്യാനുസരണം പ്രവർത്തിപ്പിക്കാനാകുന്ന എതാനും യന്ത്രങ്ങൾ മാത്രം നിർമിച്ചാൽ മതിയാകും. അതുപോലെ ഉപയോഗംകൊണ്ട് ടൂളിങിന് തേയ്മാനം വരുമ്പോൾ ടൂളിങ് മാത്രം മാറ്റി മറ്റൊരെണ്ണം ഘടിപ്പിച്ചാൽ മതിതാനും. ഉപയോഗരീതിക്കനുസൃതമായി ടൂളിങ്ങിനെ വിവിധ രീതിയിൽ യന്ത്രത്തിൽ ഉറപ്പിക്കുകയുമാവാം. യന്ത്രം പെട്ടെന്ന് കാലഹരണപ്പെടുന്നതും ഇതുമൂലം ഒരു പരിധിവരെ തടയാനാകുന്നു. സാങ്കേതിക വികസനം മൂലം പുതിയ രീതിയിലുള്ള നടപടിക്രമങ്ങൾ ആവിഷ്ക്കരിക്കുമ്പോൾ അതിനാവശ്യമായ നവീന ടൂളിങ്ങുകൾ നിർമിച്ചാൽ മാത്രം മതിയാകും.

പ്രക്രിയകൾ. ടൂളിങ് ഉപയോഗിച്ചുള്ള പ്രക്രിയകളെ ലൊക്കേറ്റിങ് അഥവാ സ്ഥാന നിർണയം, പൊസിഷനിങ് അഥവാ ഘടിപ്പിക്കൽ രീതി, ക്ലാംപിങ്, കട്ടർ ഗൈഡിങ് എന്നിങ്ങനെ പൊതുവേ നാലായി തരംതിരിക്കാം.


1. സ്ഥാന നിർണയം. വർക്ക്പീസും, ടൂളിങ്ങും തമ്മിൽ ശരിയായി ബന്ധപ്പെടുത്തുകയാണിതിന്റെ ലക്ഷ്യം. ടൂളിങ് രൂപകൽപ്പനാവേളയിൽത്തന്നെ ഇതിനായിട്ടുള്ള ക്രമീകരണങ്ങൾ നടത്തുന്നു.

സമാന കേന്ദ്ര സ്ഥാന നിർണയം, സമതല സ്ഥാന നിർണയം, റേഡിയൽ സ്ഥാന നിർണയം എന്നിങ്ങനെ സ്ഥാന നിർണയം മൂന്നു വിധത്തിലുണ്ട്. വിവിധ ഇനം വർക്ക്പീസുകൾ

വർക്ക്പീസിന്റെ മധ്യത്തിൽ വരുന്ന രീതിയിൽ ടൂളിങ് വയ്ക്കുന്നതാണ് സമാന കേന്ദ്ര (concentric) സ്ഥാന നിർണയം. ഉപയോഗവേളയിൽ ടൂളിങ് ഒരു തിരശ്ചീന (horizontal) തലത്തിൽ ചാഞ്ചാടാതിരിക്കാനായിട്ടാണ് ഇപ്രകാരം ചെയ്യുന്നത്. ഇവിടെ ടൂളിങ്ങിന്റെ പ്രതലവും വർക്ക്പീസിന്റെ പ്രതലവും പരസ്പരം സ്പർശിക്കുന്ന രീതിയിൽ ഘടിപ്പിക്കുന്നു. ഇതിനായി ക്ലാപ്പുകൾ ഉപയോഗിക്കാറുണ്ട്. ടൂളിങ് ഒരു പ്രത്യേക കോണത്തിൽ ആണ് ഉറപ്പിക്കേണ്ടതെങ്കിൽ റേഡിയൽ സ്ഥാന നിർണയമാണ് നടത്തേണ്ടത്.

2. ക്ലാംപിങ് ടൂളിങിനെ ഉറപ്പിച്ചു നിറുത്താനും ആവശ്യാനുസരണം ഒരു നിശ്ചിത ദിശയിൽ ക്ളാംപിങ് ബലം സൃഷ്ടിക്കാനുമാണിത് പ്രയോജനപ്പെടുത്തുന്നത്; എന്നാൽ ക്ലാംപിങ് മൂലം ടൂളിങ്ങിനു ക്ഷതമേൽക്കാനും പാടില്ല. ടൂളിങ് ഉപയോഗിക്കുമ്പോൾ ടൂളിങ്ങിനേയും വർക്ക്പീസിനേയും ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ മുഴുവനും കർഷണ ബലത്തെ (cutting force) സ്വാംശീകരിക്കുന്ന രീതിയിൽ വേണം ക്ലാംപിങ് നടത്തേണ്ടത്.

3. ടൂളിങ്ങിന്റെ ഘടിപ്പിക്കൽ രീതി. വിവിധ ടൂളിങ്ങുകളെ പസ്പരം ആപേക്ഷികമായി ഉറപ്പിക്കുന്ന രീതിയാണിത്. ഒരു ജോലിക്കുള്ള വർക്ക്പീസിൽ വ്യത്യസ്ത ടൂളിങ്ങുകൾ നിശ്ചിത സ്ഥാനങ്ങളിൽ ഘടിപ്പിക്കേണ്ടതായി വരും. ഇവയോരോന്നിന്റേയും പരസ്പര സ്ഥാന നിർണയം ഉറപ്പാക്കുന്നത് പൊസിഷനിങ്ങിലൂടെയാണ്.

4. ഗൈഡിങ്. ടൂളിങ് ഉപകരണത്തെ അനുയോജ്യമായി നയിക്കുന്ന പ്രക്രിയയാണ് ഗൈഡിങ് എന്നറിയപ്പെടുന്നത്. ചില ആവശ്യങ്ങൾക്ക് ടൂളിങ്ങിന്റെ അടിവശം കൊണ്ട് പണി ചെയ്യേണ്ടതായി വരും; മറ്റു ചിലയവസരങ്ങളിൽ ടൂളിങിന്റെ വശങ്ങൾ കൊണ്ടായിരിക്കും പ്രവർത്തനം നടത്തുന്നത്. ഇതെല്ലാം ഉറപ്പാക്കുകയാണ് ഗൈഡിങിന്റെ ലക്ഷ്യം.

അസെംബ്ലി ലൈൻ ഉൽപ്പാദനവും ന്യൂമെറിക്കൽ കൺട്രോളും വന്നതോടെ യാന്ത്രിക നിർമ്മാണ രീതിക്ക് പ്രാധാന്യമേറി. ഇതുമൂലം വ്യത്യസ്ത ജോലികൾ ചെയ്യാൻ പ്രാപ്തിയുള്ള അനവധി യാന്ത്രികോപകരണ നിർമ്മാണ ബ്ളോക്കുകൾ വേണ്ടിവന്നു. ഇവയെ വിവിധ വർക്ക് സ്റ്റേഷനുകൾ ഘടിപ്പിക്കുന്നു. ഈ വർക്ക് സ്റ്റേഷനുകളിലൂടെ കടന്നുപോയിക്കഴിയുമ്പോഴേക്കും ഉപകരണം തയ്യാറാക്കിക്കഴിഞ്ഞിരിക്കും. ഇതിനായി, ആവശ്യമുള്ള എല്ലാ ടൂളിങ് രീതിക്കും അനുയോജ്യമായ, മാസ്റ്റർ ലൊക്കേറ്റിങ് പ്രതലങ്ങളോടുകൂടിയ, ടൂളിങ് പാലെറ്റുകൾ, നിർമ്മിക്കുന്നു. ഓരോ വർക്ക് സ്റ്റേഷനിലും അവിടത്തെ പ്രവർത്തനത്തിനനുയോജ്യമായ രീതിയിൽ പാലെറ്റിനെ ക്രമീകരിക്കുകയും സ്വചാലിത രീതിയിൽ പ്രവർത്തിക്കാനാവും വിധം ഘടിപ്പിക്കുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൂളിങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൂളിങ്&oldid=2282860" എന്ന താളിൽനിന്ന് ശേഖരിച്ചത്