Jump to content

ടുൻഗുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Manchu people in Fuzhou in 1915

കിഴക്കൻ സൈബീരിയയിലെ ആർട്ടിക് വൃത്തത്തിനു സമീപമുള്ള വനപ്രദേശങ്ങളിൽ ജീവിക്കുന്ന മംഗോൾ ജനവിഭാഗമാണ് ടുൻഗുസ്. 17 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ ചൈനയിൽ ഭരണം നടത്തിയിരുന്ന മഞ്ചു വംശവുമായി ടുൻഗുസിന് വളരെ അടുത്ത ബന്ധമുണ്ടെന്നാണ് അവരുടെ വംശചരിത്രം വ്യക്തമാക്കുന്നത്. ഇരു വിഭാഗങ്ങളുടെയും മൂലസ്ഥാനം ആമുർ തടമാണെന്ന് കരുതപ്പെടുന്നു. യെനിസി നദീതീരത്തു നിന്നും കിഴക്കോട്ട് പസിഫിക് സമുദ്രംവരെയുള്ള പ്രദേശവും കൊറിയ മുതൽ കാമചത്ക വരെയുള്ള തീരപ്രദേശവും ആർട്ടിക് തീരത്തുള്ള നിസൊവായ തുണ്ട്റയും മറ്റും ഉൾപ്പെട്ടതാണ് ടുൻഗുസുകളുടെ ഇപ്പോഴത്തെ അധിവാസകേന്ദ്രങ്ങൾ.

'ജനങ്ങൾ' എന്നർഥം വരുന്ന ചൈനീസ് പദത്തിൽനിന്നുമാണ് 'ടുൻഗുസ്' എന്ന പേര് നിഷ്പന്നമായത്. യുറാൽ-ആൾട്ടായിക് ഭാഷാവിഭാഗത്തിലെ 'ടുൻഗുസിക്' ഭാഷയാണ് ഇവരുപയോഗിക്കുന്നത്. ടുൻഗുസുകളിൽ 'ഇവെൻകി' (Evenki), 'ഇവെനി' (Eveni) അഥവാ ലാമട്ട്' (Lamut) എന്നീ രണ്ടു പ്രധാന വിഭാഗങ്ങളും 'നെഗിഡാൽ' (Negidal), 'ഗോൾഡുകൾ' (Golds), 'ഡോൾഗൻ' (Dolgan) തുടങ്ങിയ ചെറു വിഭാഗങ്ങളുമുണ്ട്. കറുത്ത നിറമുള്ളതും എഴുന്നു നിൽക്കുന്നതുമായ തലമുടിയും ഉയർന്ന കവിളെല്ലുകളും ചരിഞ്ഞ കണ്ണുകളും ഈ ജനവിഭാഗത്തിന്റെ പ്രത്യേകതകളാണ്. ഇവരിൽ മഞ്ഞ നിറവും തവിട്ടുനിറവുമുള്ള വിഭാഗവുമുണ്ട്.

നായാട്ട്, മത്സ്യബന്ധനം, കലമാൻ വളർത്തൽ എന്നിവയാണ് ടുൻഗുസ് സമൂഹത്തിന്റെ പ്രധാന തൊഴിലുകൾ. കന്നുകാലി വളർത്തലും, കുതിര വളർത്തലും, കൃഷിപ്പണിയും ഇവരുടെ മറ്റ് തൊഴിലുകളായിപ്പറയാം. പിതൃദായക്രമമാണ് ഇവർ പിന്തുടരുന്നത്. ഇവരുടെ പരമ്പരാഗത മതം പ്രേതാത്മാക്കളിലും മന്ത്രവാദത്തിലും അധിഷ്ഠിതമാണ് (Shamanism). രോഗശാന്തി വരുത്തുവാനും പ്രവചനങ്ങൾ നടത്തുവാനും മറ്റും ടുൻഗുസ് ജനത മന്ത്രവാദികളായ പുരോഹിതന്മാരെ ആശ്രയിക്കുന്നു. ക്രിസ്തുമതവും ബുദ്ധമതവും സ്വീകരിച്ചവരും ഇവരുടെയിടയിലുണ്ട്.

ഇന്ന് ഉദ്ദേശം 80,000 ടുൻഗുസുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവരിൽ 15,000-ത്തോളം പേർ ആമുർ തടത്തിലും ശേഷിച്ചവർ സൈബീരിയയിലുമാണ് പാർക്കുന്നത്.

ചിത്രശാല

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടുൻഗുസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടുൻഗുസ്&oldid=3138350" എന്ന താളിൽനിന്ന് ശേഖരിച്ചത്