Jump to content

ടിന്റോറെറ്റൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിന്റോറെറ്റൊ
Tintoretto
Detail of a self-portrait
ദേശീയത Venetian
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംItalian Renaissance

ഇറ്റാലിയൻ ചിത്രകാരനാണ് ടിന്റോറെറ്റൊ. മൈക്കലാഞ്ജലോയുടെ രൂപകല്പനയും ടിഷ്യന്റെ വർണരഞ്ജനവും സംയോജിപ്പിക്കുന്ന ഒരു ശൈലിയിലാണ് ടിൻറ്റോറെറ്റോ ചിത്രരചന നടത്തിയിരുന്നത്.

ജീവിതരേഖ[തിരുത്തുക]

വെനീസ്സിൽ ഒരു ചായപ്പണിക്കാരന്റെ മകനായി 1518-ൽ ജനിച്ചു. കൊച്ചു ചായപ്പണിക്കാരൻ എന്നർഥം വരുന്ന ടിൻറ്റൊ റെറ്റോ എന്ന പേര് ഇപ്രകാരമാണ് ഇദ്ദേഹത്തിന് ലഭിച്ചത്[1]. പ്രസിദ്ധ ചിത്രകാരനായ ടിഷ്യന്റെ ശിഷ്യനാണിദ്ദേഹം എന്നൊരഭിപ്രായമുണ്ട്. 1540-ലാണ് ആദ്യത്തെ ചിത്രരചന നടത്തിയത്. 1548-ൽ വരച്ച സെന്റ് മാർക്ക് റെസ്ക്യൂയിങ് ദ് സ്ലേവ് എന്ന ചിത്രം ഇദ്ദേഹത്തെ പ്രശസ്തനാക്കി. വെനീസ് അക്കാദമിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

ടിഷ്യനുശേഷം വെനീസ്സിലെ പ്രമുഖ ചിത്രകാരനായ ടിൻറ്റോ റെറ്റോ റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ചിത്രകാരനായി അവരോധിക്കപ്പെട്ടു.

വെനീസ്സിലെ രക്ഷാധികാരികൾക്കുവേണ്ടിയാണ് ടിൻറ്റൊ റെറ്റോ മിക്ക ചിത്രങ്ങളും വരച്ചത്. ഡുക്കൽ കൊട്ടാരത്തിൽ ചരിത്രസംഭവങ്ങൾ പലതും ഇദ്ദേഹം വരച്ചുകാട്ടുകയുണ്ടായി. വെനീസ്സിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ ഓയിൽ പെയിന്റിങ്ങിനാണ് പ്രാധാന്യം നൽകിയത്. കൊറൊണേഷൻ ഓഫ് ദ് വിർജിൻ ഓർ പാരഡൈസ് (1588) കാൻവാസിൽ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ പെയിന്റിങ്ങായി കരുതപ്പെടുന്നു.

വെനീസ്സിലെ പ്രസിദ്ധ സഹോദരസംഘമായ 'സ്കോളാഡിസാൻ റോക്കോ' മന്ദിരത്തിൽ ടിൻറ്റോ റെറ്റോ 1564-88 കാലയളവിൽ വരച്ച അൻപതിലേറെ പെയിന്റിങ്ങുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വിർജിനെയും ക്രിസ്തുവിനെയും പഴയനിയമത്തെയും സംബന്ധിച്ച രചനകളാണിവ. 1564-ൽ അപ്പോതിയോസിസ് ഒഫ് സെന്റ് റോച്ചിന്റെ സീലിങ്ങ് പെയിന്റ് ചെയ്യാനുള്ള അനുവാദം ലഭിച്ചതിനെ തുടർന്ന് മന്ദിരം മുഴുവൻ മോടിപിടിപ്പിക്കാൻ റെറ്റോയ്ക്ക് അവസരം ലഭിക്കുകയും അത് അദ്ദേഹത്തിന്റെ തന്നെ ഒരു സ്മാരകമായി പില്ക്കാലത്ത് മാറുകയും ചെയ്തു.

ക്യാൻവാസിലേക്ക് പല കോണുകളിൽ നിന്നു ചലിക്കുന്ന രൂപങ്ങളാണ് ടിൻറ്റോ റെറ്റോ ചിത്രങ്ങളുടെ ഒരു സവിശേഷത. മൈക്കലാഞ്ജലോയുടെ രചനകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെങ്കിലും അസാധാരണ വീക്ഷണങ്ങളിലൂടെ പലപ്പോഴും മൈക്കലാഞ്ജലോയുടെ കലാതത്ത്വങ്ങളെത്തന്നെ അതിക്രമിച്ചു കടക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നാടകീയപ്രഭാവമുള്ള ഇദ്ദേഹത്തിന്റെ രചനകൾ പിൽക്കാല ചിത്രകാരന്മാരെ ഏറെ സ്വാധീനിക്കുകയുണ്ടായി.

1594 മേയ് 31 -ന് ഇദ്ദേഹം വെനീസ്സിൽ അന്തരിച്ചു

ഗ്യാലറി[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിന്റോറെറ്റൊ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിന്റോറെറ്റൊ&oldid=2521369" എന്ന താളിൽനിന്ന് ശേഖരിച്ചത്