Jump to content

ടാർഡിഗ്രാഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടാർഡിഗ്രാഡ
Temporal range: തുടക കമ്പ്രിയൻ - സമീപസ്ഥം[1]
The tardigrade Hypsibius dujardini
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
(unranked):
കിങ്ഡം:
Subkingdom:
Superphylum:
(unranked):
(unranked):
Phylum:
Tardigrada

Classes [2]

Heterotardigrada
Mesotardigrada
Eutardigrada

സൂക്ഷ്മ അകശേരുകികളുടെ ഒരു വർഗ്ഗമാണ് ടാർഡിഗ്രാഡ. എട്ടു കാലുകളുള്ളതും കശേരുക്കളായുള്ള ശരീരമുള്ളതുമായ സൂക്ഷ്മജലജീവികളാണ് ടാർഡിഗ്രേഡുകൾ(Tardigrada). ജലക്കരടികൾ, മോസ്‌പ്പന്നികൾ എന്നീ പേരിലും ഇവ അറിയപ്പെടുന്നു..ജോൺ ആഗസ്റ്റ് എഫ്രൈം ഗോസ് എന്ന ജെർമൻ പാതിരി 1773 ആണ് ആദ്യമായി ഇവയെ കണ്ടെത്തിയത്. ലാസറൊ സ്പലാൻസനി എന്ന ഇറ്റാലിയൻ ബയോളജിസ്റ്റാണ് മൂന്നു വർഷത്തിനു ശേഷം ഇവയ്ക്ക് ഈ പേർ നൽകിയത്. പതുക്കെ നീങ്ങുന്ന എന്നാണ് ഈ വാക്കിനർത്ഥം. ഈ ഫൈലത്തെ ഹിമം മൂടിയ കൊടുമുടി മുതൽ കടലിന്റെ അടിത്തട്ടിൽ വരെ കാണാൻ കഴിയും. ട്രോപ്പിക്കൽ മഴക്കാടുകളിൽ മുതൽ അന്റാർട്ടിക്കയിൽ വരെ ഇതിനെ കണ്ടിട്ടുണ്ട്. അതി കഠിനമായ സാഹചര്യങ്ങളെപ്പോലും ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. അബസലൂട്ട് സീറൊക്ക് തൊട്ടുമുകളിലുള്ള താപനില മുതൽ ജലത്തിന്റെ തിളനിലക്ക് മുകളിൽ വരെ ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. സമുദ്രത്തിലേ ഏറ്റവും ആഴത്തിലുള്ള കൊക്കകളിലേതിലും ആറിരട്ടി മർദ്ദമുള്ളിടത്തും, മനുഷ്യന് മരണകാരണമാകാവുന്നതിന്റെ നൂറുമടങ്ങ് കൂടുതൽ അയൊണൈസ്ങ് റേഡിയേഷണുള്ള ഇടത്തും, ബഹിരാകാശത്തിലെ ശൂന്യതയിലും ഇവ അതിജീവിക്കുന്നതായി കണ്ടിട്ടുണ്ട്. ദ്വി-പാർശ്വസമമിതിയുള്ള ഈ ജീവികൾക്ക് ഒരു മില്ലിമീറ്ററിന് താഴെ മാത്രമേ നീളമുണ്ടായിരിക്കുകയുള്ളു. നാനൂറോളം സ്പീഷീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ കഴിവുള്ള ഇവ ആഗോളവ്യാപകമായി കാണപ്പെടുന്നു. ഇവയെ ഏത് ജന്തു ഫൈലത്തിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ശാസ്ത്രകാരന്മാർക്കിടയിൽ തർക്കമുണ്ട്. ചിലർ ഇവയെ ആർത്രൊപോഡ ജന്തുഫൈലവുമായി ബന്ധപ്പെടുത്തുമ്പോൾ മറ്റു ചിലർ ഇവയെ അനലിഡയിൽ ഉൾപ്പെടുത്തണമെന്ന പക്ഷക്കാരാണ്. ഇവയെ ഒരു സ്വതന്ത്രവർഗമായി നിലനിർത്തണമെന്നു വാദിക്കുന്ന ശാസ്ത്രകാരന്മാരും കുറവല്ല.

മുന്നറ്റത്ത് ഒരു പ്രോസ്റ്റോമിയവും തുടർന്ന് പിന്നിലേക്ക് അഞ്ച് ഖണ്ഡങ്ങളുമുള്ള ശരീരഘടനയുമാണ് ഇവയ്ക്കുള്ളത്. വായ പ്രോസ്റ്റോമിയത്തിലാണ് കാണപ്പെടുന്നത്. മൃദുവായ ഒരു ഉപചർമം ശരീരത്തേയും അഗ്ര-പശ്ച ആന്ത്രങ്ങളേയും പൊതിഞ്ഞിരിക്കുന്നു. നാലു ജോടി അധര-പാർശ്വക പാദങ്ങൾ ഇവയ്ക്കുണ്ട്. പാദാഗ്രങ്ങളിൽ നഖങ്ങളും കാണപ്പെടുന്നു. ഒരു ജോടി ഉപചർമീയ മുഖ-ഗ്രന്ഥികളും ശൂകികകളും ഇവയുടെ മറ്റു പ്രത്യേകതകളാണ്. പചനവ്യൂഹം നാളീരൂപത്തിലുള്ളതാണെങ്കിലും ചില ഭാഗങ്ങൾ വീർത്ത് സഞ്ചീരൂപം കൈവരിക്കാറുണ്ട്. ഗ്രസിക ഗ്രസനി എന്നിവ പേശീനിർമിതവുമാണ്.

ഹെറ്ററോടാർഡിഗ്രാഡകളിൽ ജനനാംഗ രന്ധ്രവും ഗുദദ്വാരവും പ്രത്യേകം പ്രത്യേകം കാണപ്പെടുന്നു. എന്നാൽ യൂടാർഡിഗ്രാഡയിൽ ഇവ രണ്ടും ചേർന്ന് അവസ്ക്കരം എന്ന ദ്വാരം രൂപമെടുത്തിരിക്കുന്നു. ഈ ജീവികളിൽ ലിംഗഭേദം ദൃശ്യമാണ്. ജനനാംഗങ്ങൾ ശരീരത്തിനുള്ളിൽ മുകൾഭാഗത്തേക്കു നീങ്ങി സഞ്ചിരൂപത്തിൽ കാണപ്പെടുന്നു. ജനനാംഗം ഒറ്റയായിട്ടാണ് കാണപ്പെടുന്നതെങ്കിലും ഒരു ജോടി യുഗ്മക-വാഹിനികൾ ഉണ്ട്. ഇവ മുട്ടകളിട്ടാണ് പ്രജനനകർമം നിർവഹിക്കുന്നത്. മിക്ക സ്പീഷീസിലും ബാഹ്യബീജസങ്കലനരീതിയാണുള്ളത്. അപൂർവം ചിലയിനങ്ങളിൽ ആന്തരിക ബീജസങ്കലനവും നടക്കാറുണ്ട്. രണ്ട് സ്പീഷീസിൽ അനിഷേകജനനവും രേഖപ്പെടുത്തിയിട്ടുണ്ട്.

മുട്ടകൾ നേർ-പരിവർധന വിധേയമായി പുതിയ തലമുറയ്ക്ക് രൂപം നൽകുന്നു. സ്പീഷീസിന്റെ വ്യത്യാസം, പരിതഃസ്ഥിതിയിലെ താപവ്യതിയാനങ്ങൾ എന്നിവയ്ക്കനുസരണമായി 3 മുതൽ 40 ദിവസം വരെ മുട്ടവിരിയാൻ സമയമെടുക്കാറുണ്ട്. പുതിയതായി വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ജലം ഉള്ളിലേക്ക് വലിച്ചെടുക്കുക വഴി വളരെ വേഗം വലിപ്പം വയ്ക്കുന്നു. പൂർണവളർച്ചയെത്തുന്നതിനു മുമ്പു തന്നെ ഇവ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും.

ടാർഡിഗ്രാഡകൾ മുഖ്യമായും സസ്യഭോജികളാണ്. സസ്യകോശഭിത്തി ശൂകികകൾ ഉപയോഗിച്ചു തുരന്ന് ഉള്ളിലെ വസ്തുക്കളെ ഗ്രസനിയുടെ പ്രത്യേക വലിച്ചെടുക്കൽ പ്രവർത്തനം വഴി ഇവ ഉള്ളിലേക്ക് എടുക്കുന്നു. അഗ്രആന്ത്രം അമ്ല സ്വഭാവവും പശ്ച-ആന്ത്രം ക്ഷാരസ്വഭാവവും ഉള്ളതാണ്. പശ്ച-ആന്ത്രത്തിലെ കോശങ്ങൾക്കുള്ളിൽവച്ചാണ് പചനം നടക്കുന്നത്. മിൽനീസിയം പോലെയുള്ള ചില ടാർഡിഗ്രാഡ് ഇനങ്ങൾ റോട്ടിഫറുകൾ, നിമറ്റോഡുകൾ എന്നീ ജീവികളുടെ ശരീരത്തിൽ നിന്നും ശൂകികകളുപയോഗിച്ച് മൃദുഭാഗങ്ങൾ വലിച്ചെടുക്കാറുണ്ട്. അഞ്ച് ആഴ്ച വരെ ഇവയ്ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനുമാവും.

ജീവിക്കുന്ന പരിസരം ഉണങ്ങിവരളുന്ന ഘട്ടത്തിൽ ടാർഡിഗ്രാഡകൾ ബാരലിന്റെ ആകൃതിയിലുള്ള സിസ്റ്റിന്റെ രൂപത്തിൽ നിഷ്ക്രിയ ജീവിയായി കഴിഞ്ഞുകൂടും. ഇപ്രകാരം ഇവയുടെ മുട്ടകളും ഇത്തരം ഘട്ടങ്ങളെ വിജയകരമായി തരണം ചെയ്യാറുണ്ട്.

ഏതാണ്ട് 18 മാസങ്ങളാണ് ടാർഡിഗ്രാഡകളുടെ ജീവിതദൈർഘ്യം. ഇതിനിടയിൽ ഇവ 12 പ്രാവശ്യം പടംപൊഴിക്കും. ഒരു പടം പൊഴിക്കലിന് 5 മുതൽ 10 ദിവസങ്ങൾ വരെ വേണ്ടിവരും. ഈ ദിവസങ്ങളിൽ ഇവ ഭക്ഷണം കഴിക്കാറുമില്ല. ഓരോ പടം പൊഴിക്കലിനുശേഷവും അധിചർമം സ്രവണത്തിലൂടെ പുതിയ പുറംചട്ടയ്ക്ക് രൂപം നൽകുന്നു.

ടാർഡിഗ്രാഡകൾ ശരീരകോശങ്ങളുടെ സംഖ്യയുടെ കാര്യത്തിൽ ഒരുതരം സ്ഥിരത പ്രകടിപ്പിക്കുന്നു. ഒരു ജീനസ്സിലെ എല്ലാ സ്പീഷീസിലും ഒരേ സംഖ്യയിലുള്ള അധിചർമകോശങ്ങളാണ് ഉണ്ടായിരിക്കുക. മിൽനീസിയം എന്ന ജീനസ്സിലൊഴികെ മറ്റെല്ലാ ജീനസ്സുകളിലും ഈ കോശസംഖ്യാസ്ഥിരത കാണപ്പെടുന്നുണ്ട്.

ആഗോളവ്യാപകമായി കാണപ്പെടുന്ന ടാർഡിഗ്രാഡകളിൽ എക്കിനിസ്കോയ്ഡസ് സിജിസ്മുണ്ടി സ്പീഷീസാണ് പ്രാധാന്യമേറിയത്. വ്യത്യസ്ത ആവാസവ്യവസ്ഥകളോട് ഇണങ്ങി ജീവിക്കാനും ഇവയ്ക്കു കഴിയും.

അവലംബം[തിരുത്തുക]

  1. Budd, G.E. (2001). "Tardigrades as 'stem-group arthropods': the evidence from the Cambrian fauna". Zool. Anz. 240: 265–279. doi:10.1078/0044-5231-00034.
  2. "Tardigrada". Integrated Taxonomic Information System.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാർഡിഗ്രാഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാർഡിഗ്രാഡ&oldid=2304614" എന്ന താളിൽനിന്ന് ശേഖരിച്ചത്