Jump to content

ടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാവുകടലിന്റെ തീരത്ത് നിന്നും ലഭിക്കുന്ന പ്രകൃതി ദത്തമായ ടാർ
ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് ലഭിക്കുന്ന ടാർ
ടാർ പാട്ട

തടി, കൽക്കരി, പെട്രോളിയം തുടങ്ങിയ ജൈവവസ്തുക്കളുടെ വിയോജകസ്വേദനം വഴി ലഭിക്കുന്ന കറുത്ത നിറമുള്ള ഒരു പദാർത്ഥമാണ് ടാർ. അനവധി ഘടക വസ്തുക്കളടങ്ങിയ അർധദ്രവാവസ്ഥയിലുള്ള ഒരു മിശ്രിതമാണിത്. അംശികസ്വേദനം വഴി ടാറിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളെ വേർതിരിക്കാം. ഓരോ ജൈവ പദാർഥത്തിൽ നിന്നും ലഭിക്കുന്ന ടാറിന്റെ ഘടകപദാർഥങ്ങൾ വ്യത്യസ്തങ്ങളായിരിക്കും. കൽക്കരി ടാർ (Coal tar) ആണ് ഏറ്റവും വ്യാവസായിക പ്രാധാന്യമർഹിക്കുന്ന ഇനം. ഇതിന്റെ അംശിക സ്വേദനം വഴി 200-ലേറെ വ്യത്യസ്ത സംയുക്തങ്ങൾ വേർതിരിക്കുവാൻ സാധിച്ചിട്ടുണ്ട്. ചായങ്ങൾ, സ്ഫോടകവസ്തുക്കൾ, അണുനാശിനികൾ എന്നിവ നിർമ്മിക്കാനും തടി ചിതലെടുക്കാതെ സംരക്ഷിക്കാനും ടാർ ഉപയോഗിക്കുന്നു. ജലരോധക പദാർഥമായും ഉരുക്കുചൂളകളിൽ ഇന്ധനമായും റോഡു നിർമ്മാണത്തിനുള്ള വസ്തുവായും മേൽക്കൂരകളുടെ നിർമ്മാണ പദാർഥമായും കൽക്കരി ടാർ ഉപയോഗിച്ചു വരുന്നു. ബലമുള്ള തടികളിൽ നിന്നും പൈൻ പോലെ തീരെ ബലമില്ലാത്ത തടികളിൽ നിന്നും തടി ടാർ ലഭ്യമാക്കാം. ബലമുള്ള തടികളുടെ ടാറിന്റെ അംശിക സ്വേദനം വഴി ലഭിക്കുന്ന ഘന എണ്ണ (heavy oil)യിൽ നിന്നാണ് ക്രിസോട്ടുകൾ ലഭിക്കുന്നത്. പൈൻ ടാർ ആകട്ടെ സിങ്ക് (Zn), ലെഡ് (Pb) എന്നീ മൂലകങ്ങളുടെ അയിരുകളിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുന്ന ഫ്ലൊട്ടേഷൻ പ്രക്രിയയിൽ ഉപയോഗിക്കുന്നു. ഇത് ഒരു അണുനാശിനിയുമാണ്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാർ&oldid=4023534" എന്ന താളിൽനിന്ന് ശേഖരിച്ചത്