Jump to content

ജോൺ ഡെ വിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ഡെ വിറ്റ്
Grand Pensionary of Holland
ഓഫീസിൽ
1653–1672
മുൻഗാമിAdriaan Pauw
പിൻഗാമിGaspar Fagel
വ്യക്തിഗത വിവരങ്ങൾ
ജനനം(1625-09-24)24 സെപ്റ്റംബർ 1625
Dordrecht, Dutch Republic
മരണം20 ഓഗസ്റ്റ് 1672(1672-08-20) (പ്രായം 46)
The Hague, Dutch Republic
രാഷ്ട്രീയ കക്ഷിStates Faction

ഒരു ഡച്ച് രാജ്യതന്ത്രജ്ഞനായിരുന്നു ഡെ വിറ്റ്. ഡോർട്ടിലെ ഒരു പ്രഭുകുടുംബത്തിൽ 1625 സെപ്. 24-ന് ഡെ വിറ്റ് ജനിച്ചു.

ഓറഞ്ചിന്റെ അവകാശങ്ങളിൽ കുറവുവരുത്തൽ

[തിരുത്തുക]

ഡച്ച് പ്രതിനിധിസഭയായ സ്റ്റേറ്റ്സ് ജനറലിന്റെ അധികാരങ്ങൾ വിപുലപ്പെടുത്തണമെന്നും ഡച്ച് ഭരണം നിയന്ത്രിക്കുന്ന രാജവംശമായ ഓറഞ്ചിന്റെ പരമ്പരാഗത അവകാശങ്ങൾ വെട്ടിക്കുറയ്ക്കണമെന്നും വാദിച്ച റിപ്പബ്ളിക്കൻ പാർട്ടിയുടെ നേതാവായിരുന്നു ഡെ വിറ്റ്. ഡെ വിറ്റിന്റെ പിതാവിനെ 'ഓറഞ്ച്' വിഭാഗത്തിൽപ്പെട്ട അധികാരികൾ തടങ്കലിൽ വച്ചു എന്നതായിരുന്നു അവരോട് ശത്രുത പുലർത്താൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ച കാരണം. വില്യം II ഓറഞ്ചിന്റെ മരണ(1650)ത്തെ തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയെ പ്രയോജനപ്പെടുത്തിക്കൊണ്ട് 1653-ൽ ഡെ വിറ്റ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. വില്യം II-ന്റെ പിൻഗാമികൾ അധികാരത്തിൽ വരുന്നതു തടയുന്നതിനായി 'ഇറ്റേണൽ ഈഡിക്ട്' എന്ന നിയമം ഇദ്ദേഹം പാസാക്കിയെടുക്കുകയും ചെയ്തു.

ബ്രെഡ കരാർ

[തിരുത്തുക]

പ്രധാനമന്ത്രി എന്ന നിലയിൽ 20 വർഷക്കാലം ഡച്ച് റിപ്പബ്ളിക്കിനെ ഡെ വിറ്റ് നിയന്ത്രിച്ചുകൊണ്ടിരുന്നു. 1654-ൽ ഇദ്ദേഹം മുൻകൈ എടുത്ത് ഹോളണ്ടും ബ്രിട്ടനും തമ്മിലുണ്ടായ ആദ്യത്തെ ആംഗ്ളോ-ഡച്ച് യുദ്ധത്തിന് ഒത്തുതീർപ്പുണ്ടാക്കി. രണ്ടാമത്തെ ആംഗ്ളോ-ഡച്ച് യുദ്ധം അവസാനിപ്പിച്ച ബ്രെഡ കരാർ (Breda) ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയ്ക്ക് ഉദാഹരണമായിപ്പറയാം. ഹോളണ്ടിന് അനുകൂലമായി ഒട്ടേറെ വ്യാപാരാനുകൂല്യങ്ങൾ ഈ കരാറിലൂടെ നേടുവാൻ ഡെ വിറ്റിനു സാധിച്ചു.

ഡെ വിറ്റിന്റെ പതനം

[തിരുത്തുക]

1672-ൽ ഉണ്ടായ ഫ്രഞ്ച് ആക്രമണം ഡെ വിറ്റിന്റെ പതനത്തിന് വഴിതെളിച്ചു. ഹോളണ്ടിനെ ആക്രമിക്കുവാൻ മുതിർന്ന ഫ്രഞ്ച് സേനയെ പിന്തിരിപ്പിക്കുന്നതിൽ ഡെ വിറ്റ് പരാജയപ്പെട്ടത് ഇദ്ദേഹത്തിന്റെ ജനസമ്മതിയെ പ്രതികൂലമായി ബാധിക്കുവാനിടവന്നു. മാത്രമല്ല, പൊതുജനഹിതം ഓറഞ്ച് രാജവംശത്തിന്റെ ഭരണത്തിന് അനുകൂലമായി മാറാനും ഈ പരാജയം കാരണമായി. 1672-ൽ ഉണ്ടായ ഓറഞ്ച് അനുകൂലികളുടെ വിപ്ളവത്തെത്തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെടുമെന്ന രാഷ്ട്രീയ സാഹചര്യം ശക്തമായപ്പോൾ ആ വർഷം ഓഗസ്റ്റ് 4-ന് ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. 1672 ഓഗസ്റ്റ് 20-ന് ഒരു സംഘം ഓറഞ്ച് വംശാനുകൂലികൾ ഇദ്ദേഹത്തെ വധിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെ വിറ്റ് (1625 - 72) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോൺ_ഡെ_വിറ്റ്&oldid=2338061" എന്ന താളിൽനിന്ന് ശേഖരിച്ചത്