ജോസിയാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോശെയുടെ നിയമഗ്രന്ഥത്തിന്റെ വായന കേൾക്കുന്ന ജോസിയാ

പൊതുവർഷാരംഭത്തിനു മുൻപ് ഏഴാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ (ബി.സി. 649–609) പുരാതനയൂദയാ രാജ്യം ഭരിച്ച ഒരു രാജാവായിരുന്നു ജോസിയാ അഥവാ യോസിയാഹു.[1][2] 'യോസിയാഹു' (יֹאשִׁיָּהו) എന്ന എബ്രായനാമത്തിന് "യഹോവയാൽ സൗഖ്യമാക്കപ്പെട്ടവൻ", "യഹോവ താങ്ങായവൻ" എന്നൊക്കെയാണർത്ഥം. ജോസിയായുടെ ഭരണകാലത്തു നടപ്പാക്കപ്പെട്ട മതനവീകരണം, യഹൂദധാർമ്മികതയുടെ വികാസത്തെ നിർണ്ണായകമായി സ്വാധീനിച്ചു. "പുനരാവർത്തന-നവീകരണം" (Deuteronomic Reform) എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ പരിഷ്കാരങ്ങളിൽ ജോസിയാ, യഹോവപക്ഷ-പൗരോഹിത്യത്തിന്റെ പിന്തുണയോടെ[3] യെരുശലേം കേന്ദ്രീകരിച്ചുള്ള ദൈവാരാധനയെ പ്രോത്സാഹിപ്പിക്കുകയും ഇതര ധാർമ്മികതകളെ അടിച്ചമർത്തുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ രാജാക്കന്മാരിൽ ഒരുവനായി ബൈബിൾ ചിത്രീകരിക്കുന്ന മനാസ്സെയുടെ പേരക്കിടാവായിരുന്നു ജോസിയാ. 55 വർഷം യൂദയാ ഭരിച്ച മനാസ്സെയെ പിന്തുടർന്നു 24-ആം വയസ്സിൽ രാജാവായ മകൻ ആമോൻ കേവലം രണ്ടു വർഷത്തെ ഭരണത്തിനൊടുവിൽ സേവകന്മാരുടെ ഗൂഢാലോചനയിൽ കൊല്ലപ്പെട്ടു. അമോനേയും ബൈബിളിലെ രാജാക്കന്മാരുടെ രണ്ടാം പുസ്തകം ദുഷ്ടഭരണാധികാരികളുടെ പട്ടികയിൽ പെടുത്തുന്നു.[4]

ഇജിപ്തിലെ ഫറവോ നീക്കോ

പിതാവിന്റെ വധത്തെ തുടർന്ന് എട്ടാമത്തെ വയസ്സിൽ രാജ്യഭാരമേറ്റ ജോസിയാ 31 വർഷം യൂദയാരാജ്യം ഭരിച്ചു.[5][6] പുരാതന അസീറിയൻ സാമ്രാജ്യത്തിന്റെ തകർച്ചയുടെ പശ്ചാത്തലത്തിലായിരുന്നു ജോസിയായുടെ ഭരണം. അസീറിയയുടെ തകർച്ചയെ തുടർന്ന് മദ്ധ്യപൂർവദേശത്ത് അവശേഷിച്ച വൻശക്തികളായിരുന്ന ഈജിപ്തും ബാബിലോണിയയും തമ്മിലുണ്ടായ മത്സരത്തിൽ, ബാബിലോണിയയെ പിന്തുണച്ച് ചെറുരാജ്യമായ യൂദായായുടെ താത്പര്യം സംരക്ഷിക്കാൻ ജോസിയാ പരിശ്രമിച്ചു. യൂദയായിലൂടെ മുന്നേറി ബാബിലോണിയ ആക്രമിക്കാൻ പുറപ്പെട്ട ഈജിപ്തിലെ ഫറവോ നീക്കോയുടെ സൈന്യത്തെ അദ്ദേഹം, ഇസ്രായേലിലെ മെഗിദ്ദോക്കടുത്തുള്ള കർമ്മല മലമ്പാതയിൽ തടഞ്ഞുനിർത്താൻ ശ്രമിച്ചു. മെഗിദ്ദോയിലെ ആ യുദ്ധത്തിൽ, 40 വയസ്സിൽ താഴെ പ്രായമുണ്ടായിരുന്ന ജോസിയാ കൊല്ലപ്പെട്ടു. [7][8]

സമഗ്രമായ ഒരു മതനവീകരണമായിരുന്നു ജോസിയായുടെ ഭരണത്തിലെ മുഖ്യനയങ്ങളിലൊന്ന്. യെരുശലേമിലെ ദേവാലയത്തെ കേന്ദ്രീകരിച്ചുള്ള ഈ നവീകരണം, അദ്ദേഹത്തെ പിൽക്കാലത്തെ യഹൂദചരിത്രകാരന്മാരുടെ ഇഷ്ടഭരണാധികാരിയാക്കി.[9][10]

തീവ്രധാർമ്മികത[തിരുത്തുക]

എബ്രായബൈബിളിലെ വിവരണത്തെ ആശ്രയിച്ചുള്ള യെരുശലേം ദേവാലയത്തിന്റെ രേഖാചിത്രം

യെരുശലേമിൽ മതപരമായ വൈവിദ്ധ്യം വിജയിച്ചു നിന്ന കാലത്തു വളർന്നെങ്കിലും, ഭക്തനായൊരു ഗുരുവിന്റെ സ്വാധീനം മൂലമാകാം, ഭരണമേറ്റെടുത്ത് അധികം വൈകാതെ ജോസിയായുടെ നടപടികളിൽ അദ്ദേഹത്തിന്റെ തീവ്രധാർമ്മികത പ്രകടമായി. പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോൾ തന്നെ, മതപരമായ അയാഥാസ്ഥിതികതകളെ എതിർക്കാൻ തുടങ്ങിയ അദ്ദേഹം, യൂദയായിലും അയൽ നാടുകളികളിലും ഉണ്ടായിരുന്ന അന്യദേവന്മാരുടെ പൂജാഗിരികളും ബലിപീഠങ്ങളും നശിപ്പിക്കാൻ ഉത്തരവിട്ടു.[7]

യഹൂദവേദസഞ്ചയത്തിന്റെ രൂപപ്പെടലിലും സമാഹരണത്തിലും ജോസിയായുടെ ഭരണം ഏറെ പ്രധാനമായി. യെരുശലേം ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കിടയിൽ സംഭവിച്ചതായി പറയപ്പെടുന്ന യഹൂദരുടെ നിയമഗ്രന്ഥത്തിന്റെ "കണ്ടുകിട്ടൽ," ജോസിയായുടെ ഭരണത്തിലെ ഒരു നിർണ്ണായക സംഭവമാണ്. ഭരണത്തിന്റെ പതിനെട്ടാം വർഷമാണ് ദേവാലയത്തിലെ രഹസ്യശേഖരങ്ങളിലൊന്നിൽ, ദൈവം മോശെക്ക് പറഞ്ഞുകൊടുത്തെഴുതിച്ച നിയമഗ്രന്ഥത്തിന്റെ ചുരുൾ കണ്ടുകിട്ടിയതായി മുഖ്യപുരോഹിതൻ ഹിൽക്കിയാ രാജാവിനെ അറിയിച്ചത്. "ദീർഘകാലമായി പ്രവാചകരുടേയും പുരോഹിതരുടേയും ചൂടുള്ള തർക്കങ്ങളുടെ വിഷയമായിരുന്ന ചരിത്ര-ജീവിത പ്രശ്നങ്ങളുടെ സമാധാനം ആ രേഖയിലുണ്ടെന്ന്"[11] പുരോഹിതർ അവകാശപ്പെട്ടു. ഗ്രന്ഥം വായിച്ചു കേട്ട ജോസിയാ, വികാരവിവശനായി തന്റെ വസ്ത്രം വലിച്ചു കീറി. തുടർന്ന് ചുരുളിന്റെ വായനകേൾക്കാൻ, യൂദയായിലെ ജനനേതാക്കളെ അദ്ദേഹം യെരുശലേമിൽ വിളിച്ചുകൂട്ടി. ഭാവിയിൽ താൻ നിയമഗ്രന്ഥത്തിലെ അനുശാസനങ്ങളോട് പൂർണ്ണവിശ്വസ്തത കാട്ടുമെന്ന് പ്രഖ്യാപിച്ച രാജാവ്, ആ വിധത്തിൽ വിധേയത്വം ഏറ്റുപറയാൻ ജനനേതാക്കളോടും ആവശ്യപ്പെട്ടു.

"നിയമഗ്രന്ഥം" എന്നത് പിൽക്കാലത്ത് രൂപപ്പെട്ട എബ്രായബൈബിളിലെ നിയമാവർത്തനപ്പുസ്തകത്തിന്റേയോ, പുറപ്പാടിന്റെ പുസ്തകം ഒരു ഖണ്ഡത്തിന്റേയോ(പുറപ്പാട് 20-23) ആദിരൂപം ആയിരിക്കാമെന്നു കരുതപ്പെടുന്നു.[11]

വിലയിരുത്തൽ[തിരുത്തുക]

ഈജിപ്തിനെതിരെ ബാബിലോണിനെ പിന്തുണക്കാനുള്ള ജോസിയായുടെ തീരുമാനം, ഇസ്രായേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പറ്റിയതല്ലെന്ന് മെഗിദ്ദോയിലെ പരാജയം തെളിയിച്ചു. മതരംഗത്ത് ജോസിയായാ പിന്തുടർന്ന തീവ്രയാഥാസ്ഥിതികത അദ്ദേഹത്തിന്റെ പിൻഗാമികൾ ഉപേക്ഷിച്ചു. എങ്കിലും പുനരാവർത്തനവീക്ഷണത്തിൽ നിന്നുള്ള യഹൂദചരിത്രത്തിന്റെ (Deuteronomic History) രചനയുടേയോ അതിനു പിന്നീടു ലഭിച്ച പ്രാമുഖ്യത്തിന്റെയെങ്കിലുമോ ഉത്തരവാദി എന്ന നിലയിൽ, യഹൂദചരിത്രത്തിലെ നിർണ്ണായകവ്യക്തിയായി പല ചരിത്രകാരന്മാരും അദ്ദേഹത്തെ കണക്കാക്കുന്നു.[12] പിൽക്കാലയഹൂദചരിത്രം ജോസിയായെ, യഹോവയോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിന്ന മാതൃകാഭരണാധികാരിയായി ചിത്രീകരിച്ചു.[10]

ജോസിയായുടെ കാലത്ത് കണ്ടുകിട്ടിയതായി അവകാശപ്പെട്ട നിയമഗ്രന്ഥത്തെ തൽക്കാലാവശ്യത്തിനു തട്ടിക്കൂട്ടിയ കേവലം വ്യാജനിർമ്മിതിയായി സങ്കല്പിക്കുന്നതു ശരിയാവില്ലെന്ന്, ചരിത്രകാരനായ വിൽ ഡുറാന്റ് പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "നൂറ്റാണ്ടുകളിലൂടെ പ്രവാചകന്മാരിലും ദേവാലയത്തിലും നിന്നുണ്ടായ വെളിപാടുകൾക്കും ആഹ്വാനങ്ങൾക്കും അനുശാസനങ്ങൾക്കും ലിഖിതരൂപം നൽകിയപ്പോഴാണ് അതുണ്ടായത്. വായിച്ചുകേട്ടവരെയെന്നല്ല, അതിനെപ്പറ്റി കേൾക്കുക മാത്രം ചെയ്തവരെപ്പോലും അത് ആഴത്തിൽ സ്വാധീനിച്ചു. ഈ സാഹചര്യം, ഇതരദൈവങ്ങളുടെ ബലിപീഠങ്ങൾ തകർക്കാൻ അവസരമാക്കുക മാത്രമാണ് ജോസിയാ ചെയ്തത്."[11] രാജ്യത്തിന്റെ തലസ്ഥാനമായ യെരുശലേമിനെ കേന്ദ്രീകരിച്ചുള്ള ദൈവാരാധനയെ പ്രോത്സാഹിപ്പിച്ചത് ഭരണകൂടത്തിന്റെ അധികാരം ബലപ്പെടുത്താനും സമ്പത്തു വർദ്ധിപ്പിക്കാനും വേണ്ടി മാത്രമായിരുന്നു എന്നു വാദിക്കുന്നതും ശരിയല്ല. ആരാധാനാവിധിയുടെ കേന്ദ്രീകരണത്തിൽ ഭൗതികലക്ഷ്യങ്ങൾ ഉണ്ടായിരുന്നിരിക്കാം. എങ്കിലും ജോസിയായുടെ നവീകരണത്തിനു പിന്നിൽ ഭരണകൂടം എന്ന പോലെ തീവ്രധാർമ്മികതയിൽ ആത്മാർത്ഥമായി വിശ്വസിച്ച മതപരിഷ്കർത്താക്കളും ഉണ്ടായിരുന്നു.[13]

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ മത്തായിയുടെ സുവിശേഷത്തിലുള്ള യേശുവിന്റെ വംശാവലിയിൽ പേരെടുത്തുപറയുന്ന രാജാക്കന്മാരിൽ ഒരാളാണ് ജോസിയാ.[14]

അവലംബം[തിരുത്തുക]

  1. Josiah definition - Bible Dictionary - Dictionary.com. Retrieved 25 July 2011.
  2. Wells, John C. (1990). Longman pronunciation dictionary. Harlow, England: Longman. p. 386. ISBN 0582053838. entry "Josiah"
  3. Paths of Faith, John A. Hutchison (പുറം 357)
  4. രാജാക്കന്മാരുടെ രണ്ടാം പുസ്തകം അദ്ധ്യായം 21
  5. രാജാക്കന്മാരുടെ രണ്ടാം പുസ്തകം, അദ്ധ്യായം 22
  6. Edwin Thiele, The Mysterious Numbers of the Hebrew Kings, (1st ed.; New York: Macmillan, 1951; 2d ed.; Grand Rapids: Eerdmans, 1965; 3rd ed.; Grand Rapids: Zondervan/Kregel, 1983). ISBN 082543825X, 9780825438257, 217.
  7. 7.0 7.1 പുരാതന ഇസ്രായേൽ, അബ്രാഹം മുതൽ റോമാക്കാർ ദേവാലയം നശിപ്പിക്കുന്നതു വരെയുള്ള ഒരു ലഘുചരിത്രം, സമ്പാദകൻ ഹെർഷൽ ഷാങ്ക്സ്(പുറങ്ങൾ 137-43)
  8. ജോസിയാ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 387-88)
  9. രാജാക്കന്മാരുടെ രണ്ടാം പുസ്തകം, അദ്ധ്യായം 23
  10. 10.0 10.1 റോബർട്ട് ആൾട്ടറും & ഫ്രാങ്ക് കെർമോഡും സമ്പാദനം ചെയ്ത "ദ ലിറ്റററി ഗൈഡ് ടു ദ ബൈബിൾ" എന്ന പുസ്തകത്തിൽ, ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകങ്ങളെക്കുറിച്ച് ജോർജ്ജ് സാവ്രാൻ എഴുതിയ ലേഖനം (പുറം 160)
  11. 11.0 11.1 11.2 വിൽ ഡുറാന്റ്, നമ്മുടെ പൗരസ്ത്യപൗതൃകം, സംസ്കാരത്തിന്റെ കഥ ഒന്നാം ഭാഗം (പുറം 321)
  12. "ദൈവം: ഒരു ജീവചരിത്രം" (God: A Biography) എന്ന കൃതിയിൽ ജാക്ക് മൈൽസ് (പുറം 186)
  13. "It was also the work of religious reformers...." - The Cambridge Companion to the Bible (പുറം 233)
  14. പുതിയനിയമം, മത്തായി എഴുതിയ സുവിശേഷം 1:1-17
"https://ml.wikipedia.org/w/index.php?title=ജോസിയാ&oldid=3940863" എന്ന താളിൽനിന്ന് ശേഖരിച്ചത്