ജാൻ ഹൈഗൻ വാൻ ലിൻഷോട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാൻ ഹൈഗൻ വാൻ ലിൻഷോട്ടൻ (1563 - 8 ഫെബ്രുവരി 1611) ഒരു ഡച്ച് വ്യാപാരിയും സഞ്ചാരിയും എഴുത്തുകാരനുമായിരുന്നു.

അദ്ദേഹം പോർച്ചുഗീസ് അധീനതയിലുള്ള ഈസ്റ്റ്‌ ഇൻഡീസിലൂടെ ധാരാളം യാത്ര ചെയ്യുകയും പിന്നീട് 1583-നും 1588-നും ഇടയിൽ ഗോവയിലുള്ള ആർച്ച്ബിഷപ്പിന്റെ സെക്രട്ടറിയായിരുന്നു. ഏഷ്യൻ വ്യാപാരത്തെക്കുറിച്ചും ജലമാർഗമുള്ള ഗതാഗതത്തെക്കുറിച്ചും പോർച്ചുഗീസുകാർ രഹസ്യമാക്കിവെച്ചിരുന്ന വിവരങ്ങൾ അദ്ദേഹം യൂറോപ്പിൽ പ്രസിദ്ധീകരിച്ചു. 1596-ൽ ഇട്ടിനേരാറിയോ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. പിന്നീട് ഈ പുസ്തകം ഡിസ്‌കോർസ് ഓഫ് വോയജസ് ഇൻടു യെ ഈസ്റ്റ്‌ ആൻഡ് വെസ്റ്റ് ഇൻഡീസ് എന്ന പേരിൽ തർജ്ജമ ചെയ്യപ്പെട്ടു. ഈസ്റ്റ്‌ ഇൻഡീസിലേക്കുള്ള പ്രത്യേകിച്ച് ഇന്ത്യയിലേക്കുള്ള യാത്രകളുടെ വിശദമായ ഭൂപടങ്ങൾ ഈ പുസ്തകത്തിലൂടെ യൂറോപ്പിൽ പ്രദർശിപ്പിക്കപ്പെട്ടു.

ലിൻഷോട്ടൻ തന്റെ ഗോവയിലുള്ള താമസത്തിനിടയിൽ രഹസ്യമായി ശേഖരിച്ച ചാർട്ടുകൾ ഓരോന്നായി സൂക്ഷ്മതയോടെ പകർത്തി. ലിൻഷോട്ടൻ പ്രവാഹങ്ങൾ, ആഴങ്ങൾ, ദ്വീപുകൾ, മണലാരണ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർണായകമായ ഒട്ടേറെ നോട്ടിക്കൽ ഡാറ്റകൾ നൽകി.ഈ വിവരങ്ങൾ സുരക്ഷിതമായ ജലഗതാഗതത്തിന് സഹായകമായി.ജലഗതാഗതമാർഗങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെ ഡച്ചുകാർക്കും ഫ്രഞ്ചുകാർക്കും ഇംഗ്ലീഷുകാർക്കും ഈസ്റ്റ്‌ ഇൻഡീസിലേക്ക് കച്ചവടപാത തുറക്കാൻ സഹായകമായി.ഇതിന്റെ ഫലമായി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും 16-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർക്കുണ്ടായിരുന്ന ഈസ്റ്റ് ഇൻഡീസിലുള്ള കച്ചവടാധിപത്യം തകർത്തു.

"https://ml.wikipedia.org/w/index.php?title=ജാൻ_ഹൈഗൻ_വാൻ_ലിൻഷോട്ടൻ&oldid=4077244" എന്ന താളിൽനിന്ന് ശേഖരിച്ചത്