ജാതിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാതിക്കായ
ജാതിക്ക പല ഘട്ടങ്ങളിൽ
ജാതിക്ക അടർന്ന് വീഴാറായി
ജാതിക്കക്കുരുകൾ
ജാതിക്കകൾ
ജാതികായ്കൾ
ജാതിക്ക അടർന്ന് വീഴാറായി

‌ജാതിമരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ്‌ ജാതിക്കയും ജാതിപത്രിയും. ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറന്തോടുമാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയിൽ നിന്നും ജാതിയെണ്ണ /തൈലം, ജാതിവെണ്ണ, ജാതി സത്ത്, ജാതിപ്പൊടി, ഒളിയോറെസിൻ എന്നീ ഉത്പന്നങ്ങളും, ജാതിപത്രി വാറ്റി തൈലവും കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവും ആയി ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു.

നല്ലതുപോലെ വിളഞ്ഞ കായകളിൽ നിന്നും മാത്രമേ ഗുണനിലവാരമുള്ള കായും പത്രിയും ലഭ്യമാകുന്നുള്ളൂ. വിളഞ്ഞ കായകൾ പറിച്ചെടുത്തതിനുശേഷം കായ് പൊതിഞ്ഞിരിക്കുന്ന മാംസളമായ പുറന്തോട് നീക്കം ചെയ്തതിനുശേഷം കൈ കൊണ്ട് വിത്തിൽ‍ നിന്നും പത്രി വേർപെടുത്തിയെടുക്കുന്നു. രണ്ടും വെവ്വേറെ ഉണക്കി സംരക്ഷിക്കുന്നു.

കായയിൽ നിന്നും അടർത്തി പത്രി വേർപെടുത്തിയ കുരു തോടോടുകൂടി ഉണക്കുന്നു. അകത്തെ കുരു കുലുങ്ങുന്നതാണ്‌ നല്ലതുപോലെ ഉണങ്ങിയതിന്റെ ലക്ഷണമായി കണക്കാക്കുന്നത്. വെയിൽ ഇല്ലാത്ത അവസരങ്ങളിൽ വൈദ്യുതി ഉപയോഗിച്ചും കുരു ഉണക്കാറുണ്ട്. 40 ഡിഗ്രി താപനില നിയന്ത്രിച്ച് ഓവനിലും കുരു ഉണക്കാൻ സാധിക്കുന്നു. 1 കിലോ കുരു / ജാതിക്ക ലഭിക്കുന്നതിനായ് ഏകദേശം 200 മുതൽ 250 വരെ കായകൾ വേണ്ടിവരും. കായകളുടെ വലിപ്പവും തൂക്കവും അനുസരിച്ചാണ്‌ വില ലഭിക്കുന്നത്.

പത്രി ഉണക്കുന്നതിനായ് കൈകൾക്ക് ഉള്ളിൽ വച്ചോ മറ്റേതെങ്കിലും വസ്തുകൊണ്ടോ പൊട്ടാതെ പരത്തി എടുക്കുന്നു. ഇങ്ങനെ പരത്തിയെടുക്കുന്ന പത്രി നല്ലതുപോലെ വെയിലത്ത് വച്ച് ഏകദേശം അഞ്ച് ദിവസം കൊണ്ട് ഉണക്കിയെടുക്കുന്നു. ഇങ്ങനെ ഉണക്കിയെടുക്കുന്ന പത്രികൾക്ക് മഞ്ഞകലർന്ന ചുവപ്പ് നിറമായിരിക്കും ഉണ്ടാകുന്നത്. ഏകദേശം 1000 കായകളിൽ നിന്നും ശരാശരി 1 കിലോ ഉണങ്ങിയ ജാതിപത്രി ലഭിക്കും.

ജാതിക്കായകൾ

ജാതിവെണ്ണ[തിരുത്തുക]

ജാതി കുരു / വിത്തിൽ ശരാശരി 30 മുതൽ 40 ശതമാനം വരെ തൈലം അടങ്ങിയിട്ടുണ്ട് . നീരാവിയോ ലായകങ്ങളോ ഉപയോഗിച്ച് പ്രത്യേകം നിർമ്മിച്ചിരിക്കുന്ന യന്ത്രങ്ങൾ വഴി വെണ്ണ വേർതിരിക്കുന്നു. ഓറഞ്ച് നിറത്തിലും നല്ല മണവും ഗുണവും ഉള്ള ഈ ഉത്പന്നം ഔഷധങ്ങൾക്കായി പ്രധാനമായും ഉപയോഗിക്കുന്നു.

ജാതിയെണ്ണ/തൈലം[തിരുത്തുക]

ജാതി വിത്ത് പത്രി എന്നിവയിൽ നിന്നും വാണിജ്യപരമായി വാറ്റിയെടുക്കുന്ന ഉത്പന്നമാണ്‌ ജാതി തൈലം. ഗുണനിലവാരം കുറഞ്ഞ് വിൽക്കാൻ കഴിയാത്ത ജാതിക്കയും പൊടിഞ്ഞ ജാതിപത്രിയുമാണ്‌ ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. ഈ പ്രക്രിയയുടെ ആദ്യപടിയായി റോളാർ മില്ലിൽ അധികം പൊടിയാത്തരീതിയിൽ ഒരു പ്രാവശ്യം ചതച്ചെടുക്കുന്ന വിത്ത് പിന്നീട് വാറ്റുന്ന ഉപകരണങ്ങളിലേക്ക് മാറ്റുന്നു. അതിൽ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ നീരാവി ഉപയോഗിച്ച് വാറ്റി തൈലം എടുക്കുന്നു. ജാതിക്കയിൽ നിന്നും 11% എണ്ണയും ജാതിപത്രിയിൽ നിന്നും 12% എണ്ണയും ലഭിക്കുന്നു. പശ്ചിമ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുമാണ്‌ ജാതി തൈലത്തിന്റെ മുഖ്യ ഉപഭോക്താക്കൾ. മിരിസ്റ്റിസിൻ, എലെമിസിൻ, സാഫ്റോൾ എന്നീ രാസ ഘടകങ്ങൾ ജാതി തൈലത്തിൽ അടങ്ങിയിരിക്കുന്നു.

ജാതി സത്ത്[തിരുത്തുക]

ജാതിക്കായുടെ വിത്തിൽ നിന്നും പത്രിയിൽ നിന്നും ഉണ്ടാക്കുന്ന ഒരു ഉത്പന്നമാണ്‌ ജാതിസത്ത്. നന്നായി പൊടിച്ച വിത്തും പത്രിയും ഓർഗാനിക് ലായകങ്ങളിൽ ചേർത്ത് വാറ്റിയാണ്‌ ജാതിസത്ത് നിർമ്മിക്കുന്നത്. ജാതിവിത്തിൽ നിന്നും ഉണ്ടാക്കുന്ന സത്തിനെ നട്മെഗ് ഓളിയോറെസിൻ എന്നും ജാതിപത്രിയിൽ നിന്നും ഉണ്ടാക്കുന്ന സത്തിനെ മെയ്സ് ഓളിയോറെസിൻ എന്നും പറയുന്നു.ഭക്ഷ്യ സംസ്കരണ രംഗങ്ങളിലും സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിലും ജാതിസത്ത് വ്യാപകമായി ഉപയോഗിക്കുന്നു.

ജാതിപ്പൊടി[തിരുത്തുക]

നന്നായി ഉണങ്ങിയ ജതിപരിപ്പ് അതിശൈത്യാവസ്ഥ ഉറപ്പ് നൽകുന്ന ക്രയോജനിക് സാങ്കേതം ഉപയോഗിച്ച് അവയുടെ പ്രകൃത്യാലുള്ള ഘടകങ്ങൾ നശിക്കാതെ പൊടിച്ച് ഉണ്ടാക്കുന്ന ഉത്പന്നമാണ്‌ ജാതിപ്പൊടി. ഇങ്ങനെ ലഭിക്കുന്ന പൊടി പലമരുന്നുകൾക്കും സുഗന്ധ ദ്രവ്യങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.

കൊച്ചുകുടി ജാതിക്ക[തിരുത്തുക]

കൊച്ചുകുടിയിൽ ജോസ് മാത്യു വികസിപ്പിച്ചെടുത്ത കൊച്ചുകുടി എന്നയിനം ജാതിക്ക നിലവിൽ മുന്തിയ ഇനം എന്ന് കണക്കാക്കപ്പെടുന്നു[1]. ഇത് ബഡ്ഡ് ചെയ്ത ഇനമാണ്. മറ്റു ജാതിയെപ്പോലെ ഇടതൂർന്ന മരം അല്ലെങ്കിൽ പോലും ധാരാളം കായ ലഭിക്കുന്നു. മറ്റിനങ്ങളിൽ ഒരു കിലോയ്ക്ക് 120 കായ വേണ്ടിവരുന്ന സ്ഥാനത്ത് കൊച്ചുകുടി ജാതിക്കയ്ക്ക് 80 എണ്ണം മതിയാകും. ജാതിപത്രി ഒരു കിലോ ലഭിക്കാൻ 350 മുതൽ 400 എണ്ണം വരെ ജാതിക്കയും മതി.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "'കൊച്ചുകുടി' ജാതിക്ക് ദേശീയ അംഗീകാരം , മാതൃഭൂമി ഓൺലൈൻ, Posted on: 28 Apr 2012". മൂലതാളിൽ നിന്നും 2012-04-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-18.
  • കർഷകശ്രീ മാസിക 2007 ഓഗസ്റ്റ് ലക്കത്തിലെ ഇ.വി.നൈബി, എൻ. മിനിരാജ് എന്നിവരുടെ ലേഖനം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാതിക്ക&oldid=3650919" എന്ന താളിൽനിന്ന് ശേഖരിച്ചത്