Jump to content

ജാക്ക് മാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാക്ക് മാ
ജനനം
മാ യുൻ

(1964-09-10)10 സെപ്റ്റംബർ 1964
ദേശീയതചൈനക്കാരൻ
കലാലയംഹാങ്ചൗ നോർമൽ സർവകലാശാല
തൊഴിൽവ്യവസായം
തൊഴിലുടമസ്ഥാപകൻ, ചെയർമാൻ, ആലിബാബ ഗ്രൂപ്പ് online
ജീവിതപങ്കാളി(കൾ)കാത്തി ജാങ് യിങ്
കുട്ടികൾരണ്ട്


ജാക്ക് മാ എന്നറിയപ്പെടുന്ന മാ യുൻ (10 സെപ്റ്റെംബർ, 1964) ചൈനയിലെ ഏറ്റവും ധനികരായ വ്യവസായികളിൽ ഒരാളാണ്. ഇന്റർനെറ്റ് സാങ്കേതികവിദ്യ ഭീമന്മാരായ ഗൂഗിളിനെയും യാഹൂവിനെയും കടത്തിവെട്ടുന്ന ഓഹരിവിപണിനേട്ടം ഉണ്ടാക്കിയ ആലിബാബ ഗ്രൂപ്പ് സ്ഥാപിച്ചത് ജാക്ക് മാ ആണ്. ഫോർബ്സ് മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചൈനാക്കാരൻ കൂടിയാണ് ജാക്ക് മാ.

ആദ്യകാല ജീവിതം[തിരുത്തുക]

10 സെപ്റ്റെംബർ 1964 നു ചൈനയിലെ ജീജാങ് പ്രവിശ്യയിലെ ഹാങ്‌ചൗവിലാണ് മാ യുൻ ജനിച്ചത്. ചെറുപ്രായത്തിലേ ഇംഗ്ലീഷ് പരിശീലിച്ചു തുടങ്ങിയ മാ യുണിനു , തന്റെ പേര് വിളിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു ഒരു വിദേശി നൽകിയ പേരാണ് ജാക്ക്. ഹാങ്‌ചൗ ടീച്ചേർസ് ഇന്സ്ടിട്യൂട്ടിൽ (ഇപ്പോൾ ഹാങ്‌ചൗ നോർമൽ യൂണിവേഴ്സിറ്റി) നിന്നും ഇംഗ്ലീഷിൽ ബി.എ. ബിരുദം നേടിയ ജാക്ക്, ഒരു സ്കൂളിൽ അധ്യാപകനായി ജോലി നോക്കി. പിന്നീട് 2006 ൽ ബെയ്‌ജിംഗിലെ ഒരു ബിസിനസ് സ്കൂളിലും അദ്ദേഹം പഠിച്ചു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ജാക്ക് മായ്ക്ക് ഇന്റെർനെറ്റിനോട് തോന്നിയ ആകർഷണവും ഉത്സുകതയുമാണ് 1995 ൽ, ചൈനയിലെ ഇന്റർനെറ്റ് അധിഷ്ഠിത സംരംഭങ്ങളിൽ ആദ്യത്തേതെന്ന് കരുതപ്പെടുന്ന ചൈന പേജസ്ന്റെ തുടക്കം കുറിച്ചത്. 1998 മുതൽ 1999 വരെ ചൈനീസ് സർക്കാരിന്റെ അടിയിലുള്ള ഒരു ഐ.ടി കമ്പനിയെ നയിച്ച ജാക്ക് മാ, 1999 ൽ തന്റെ സ്വന്തം സംരംഭമായ ആലിബാബ തുടങ്ങി. പിന്നീട് അതിനോട് ചേർന്ന് തന്നെ പല സംരംഭങ്ങളും ആരംഭിച്ച അദ്ദേഹം, അതിനെയെല്ലാം ഒരു കുടക്കീഴിനടിയിൽ കൊണ്ടുവന്നു. 2014 ൽ ഓഹരിവിപണിയെ ഞെട്ടിച്ച നേട്ടമുണ്ടാക്കിയ ആലിബാബയുടെ എക്സിക്യൂട്ടീവ് ചെയർമാനായ ജാക്ക് മാ ഒരിക്കൽ പറയുകയുണ്ടായി, താൻ ഇതുവരെ ഒരു വരി കംപ്യൂട്ടർ കോഡ് പോലും എഴുതിയിട്ടില്ല എന്ന്. അദ്ദേഹത്തിൻറെ ഉത്‍സാഹവും പ്രയത്‌നവുമാണ് താനിന്ന് ആയിരിക്കുന്ന സ്ഥാനത്ത് അദ്ദേഹത്തെ എത്തിച്ചത്.

പ്രധാനനേട്ടങ്ങൾ[തിരുത്തുക]

2001 ൽ ലോക സാമ്പത്തിക ഫോറത്തിന്റെ യങ് ഗ്ലോബൽ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു മുതൽ വളരെയധികം അംഗീകാരവും പുരസ്കാരങ്ങളും ജാക്ക് മായെ തേടിയെത്തി. 2004 ൽ ചൈന സെൻട്രൽ ടെലിവിഷൻ അദ്ദേഹത്തെ ആ വർഷത്തെ പ്രഥമ പത്ത് വ്യവസായികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2005 ൽ ഫോർച്യൂൺ മാസിക അദ്ദേഹത്തെ ഏഷ്യയിലെ പ്രമുഖ 25 വ്യവസായികളുടെ പട്ടികയിലും ഉൾപ്പെടുത്തി. ഫോർബ്സ് മാസികയുടെ പല പട്ടികകളിലും ഇടം നേടിയ അദ്ദേഹം, 2016 ലെ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ മുപ്പത്തിമൂന്നാം സ്ഥാനത്താണ് [1]. ഫോർബ്സ്ന്റെ തന്നെ പല പുരസ്കാരങ്ങളും ജാക്ക് മാ നേടിയിട്ടുണ്ട്. ടൈം മാസികയുടെയും പല പട്ടികകളിലും ജാക്ക് മാ ഇടം നേടിയിട്ടുണ്ട്.

അലങ്കരിക്കുന്ന പദവികൾ[തിരുത്തുക]

വ്യക്തിജീവിതം[തിരുത്തുക]

ജാക്ക് മായുടെ പത്നിയുടെ പേര് ജാങ് യിങ് എന്നാണ്. അവർക്ക് രണ്ടു മക്കളാണ്.

പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യമുള്ള ജാക്ക് മാ, അതിനുവേണ്ടി വളരെ പരിശ്രമിക്കുകയും സ്വയം മാതൃക സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു വ്യക്‌തിയാണ്. കുറെയധികം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആദ്ദേഹം, ദി നേച്ചർ കൺസേർവൻസിയുടെ ബോർഡിലും അംഗമാണ്. തന്റെ എല്ലാ സംരംഭങ്ങളിലും കമ്പനികളിലും സ്രാവിന്റെ പതങ്ങളുടെ വ്യാപാരം പൂർണമായി നിരോധിച്ചുകൊണ്ട് വളരെ ശക്തമായ ഒരു സന്ദേശം അദ്ദേഹം ലോകത്തിനു നൽകുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. ഫോർബ്സ് മാസിക
  2. ആലിബാബ ഗ്രൂപ്പ്, ബോർഡ് ഓഫ് ഡയറക്ട്ർസ്
  3. ദി നേച്ചർ കൺസേർവൻസി,ബോർഡ് ഓഫ് ഡയറക്ട്ർസ്
"https://ml.wikipedia.org/w/index.php?title=ജാക്ക്_മാ&oldid=3343822" എന്ന താളിൽനിന്ന് ശേഖരിച്ചത്