ചുട്ടിയാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചുട്ടീയാറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചുട്ടീയാറ്റ
Scaly-breasted Munia
Adult in Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. punctulata
Binomial name
Lonchura punctulata
(Linnaeus, 1758)
Lonchura punctulata

ആറ്റ കുരുവിയേക്കാൾ അൽപ്പം വലിപ്പം കുറഞ്ഞ ഈ പക്ഷിയുടെ തല ചെറിയതും ദേഹം ചീർത്തതുമാകയാൽ ഇതിനു ( മറ്റെല്ലാ മുനിയകൾക്കെന്നപോലെ ) പ്രത്യേകിച്ചൊരു ആകൃതി ആണുള്ളത്. ഇംഗ്ലീഷ് നാമം - Scaly-breasted Munia. ഇവ കേരളത്തിൽ സർവ്വ സാധാരണമാണ്.

വിവരണം[തിരുത്തുക]

ആകെപ്പാടെ ചെമ്പിച്ച തവിട്ട് നിറം. തല, താടി, തൊണ്ട, പുറം എന്നിവ കടുത്ത ചെമ്പിച്ച തവിട്ട് നിറം. മാറിടവും ദേഹത്തിന്റെ പാർശ്വഭാഗങ്ങളും വെള്ള. ഈ ഭാഗങ്ങളില്ലെല്ലാം തവിട്ട് നിറത്തിൽ ചിതമ്പൽ അടയാളങ്ങൾ മിക്ക കാലത്തും കാണാം. ഉദരത്തിന്റെ നടുവിൽ ഈ അടയാളങ്ങൾ ഇല്ല. കൊക്ക് തടിച്ചതും കുറിയതുമാണ്. ഒരു വശത്തു നിന്ന് നോക്കുമ്പോൾ ഒരു സമഭുജത്രികോണം പോലിരിക്കും. കടുപ്പമുള്ള വിത്ത് തിന്നു ജീവിക്കുന്ന ഈ പക്ഷികൾക്ക് ഇങ്ങനെ ഉള്ള കൊക്ക് കൂടാതെ കഴിയുകയില്ല. പൂവനും പിടയും തമ്മിൽ കാഴ്ചയ്ക്ക് വ്യത്യാസം ഇല്ല. പ്രജനനം കഴിഞ്ഞാൽ പൂവനും പിടയും കുഞ്ഞുങ്ങളും ഒട്ടേറെ തവിട്ട് നിറത്തിലായിരിക്കും.

വിതരണം[തിരുത്തുക]

ചുട്ടിയാറ്റ സാധാരണയായി ചെറു കൂട്ടങ്ങൾ ആയാണ് കാണുക. നാല് മുതൽ നൂറോ ഇരുനൂറോ ഉള്ള കൂട്ടങ്ങൾ ഉണ്ടാകും. പാടങ്ങളിലും , നദികൾക്കോ, തടാകങ്ങൾക്കോ സമീപത്തുള്ള പുൽപ്രദേശങ്ങളിലും ചുട്ടിയാറ്റയെ ധാരാളം കാണാം. ഇന്ത്യ , ശ്രീലങ്ക , ഫിലിപ്പൈൻസ് , ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ താമസക്കാരായ ചുട്ടിയാറ്റകൾ ഇപ്പോൾ ഓസ്ട്രേലിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും കണ്ടുവരുന്നു.

ആഹാരം[തിരുത്തുക]

ചാമ ( തിന) ആണ് ഈ പക്ഷിയുടെ പ്രധാന ആഹാരം. ചാമ മുതലായ ചെറുധാന്യങ്ങൾ മൂത്ത് തുടങ്ങിയാൽ ഈ പക്ഷികളെ ധാരാളം കാണാം.ഇവ തത്സമയത്ത് കൃഷിക്കാർക്ക് ചെയ്യുന്ന ഉപദ്രവം ചില്ലറയല്ല. എന്നാൽ ഇവയുടെ ഭാഗത്തും വക്കാലത്തിനു വകയുണ്ട്. ചാമയും മറ്റും കൊല്ലത്തിലൊരിക്കൽ എട്ടുപത്തു ദിവസത്തേക്ക് മാത്രമേ ഇവയ്ക്കു കിട്ടുകയുള്ളൂ. മറ്റു കാലത്തെല്ലാം ഇവ പുല്ലിന്റെ വിത്ത് തിന്നാണ് ജീവിക്കുന്നത്. ഇങ്ങനെ പുൽവിത്തും തേടി നടക്കുന്ന ചുട്ടിയാറ്റകളെ മഴക്കാലത്ത്‌ ധാരാളം കാണാം. ഇവ തിന്നു നശിപ്പിക്കുന്ന പുൽവിത്തൊന്നും പാടത്ത് വീണു കളയായി തീരാത്തതുതന്നെ കൃഷിക്കാരന് വളരെ ഉപകാരമായിരിക്കും. മാത്രമല്ല ഈ പക്ഷികളും അവയുടെ കുഞ്ഞുങ്ങൾക്ക്‌ തുള്ളൻ മുതലായ ക്ഷുദ്രജീവികളെ തന്നെ ആണ് കൊടുക്കുന്നത്. കൃഷിക്കാരന്റെ ബദ്ധവൈരികളായ ചെറുപ്രാണികളുടെ എണ്ണം കുറക്കാൻ ചുട്ടിയാററകൾ സഹായിക്കുന്നുണ്ട്.

പ്രജനനം[തിരുത്തുക]

ചുട്ടിയാറ്റ മഴക്കാലത്ത്‌ കൂട് കെട്ടുന്നു. മുനിയകൾ എല്ലാം തന്നെ ഒരേ പൊലെ ആണ് കൂട് കെട്ടാറ്. നേരിയ പുൽത്തണ്ടുകൾ ശേഖരിച്ചു മെടഞ്ഞു പന്ത് പോലെയുള്ള കൂടാക്കും. പ്രവേശനദ്വാരം ഒരുവശത്താണ് ഉണ്ടാവുക. കൂടുകൾ മിക്കവാറും മുല്ചെടികളിലായതിനാൽ അവയെ ഉപദ്രവിക്കാൻ ശത്രുക്കൾ ചുരുക്കമാണ്. ഇതറിഞ്ഞാകാം ചുട്ടിയാറ്റ കൂട് മറച്ചുവയ്ക്കുവാൻ ഒരു ഉദ്യമവും നടത്താത്തത്. കൂട് കെട്ടുവാൻ ഉപയോഗിച്ച പുല്ലുകൾ വളരെ വേഗം ഉണങ്ങി ഇളംമഞ്ഞ നിറമാകുന്നതിനാൽ ഇവയുടെ കൂടുകൾ കാണാൻ പ്രയാസമില്ല. ഓരോ തവണയും ചുട്ടിയാറ്റ ഏഴെട്ടു മുട്ടകളിടും. തൂവെള്ളയായ മുട്ടകൾ സുമാറ് എളയുടെത് പോലിരിക്കും.ആണും പെണ്ണും ചേക്കിരിക്കുന്നത് കൂട്ടിൽതന്നെയാണ്. മാത്രമല്ല കുഞ്ഞുങ്ങൾ വലുതായ ശേഷവും കുറെക്കാലത്തേക്ക് മുതിർന്ന പക്ഷികളെല്ലാം രാത്രി കൂട്ടിൽത്തന്നെയാണ് കിടന്നുറുങ്ങുക.

അവലംബം[തിരുത്തുക]

  • Biodiversity Documentaion for Kerala Part II: Birds-P.S. Easa& E.E.Jayson, Kerala Forest Research Institute
  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി

ചിത്രങ്ങൾ[തിരുത്തുക]

നെൽപ്പാടത്ത് ഇര തേടുന്നു
Immature (കൊൽക്കത്ത, ഇന്ത്യ)
"https://ml.wikipedia.org/w/index.php?title=ചുട്ടിയാറ്റ&oldid=4077969" എന്ന താളിൽനിന്ന് ശേഖരിച്ചത്