ചുട്ടിയാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുട്ടീയാറ്റ
Scaly-breasted Munia
Scaly breasted Munia I IMG 4769.jpg
മുതിർന്ന ചുട്ടീയാറ്റ, കൊൽക്കത്ത, പടിഞ്ഞാറൻ ബംഗാൾ, ഇന്ത്യ.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Estrildidae
ജനുസ്സ്: Lonchura
വർഗ്ഗം: L. punctulata
ശാസ്ത്രീയ നാമം
Lonchura punctulata
(Linnaeus, 1758)

ആറ്റക്കുരുവിയേക്കാൾ അൽപ്പം വലിപ്പം കുറഞ്ഞ ഈ പക്ഷിയുടെ തല ചെറിയതും ദേഹം ചീർത്തതുമാകയാൽ ഇതിനു ( മറ്റെല്ലാ മുനിയകൾക്കെന്നപോലെ ) പ്രത്യേകിച്ചൊരു ആകൃതി ആണുള്ളത്. ഇംഗ്ലീഷ് നാമം - Scaly-breasted Munia. ഇവ കേരളത്തിൽ സർവ്വ സാധാരണമാണ്.

വിവരണം[തിരുത്തുക]

ആകെപ്പാടെ ചെമ്പിച്ച തവിട്ട് നിറം. തല, താടി, തൊണ്ട, പുറം എന്നിവ കടുത്ത ചെമ്പിച്ച തവിട്ട് നിറം. മാറിടവും ദേഹത്തിന്റെ പാർശ്വഭാഗങ്ങളും വെള്ള. ഈ ഭാഗങ്ങളില്ലെല്ലാം തവിട്ട് നിറത്തിൽ ചെതുമ്പൽ അടയാളങ്ങൾ മിക്ക കാലത്തും കാണാം. ഉദരത്തിന്റെ നടുവിൽ ഈ അടയാളങ്ങൾ ഇല്ല. കൊക്ക് തടിച്ചതും കുറിയതുമാണ്. ഒരു വശത്തു നിന്ന് നോക്കുമ്പോൾ ഒരു സമഭുജത്രികോണം പോലിരിക്കും. കടുപ്പമുള്ള ധാന്യങ്ങൾ തിന്നു ജീവിക്കുന്ന ഈ പക്ഷിയ്ക്ക് ഇത്തരം കൊക്ക് കൂടാതെ കഴിയുകയില്ല. പൂവനും പിടയും തമ്മിൽ കാഴ്ചയ്ക്ക് വ്യത്യാസം ഇല്ല. പ്രജനനം കഴിഞ്ഞാൽ പൂവനും പിടയും കുഞ്ഞുങ്ങളും ഒട്ടേറെ തവിട്ട് നിറത്തിലായിരിക്കും.

വിതരണം[തിരുത്തുക]

ചുട്ടിയാറ്റ സാധാരണയായി ചെറു കൂട്ടങ്ങൾ ആയാണ് കാണുക. നാലു മുതൽ നൂറോ ഇരുനൂറോ വരെ പക്ഷികൾ ഈ കൂട്ടങ്ങളിൽ ഉണ്ടാകാം. പാടങ്ങളിലും , നദികൾക്കോ, തടാകങ്ങൾക്കോ സമീപത്തുള്ള പുൽപ്രദേശങ്ങളിലും ചുട്ടിയാറ്റയെ ധാരാളം കാണാം. ഇന്ത്യ , ശ്രീലങ്ക, ഫിലിപ്പൈൻസ് , ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ താമസക്കാരായ ചുട്ടിയാറ്റകൾ ഇപ്പോൾ ഓസ്ട്രേലിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും കണ്ടുവരുന്നു.

ആഹാരം[തിരുത്തുക]

ചാമ (തിന) ആണ് ഈ പക്ഷിയുടെ പ്രധാന ആഹാരം . ചെറുധാന്യങ്ങൾ മൂത്തു തുടങ്ങുമ്പോൾ ഈ പക്ഷികളെ ധാരാളം കാണാം. ഇവ ആ സമയത്ത് കൃഷിക്കാർക്ക് ചെയ്യുന്ന ഉപദ്രവം ചില്ലറയല്ല. എന്നാൽ ഈ പക്ഷികളെക്കൊണ്ട് കൃഷിക്കാരന് പ്രയോജനവുമുണ്ട്. ചാമയും മറ്റും കൊല്ലത്തിലൊരിക്കൽ എട്ടുപത്തു ദിവസത്തേക്ക് മാത്രമേ ഇവയ്ക്കു കിട്ടുകയുള്ളൂ. മറ്റു കാലത്തെല്ലാം ഇവ പുല്ലിന്റെ വിത്ത് തിന്നാണ് ജീവിക്കുന്നത്. ഇങ്ങനെ പുൽവിത്തും തേടി നടക്കുന്ന ചുട്ടിയാറ്റകളെ മഴക്കാലത്ത്‌ ധാരാളം കാണാം. ഇവ തിന്നു നശിപ്പിക്കുന്ന പുൽവിത്തൊന്നും പാടത്ത് വീണു കളയായി തീരാത്തതുതന്നെ കൃഷിക്കാരന് വളരെ ഉപകാരമായിരിക്കും. മാത്രമല്ല ഈ പക്ഷികൾ കുഞ്ഞുങ്ങൾക്ക്‌ തുള്ളൻ മുതലായ ക്ഷുദ്രജീവികളെ തന്നെ ആണ് കൊടുക്കുന്നത്. അങ്ങനെ, കൃഷിക്കാരന്റെ ബദ്ധവൈരികളായ ചെറുപ്രാണികളുടെ എണ്ണം കുറക്കാൻ ചുട്ടിയാററകൾ സഹായിക്കുന്നുണ്ട്.

പ്രജനനം[തിരുത്തുക]

ചുട്ടിയാറ്റ മഴക്കാലത്ത്‌ കൂടു കെട്ടുന്നു. മുനിയകൾ എല്ലാം തന്നെ ഒരേ പൊലെ ആണ് കൂടു കെട്ടാറ്. നേരിയ പുൽത്തണ്ടുകൾ ശേഖരിച്ചു മെടഞ്ഞു പന്ത് പോലെയുള്ള കൂടാക്കും. പ്രവേശനദ്വാരം ഒരുവശത്താണ് ഉണ്ടാവുക. കൂടുകൾ മിക്കവാറും പുൽച്ചെടികളിലായതിനാൽ അവയെ ഉപദ്രവിക്കാൻ ശത്രുക്കൾ ചുരുക്കമാണ്. ഇതുകൊണ്ടാകാം ചുട്ടിയാറ്റ കൂട് മറച്ചുവയ്ക്കുവാൻ ഒരു ഉദ്യമവും നടത്താത്തത്. കൂടു കെട്ടുവാൻ ഉപയോഗിച്ച പുല്ലുകൾ വളരെ വേഗം ഉണങ്ങി ഇളംമഞ്ഞ നിറമാകുന്നതിനാൽ ഇവയുടെ കൂടുകൾ കാണാൻ പ്രയാസമില്ല. ഓരോ തവണയും ചുട്ടിയാറ്റ ഏഴെട്ടു മുട്ടകളിടും. തൂവെള്ളയായ മുട്ടകൾ ഏതാണ്ട് എളയുടെത് പോലിരിക്കും.ആണും പെണ്ണും ചേക്കിരിക്കുന്നത് കൂട്ടിൽതന്നെയാണ്. മാത്രമല്ല കുഞ്ഞുങ്ങൾ വലുതായ ശേഷവും കുറെക്കാലത്തേക്ക് മുതിർന്ന പക്ഷികളെല്ലാം രാത്രി കൂട്ടിൽത്തന്നെയാണ് കിടന്നുറുങ്ങുക.

അവലംബം[തിരുത്തുക]

  • Biodiversity Documentaion for Kerala Part II: Birds-P.S. Easa& E.E.Jayson, Kerala Forest Research Institute
  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി


ചിത്രങ്ങൾ[തിരുത്തുക]

നെൽപ്പാടത്ത് ഇര തേടുന്നു
Immature (കൊൽക്കത്ത, ഇന്ത്യ)
തൃശ്ശൂരിൽ
"https://ml.wikipedia.org/w/index.php?title=ചുട്ടിയാറ്റ&oldid=1914102" എന്ന താളിൽനിന്നു ശേഖരിച്ചത്