ചിന്മയി
ചിന്മയി ശ്രീപാദ | |
|---|---|
2018-ലെ ഫിലിം ഫെയർ അവാർഡ് വേളയിൽ ചിന്മയി | |
| ജനനം | ചിന്മയി ശ്രീപാദ 10 സെപ്റ്റംബർ 1984 വയസ്സ്) |
| അൽമ മേറ്റർ | മദ്രാസ് സർവകലാശാല |
| തൊഴിൽs |
|
| സജീവ കാലം | 2002–ഇതുവരെ (ഗായികയായി) 2005–ഇതുവരെ (ഡബ്ബിംഗ് ആർട്ടിസ്റ്റായി) |
| ജീവിതപങ്കാളി | |
| കുട്ടികൾ | 2 |
| Musical career | |
| വിഭാഗങ്ങൾ | |
| ഉപകരണ(ങ്ങൾ) | വോക്കൽസ്, പിയാനോ |
| ലേബലുകൾ |
|
ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയാണ് ചിന്മയി എന്ന ചിന്മയി ശ്രീപാദ (തമിഴ്: சின்மயி ஸ்ரீபாதா). 1984 സെപ്റ്റംബർ 10 നു മുംബൈയിലാണ് ചിന്മയിയുടെ ജനനം. പ്രധാനമായും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലാണ് അവർ പ്രവർത്തിക്കുന്നത്. ചിന്മയിക്ക് 1 വയസ്സു കഴിഞ്ഞപ്പോഴേക്കും അച്ഛനും അമ്മയും വേർപിരിഞ്ഞു. പിന്നീട് ഒരു സംഗീത്ജ്ഞയും സംഗീത അദ്ധ്യാപികയുമായ അമ്മ പത്മഹാസിനിയൊടൊപ്പം താമസം ചെന്നെയിലേയ്ക്ക് മാറ്റി. കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ചിന്മയിയുടെ ആദ്യ ഗുരു സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അമ്മ തന്നെയായിരുന്നു. 2002-ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ കന്നത്തിൽ മുത്തമിട്ടാൽ എന്ന തമിഴ് ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ.. എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന അവർ ഏറ്റവും നല്ല പിന്നണി ഗായികയ്ക്കുള്ള ദേശീയപുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദേശീയപുരസ്കാരം ലഭിച്ചില്ല എങ്കിലും തമിഴ്നാട് സർക്കാരിന്റെ ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഈ ഗാനത്തിനു ലഭിച്ചു[1].
എ. ആർ. റഹ്മാന്റെ സൗണ്ട് എഞ്ചിനീയർമാരിൽ ഒരാളുടെ പരാമർശത്തെത്തുടർന്ന്, ഭൂമിക ചൗളയ്ക്ക് ശബ്ദം നൽകിക്കൊണ്ട് സില്ലുനു ഒരു കാതൽ (2006) എന്ന ചിത്രത്തിലൂടെയാണ് അവർ ഒരു ശബ്ദ നടിയായും അരങ്ങേറ്റം കുറിച്ചു. ലാലി എന്ന ഒരു ചെറിയ താരാട്ടുപാട്ടിലൂടെയാണ് അവർ സംഗീതസംവിധായകയായി അരങ്ങേറ്റം കുറിയ്ക്കുകയും അത് ഇൻസ്റ്റാഗ്രാമിന്റെ #1MinMusic-ന്റെ ഭാഗമായി അവർ പാടി പുറത്തിറക്കുകയും ചെയ്തു.
ആദ്യകാല ജീവിതം
[തിരുത്തുക]മഹാരാഷ്ട്രയിലെ മുംബൈയിൽ ഒരു തെലുങ്ക്-തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ചിൻമയി ജനിച്ചത്. കാമേശ്വര റാവു, പത്മഹാസിനി തിരുമല എന്നിവരായിരുന്നു മാതാപിതാക്കൾ. വളരെ ചെറുപ്പം മുതൽ തന്നെ (3-4 വയസ്സ്) അമ്മയിൽ നിന്ന് കർണ്ണാടക ക്ലാസിക്കൽ സംഗീതത്തിൽ ഔപചാരിക പരിശീലനം നേടി. പിന്നീട് അവർ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിലേക്ക് മാറാൻ തീരുമാനിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ കർണ്ണാടക സംഗീതത്തിലെ യുവ പ്രതിഭകൾക്കുള്ള സിസിആർടി സ്കോളർഷിപ്പ് അവർക്ക് ലഭിച്ചു.[2] 2000-ൽ ഓൾ ഇന്ത്യ റേഡിയോയിൽ നിന്ന് ഗസലുകൾക്ക് സ്വർണ്ണ മെഡലും 2002-ൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിന് വെള്ളി മെഡലും അവർ നേടി. ചെന്നൈയിലെ മാക്സ് മുള്ളർ ഭവനിൽ നിന്ന് ജർമ്മൻ ഭാഷ പഠിച്ചതോടൊപ്പം എൻഐഐടിയിൽ നിന്നും എസ്എസ്ഐയിൽ നിന്നും വെബ് ഡിസൈനിൽ സർട്ടിഫിക്കേഷൻ കോഴ്സുകൾ പൂർത്തിയാക്കി. സ്കൂൾ ജീവിതകാലത്ത്, അവർ സിഫി, studentconcepts.org എന്നീ കമ്പനികളിൽ ജോലി ചെയ്തു.
മദ്രാസ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ സയൻസ് ബിരുദം നേടിയ ചിന്മയി ഒരു ബഹുമുഖ നർത്തകി കൂടിയാണ്, ഒഡീസി നൃത്തരൂപമാണ് അവർക്ക് ഏറ്റവും പഥ്യം. ബഹുഭാഷാ പണ്ഡിതയായ ചിന്മയിയ്ക്ക് മാതൃഭാഷയായ തമിഴ്, തെലുങ്ക് എന്നിവയ്ക്ക് പുറമേ, ഇംഗ്ലീഷ്, ഹിന്ദി, ജർമ്മൻ, ഫ്രഞ്ച് എന്നിവയും നന്നായി സംസാരിക്കാൻ കഴിയും, കൂടാതെ സ്പാനിഷ്, മലയാളം, കന്നഡ, മറാത്തി, പഞ്ചാബി ഭാഷകളിലും അവർക്ക് പ്രാവീണ്യവുമുണ്ട്.[3]
കരിയർ
[തിരുത്തുക]
സൺ ടിവിയുടെ സപ്തസ്വരങ്ങൾ എന്ന ഗാന പരിപാടിയിൽ പങ്കെടുത്ത ചിന്മയി ഇതിൽ വിജയിയായി. തുടർന്ന് ഗായകൻ ശ്രീനിവാസ് അവരെ ചലച്ചിത്ര സംഗീതസംവിധായകൻ എ. ആർ. റഹ്മാന് പരിചയപ്പെടുത്തി. കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിനായി റഹ്മാന്റെ "ഒരു ദൈവം തന്ത പൂവേ" എന്ന ഗാനം അവതരിപ്പിച്ചുകൊണ്ടാണ് ചിന്മയിയുടെ പിന്നണി ഗായികയായുള്ള ജീവിതം ആരംഭിച്ചത്. തമിഴ്, തെലുങ്ക്, തുളു, മലയാളം എന്നീ സിനിമകളിൽ ഏതാനും വർഷങ്ങൾ പാടിയതിനു ശേഷം, മംഗൾ പാണ്ഡെ: ദി റൈസിംഗ് എന്ന ചിത്രത്തിലെ "ഹോളി രേ" എന്ന ഗാനത്തിലൂടെയാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഒരു വർഷത്തിനുശേഷം, ഗുരു എന്ന ചിത്രത്തിലെ "തേരേ ബിന", "മയ്യ" എന്നീ ഗാനങ്ങളിലൂടെ അവർ കൂടുതൽ അംഗീകാരം നേടി. 2007-ൽ "ബേഡ ബേഡ" എന്ന ഗാനം കന്നഡ പിന്നണി ഗാനരംഗത്തേക്കുള്ള അവളുടെ ആദ്യ ചുവടുവയ്പ്പായി. "സഹാന സാരൾ", "വാരായോ വാരായോ", "കിളിമഞ്ചാരോ", "സാര സാര", "അസ്കു ലസ്ക", "കാതലേ കാതലേ", മുത്തമഴൈ തുടങ്ങിയ ഗാനങ്ങൾക്ക് നിരൂപക പ്രശംസ ലഭിച്ചിട്ടുണ്ട്. ചെന്നൈ എക്സ്പ്രസിലെ "തിത്‌ലി", ഹസീ തോ ഫസീയിലെ "സെഹ്‌നസീബ്" എന്നീ ഗാനങ്ങളിലൂടെ ബോളിവുഡിൽ അവർക്ക് രണ്ടാമത്തെ വഴിത്തിരിവ് ലഭിച്ചു. തുടർന്ന് ടു സ്റ്റേറ്റ്സ് എന്ന ചിത്രത്തിൽ അർജിത് സിങ്ങിനൊപ്പം പാടിയ "മസ്ത് മഗാൻ" എന്ന ഗാനത്തിന് നിരൂപക പ്രശംസ ലഭിച്ചു. "സൈരാത്ത്" പോലുള്ള മറാത്തി സിനിമകളിലും അവർ പാടിയിട്ടുണ്ട്. 2020 ലെ കണക്കനുസരിച്ച് 10 വ്യത്യസ്ത ഭാഷകളിലായി 2,000-ത്തിലധികം ഗാനങ്ങൾ ചിന്മയിയുടെ പേരിലുണ്ട്.[4]
ഡബ്ബിംഗ് ആർട്ടിസ്റ്റ്
[തിരുത്തുക]2006-ൽ പുറത്തിറങ്ങിയ സില്ലുനു ഒരു കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചിന്മയി ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായത്. ഭൂമിക ചൗള എന്ന നടിയ്ക്കു വേണ്ടിയായിരുന്നു അത്. എ. ആർ. റഹ്മാന്റെ ഓഫീസിലൂടെയാണ് അവർക്ക് ഈ അവസരം ലഭിച്ചത്. അതിനുശേഷം, തമന്ന ഭാട്ടിയ, സമീറ റെഡ്ഡി, സാമന്ത റൂത്ത് പ്രഭു, തൃഷ കൃഷ്ണൻ എന്നിവരുൾപ്പെടെ നിരവധി തമിഴ് ചിത്രങ്ങളിലെ പ്രധാന നടിമാർക്ക് വേണ്ടി ചിന്മയി ശബ്ദം നൽകിയിട്ടുണ്ട്. തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളിലും അവർ ശബ്ദം നൽകിയിട്ടുണ്ട്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച നിരൂപക പ്രശംസ നേടിയ സാങ്കൽപ്പിക കഥാപാത്രമായ ജെസ്സിക്കു വേണ്ടിയും അവർ ശബ്ദം നൽകി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ യേ മായ ചെസാവേയിൽ ഇതേ കഥാപാത്രം പ്രത്യക്ഷപ്പെട്ടു, സാമന്തയാണ് ഇത് അവതരിപ്പിച്ചത്, അതേസമയം ഹിന്ദി പതിപ്പായ ഏക് ദീവാന തായിൽ ആമി ജാക്‌സൺ ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. മൂന്ന് ചിത്രങ്ങളിലും കഥാപാത്രത്തിന് ശബ്ദം നൽകിയ ചിന്മയി, 2010 ൽ യേ മായ ചെസാവെ എന്ന ചിത്രത്തിന് മികച്ച വനിതാ ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള നന്ദി അവാർഡ് നേടി. വേട്ടൈ എന്ന ചിത്രത്തിൽ സമീറ റെഡ്ഡിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുള്ള ചിന്മയി കൂടാതെ എല്ലാ തമിഴ് സിനിമകളിലും അവർക്കുവേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. സാമന്ത റൂത്ത് പ്രഭുവിനുവേണ്ടി തെലുങ്കിൽ ഈഗയിലും അതിൻ്റെ തമിഴ് പതിപ്പായ നാൻ ഈയിലും 2012-ൽ അവർ ശബ്ദം നൽകി. ശ്രീരാമരാജ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിലും നാനും റൗഡി ധാൻ്റെ തെലുങ്ക് പതിപ്പിലും നയൻതാരയ്ക്ക് അവർ ശബ്ദം നൽകി.[5] ആണ്ടാല രാക്ഷസി എന്ന ചിത്രത്തിൽ തുടങ്ങി ഭലേ ഭലേ മഗഡിവോയ്, മായവൻ, ചാവു കബുരു ചല്ലഗാ, എ1 എക്സ്പ്രസ് തുടങ്ങി ലാവണ്യ തൃപതിയുടെ പല സിനിമകളിലും ചിന്മയി അവർക്കുവേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. രഭാസ, അതാരിന്തിക്കി ദാരേദി, രാമയ്യ വാസ്തവയ്യ, സീതമ്മ വക്കിത്‌ലോ സിരിമല്ലേ ചേട്ട്, 24, ഓ! ബേബി ഉൾപ്പെടെ സാമന്ത റൂത്ത് പ്രഭുവിന് വേണ്ടി മറ്റ് നിരവധി ചിത്രങ്ങളിലും ചിന്മയി ശബ്ദം നൽകിയിട്ടുണ്ട്. 2018-ൽ പുറത്തിറങ്ങിയ '96' എന്ന ചിത്രത്തിൽ നായികയായ തൃഷയ്ക്ക് വേണ്ടിയും ചിത്രത്തിലെ എല്ലാ ഗാനങ്ങളും ആലപിച്ച ശേഷം, അതിന്റെ തെലുങ്ക് റീമേക്ക് ജാനുവിൽ സാമന്ത പ്രഭുവിന് വേണ്ടിയും ശബ്ദം നല്കിയതോടൊപ്പം ചിത്രത്തിലെ എല്ലാ ഗാനങ്ങളും ആലപിച്ചു. തമിഴ് സിനിമാ മേഖലയിൽ നിന്ന് നേരിട്ട 5 വർഷത്തെ വിലക്ക് ശേഷം 2023-ൽ ലോകേഷ് കനകരാജിന്റെ, വിജയ് നായകനായി അഭിനയിച്ച 'ലിയോ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമകളിൽ ഡബ്ബിംഗ് രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയ ചിന്മയി തമിഴ്, തെലുങ്ക്, കന്നഡ എന്നീ മൂന്ന് ഭാഷകളിൽ സത്യ എന്ന തൃഷയുടെ കഥാപാത്രത്തിന് ഡബ്ബിംഗ് നിർവഹിച്ചു. കന്നഡ ചലച്ചിത്രമേഖലയിൽ ചിന്മയിയുടെ ഡബ്ബിംഗ് അരങ്ങേറ്റം കൂടിയാണ് ലിയോ. സീതാ രാമം എന്ന തെലുങ്ക് ചിത്രത്തിൽ മൃണാൽ താക്കൂറിന് വേണ്ടി ചിന്മയി ശബ്ദം നൽകുകയും ആ ചിത്രം വൻ വിജയമായി മാറുകയും ചെയ്തു. ചിത്രത്തിൽ സീതാ മഹാലക്ഷ്മി/രാജകുമാരി നൂർജഹാൻ എന്ന കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്തതിന് അവർക്ക് പ്രശംസ ലഭിച്ചു. പിന്നീട് മൃണാലിന്റെ അടുത്ത തെലുങ്ക് ചിത്രമായ ഹായ് നന്നയിലും അവർക്കുവേണ്ടി ചിന്മയി വേണ്ടി ഡബ്ബ് ചെയ്തു.
വ്യക്തിജീവിതം
[തിരുത്തുക]ചിന്മയി രാഹുൽ രവീന്ദ്രനെ വിവാഹം കഴിച്ചു. 2013 സെപ്റ്റംബറിൽ, ട്വിറ്ററിലൂടെ ചിന്മയിയുടെ അമ്മ പത്മഹാസിനി, ഇന്ത്യൻ നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ രവീന്ദ്രനുമായി ചിന്മയിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. ചിന്മയിയും രാഹുലും സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്നു. 2013 ജൂണിൽ അവർ ഡേറ്റിംഗ് ആരംഭിച്ചു. 2014 മെയ് 5 ന് അവർ വിവാഹിതരായി. 2022 ജൂൺ 18 ന് അവർ ദ്രിപ്ത, ഷർവാസ് എന്നീ ഇരട്ട കുട്ടികളെ പ്രസവിച്ചു.[6] ഇതിഹാസ കർണാടക സംഗീതജ്ഞനും ഡോക്ടറുമായ ശ്രീപാദ പിനാകപാണിയുടെ ചെറുമകൾ കൂടിയാണ് അവർ.
അവലംബം
[തിരുത്തുക]- ↑ indiaglitz.com ൽ നിന്നും Archived 2004-10-24 at the Wayback Machine ശേഖരിച്ച തീയതി 04-12-2013
- ↑ "Entertainment Chennai / Personality : Young and talented". The Hindu. 13 January 2006. Archived from the original on 15 January 2006. Retrieved 20 August 2011.
- ↑ "Chinmayi's education". Chinmayionline.com. Archived from the original on 26 February 2011. Retrieved 20 August 2011.
- ↑ Rajendra, Ranjani (17 October 2013). "Singing is my first love". The Hindu. Archived from the original on 17 October 2013. Retrieved 17 October 2013.
- ↑ "SPB and Chinmayi voice for Balakrishna and Nayanthara in Sri Rama Rajyam movie | Tamil Cinema News - Latest News on Kollywood". Archived from the original on 29 November 2014. Retrieved 23 September 2014.
- ↑ "Driptah and Sharvas – The new and forever center of our Universe". Twitter. Archived from the original on 21 June 2022. Retrieved 21 June 2022.