ചന്ദ കൊച്ചാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ കൊച്ചാർ
2011-ൽ മുംബൈയിൽ നടന്ന ഇന്ത്യാ ഇകണോമിക് സമ്മിറ്റിൽ ചന്ദ കൊച്ചാർ, 12–14 നവംബർ 2011
ജനനം (1961-11-17) നവംബർ 17, 1961  (62 വയസ്സ്)
തൊഴിൽമുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, മുൻ മാനേജിങ് ഡയറക്ടർ, ഐ.സി.ഐ.സി.ഐ. ബാങ്ക്

ഐ.സി.ഐ.സി.ഐ ബാങ്ക് എംഡിയും സിഇഒയുമായിരുന്നു ചന്ദ കൊച്ചാർ.

ജനനവും വിദ്യാഭ്യാസവും[തിരുത്തുക]

1961 നവംബർ 17 ന് രാജസ്ഥാനിലെ ജോധ്പൂരിൽ ജനിച്ചു. ജെയ്പൂരിലെ സെന്റ് എയ്ഞ്ജല സോഫിയ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. മുംബൈ ജെയ്ഹിന്ദ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ശേഷം കോസ്റ്റ് അക്കൗണ്ടൻസിയും മാനേജ്മെന്റ് പഠനത്തിൽ ബിരുദാനന്തര ബിരുദവും സ്വർണമെഡലോടെ കരസ്ഥമാക്കി.

1984-1993[തിരുത്തുക]

1984-ൽ ഐസിഐസിഐ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയ്നിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആദ്യ വർഷങ്ങളിൽ ടെക്സ്റ്റൈൽ, പേപ്പർ, സിമന്റ് മേഖലകളിലെ പ്രോജൿറ്റ് അപ്പ്രൈസൽ ആണ് കൈകാര്യം ചെയ്തിരുന്നത്. 1993-ൽ ഐസിഐസിഐ കമേർഷ്യൽ ബാങ്കിങ് തുടങ്ങുന്നതുവരെ ഐസിഐസിഐ ലിമിറ്റഡിൽ പ്രവർത്തിച്ചു.

1993-2006[തിരുത്തുക]

1993-ൽ ഐസിഐസിഐ ബാങ്ക് സ്ഥാപിക്കുന്നതിനുള്ള കോർ ടീമിലേക്ക് കെ വി കാമത്തിനൊപ്പം പ്രവേശിച്ചു. 1994-ൽ അസിസ്റ്റന്റ് ജനറൽ മാനേജരായും 1996-ൽ ഡെപ്യുട്ടി ജനറൽ മാനേജരായും ഉദ്യോഗക്കയറ്റം ലഭിച്ചു. 2000-ൽ ഐസിഐസിഐ ബാങ്ക് റീട്ടെയിൽ ബാങ്കിങ്ങിലേക്ക് പ്രവേശിച്ചത് സീനിയർ ജനറൽ മാനേജരായ ചന്ദയുടെ നേത്രുത്വത്തിലണ്. 2001-ൽ ഐസിഐസിഐ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്റ്ററായി ചുമതലയേറ്റു. 5 വർഷം കൊണ്ട് 5 ലക്ഷം പുതിയ ഇടപാടുകാരുമായി ഐസിഐസിഐ ബാങ്ക് ഇൻഡ്യയിലെ ഏറ്റവും വലിയ റീട്ടയിൽ ഫൈനാൻസ്യർ ആയി. പേർസണൽ, ഹൗസിങ്, വാഹന ഉൾപ്പെടെ സർവ്വ വായ്പ്പകളിലും ബാങ്ക് മുന്നിലെത്തി.

2006 മുതൽ[തിരുത്തുക]

2006-ൽ ഐസിഐസിഐ ബാങ്കിന്റെ ഡപ്യൂട്ടി മാനേജിങ് ഡയറക്റ്ററായി നിയമിതയായി. ഒക്റ്റോബർ 2007 മുതൽ ഏപ്രിൽ 2009 വരെ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ജോയിന്റ് മാനേജിങ് ഡയറക്റ്റർ, ഔദ്യോഗിക വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മറ്റ് വിവിധ ഐസിഐസിഐ ഗ്രൂപ്പ് കംബനികളുടെ ഡയറക്റ്ററായും ചുമതല വഹിച്ചിരുന്നു. 2009 മെയ് മുതൽ കെ വി കാമത്തിന്റെ പിൻഗാമിയായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്റ്ററുമായി പ്രവർത്തിക്കുന്നു. ചന്ദ കൊച്ചാറിന്റെ നേതൃത്വത്തിൽ ഐസിഐസിഐ ബാങ്ക് 2001, 2003, 2004, 2005 വർഷങ്ങളിൽ "ബെസ്റ്റ് റീട്ടയിൽ ബാങ്ക്" അവാർഡ് കരസ്ഥമാക്കി. 2016ൽ വീഡിയോകോൺ ഗ്രൂപ്പിന്റെ ഒരു ഓഹരിയുടമ ആ സ്ഥാപനവുമായുള്ള ബാങ്കിന്റെ വായ്പാ ഇടപാടിൽ ചന്ദാ കൊച്ചാർ അവിഹിതമായി ഇടപെട്ടെന്നു് ആരോപണമുന്നയിച്ചു. ഇതേത്തുടർന്നു് ഐസിഐസിഐ ബാങ്ക് അതിന്റെ വ്യാപാരപ്രക്രിയകൾ പുനഃപരിശോധിച്ചു. അനന്തരഫലമായി 2018 ഒക്ടോബർ 4-നു് ചന്ദാ കൊച്ചാർ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മാനേജിങ്ങ് ഡയറൿടർ, സി.ഇ.ഓ. സ്ഥാനങ്ങൾ ഒഴിഞ്ഞു.

ബഹുമതികൾ[തിരുത്തുക]

പ്രമുഖ ബിസിനസ് മാസികയായ 'ഫോർച്യുൺ' 2013-ൽ ലോകത്തെ ശക്തരായ ബിസിനസ് വനിതകളുടെ പേര് പ്രസിദ്ധപ്പെടുത്തിയപ്പോൾ അതിൽ ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ ഒരാൾ ചന്ദാ കൊച്ചാർ ആയിരുന്നു. 2005 മുതൽ തുടർച്ചയായി ഈ ലിസ്റ്റിൽ ഇടം പിടിക്കുന്ന ഇന്ത്യക്കാരിയണ് ഇവർ. 2011-ൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ നൽകി ആദരിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

മനോരമ ഓൺലൈൻ(http://www.manoramaonline.com/advt/Women/Womens_Day_2011/chanda_kochhar.htm Archived 2014-03-25 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ചന്ദ_കൊച്ചാർ&oldid=3630996" എന്ന താളിൽനിന്ന് ശേഖരിച്ചത്