Jump to content

ഗുഹോപമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുഹോപമ
ഗുഹോപമയുടെ ഒരു ചിത്രീകരണം

അജ്ഞതയിൽ മുഴുകിയ സാമാന്യമനുഷ്യാവസ്ഥയേയും സമൂഹത്തിൽ തത്ത്വചിന്തകരുടെ ദൗത്യത്തേയും ചിത്രീകരിക്കാൻ, പുരാതന യവനചിന്തകൻ പ്ലേറ്റോ റിപ്പബ്ലിക് എന്ന വിഖ്യാതരചനയിൽ ഉപയോഗിച്ചിരിക്കുന്ന അന്യാപദേശമാണു ഗുഹോപമ (Allegory of the Cave). "പ്ലേറ്റോയുടെ ഗുഹ", "ഗുഹാരൂപകം" തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. റിപ്പബ്ലിക്കിലുടനീളമുള്ള ആഖ്യാനസങ്കേതം പിന്തുടർന്ന് സോക്രട്ടീസും പ്ലേറ്റോയുടെ സഹോദരൻ ഗ്ലൗക്കനും തമ്മിലുള്ള സല്ലാപത്തിന്റെ രൂപത്തിൽ ആറാം പുസ്തകത്തിന്റെ തുടക്കത്തിലാണ് ഈ ഉപമ പ്രത്യക്ഷപ്പെടുന്നത്.

ഇതിൽ പ്ലോറ്റോയുടെ സോക്രട്ടീസ്, ചെറുപ്പം മുതൽ ഒരു ഗുഹയിൽ അതിന്റെ പ്രവേശനദ്വാരത്തിനു പുറം തിരിഞ്ഞ് ബന്ധനസ്ഥരായി മുൻപിലുള്ള ശൂന്യഭിത്തിയിൽ നോക്കി ആയുസ്സുപോക്കേണ്ടിവരുന്ന ഒരു കൂട്ടം മനുഷ്യരെ വർണ്ണിക്കുന്നു. ഈ ഹതഭാഗ്യർക്കു പുറകിൽ ഒരഗ്നികുണ്ഡവും അതിനും അവർക്കും മദ്ധ്യേ ഒരു മതിൽക്കെട്ടും ഉണ്ട്. മതിൽക്കെട്ടിനു മുകളിൽ ചലിക്കുന്ന പാവകളുടെ നിഴൽ ഗുഹക്കുള്ളിലെ ശൂന്യഭിത്തിയിൽ പതിക്കുന്നു. തിരിഞ്ഞു നോക്കാനാകാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുന്ന ആ മനുഷ്യർ, തങ്ങൾക്കു മുന്നിൽ ഭിത്തിയിൽ തെളിയുന്ന നിഴലുകളെ നോക്കിയിരിക്കുന്നു. നിഴലുകൾക്കപ്പുറമൊന്നും ദർശിച്ചിട്ടില്ലാത്ത അവർ അവയെ യാഥാർത്ഥ്യമായി കരുതുന്നു. അവരുടെ അനുഭവലോകത്തിന്റെ പരമാവധി, ആ നിഴലുകളാകുന്നു. ഗുഹയ്ക്കു പുറത്തുള്ള പർമാർത്ഥത ദർശിക്കാൻ അവസരം കിട്ടി, നിഴലുകളെ നിഴലുകളായി തിരിച്ചറിയാനും അവയെ പരമാർത്ഥതയായി തെറ്റിദ്ധരിക്കാതിരിക്കാനും പ്രാപ്തിനേടിയവരാണ് തത്ത്വജ്ഞാനികൾ.[1]

ഗുഹോപമ പ്ലേറ്റോയുടെ തന്നെ ചിന്തയിലെ പ്രസിദ്ധമായ മറ്റൊരാശയമായ മാതൃകകളുടെ സിദ്ധാന്തവുമായി(theory of forms) ബന്ധപ്പെട്ടിരിക്കുന്നു. നമുക്ക് അനുഭവേദ്യമാകുന്ന പദാർഥപ്രപഞ്ചത്തിനപ്പുറം പദാർഥേതരമായ ഒരു മാതൃകാലോകമുണ്ടെന്നും പദാർഥപ്രപഞ്ചത്തിലെ വസ്തുക്കളും ഗുണങ്ങളുമെല്ലാം ഇതരലോകത്തിലെ അവയുടെ ഗുണസമ്പൂർണമായ മാതൃകകളുടെ അഥവാ ആശയങ്ങളുടെ നിഴലുകൾ മാത്രമാണെന്നുമാണ് മാതൃകകളുടെ സിദ്ധാന്തത്തിന്റെ ചുരുക്കം. ഇന്ദ്രിയങ്ങൾ മുഖേന നാം അറിയുന്നതും പരിവർത്തനവിധേയവുമായ ലോകത്തിനപ്പുറമുള്ള ഈ മാതൃകാലോമാണ് മൗലികവും ഉദാത്തവുമായ യാഥാർത്ഥ്യം. മാതൃകാലോകത്തെക്കുറിച്ചുള്ള അറിവേ യഥാർത്ഥ ജ്ഞാനമാകുന്നുള്ളു.

അവലംബം

[തിരുത്തുക]
  1. പ്ലേറ്റോയുടെ റിപ്പബ്ലിക്ക്, ഡെസ്മണ്ട് ലീയുടെ ഇംഗ്ലീഷ് പരിഭാഷ (പുറം 255-64) പെൻഗ്വിൻ ക്ലാസ്സിക്സ്

പുറം കണ്ണികൾ

[തിരുത്തുക]
  1. ‘ഗുഹോപമ’യിൽ നിന്ന് പ്രചോദനം ഉള്ക്കൊ്ണ്ട് നിര്മ്മിച്ച ആനമേഷൻ വീഡിയോ.
"https://ml.wikipedia.org/w/index.php?title=ഗുഹോപമ&oldid=3721394" എന്ന താളിൽനിന്ന് ശേഖരിച്ചത്