ഗുണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാവ്യശോഭ ഉണ്ടാക്കുന്ന ധർമങ്ങളാണ് ഗുണങ്ങൾ. ഗുണങ്ങൾ നിത്യങ്ങളാണ്. ഭരതമുനി നാട്യശാസ്ത്രത്തിൽ പത്തു കാവ്യഗുണങ്ങൾ വിവേചിച്ചു കാണിക്കുന്നു. ഭരതന്റെ അതേ മാർഗ്ഗമാണ് ദണ്ഡി ഗുണവിഭജനത്തിൽ സ്വീകരിച്ചത്.

'ശ്ലേഷ, പ്രസാദ, സമതാ, സമാധിർ മാധുര്യ, മോജ, പദസൗകുമാര്യം, അർത്ഥസ്യ ച വ്യക്തി, ദിദാരതാ, ച കാന്തിശ്ച കാവ്യസ്യ ഗുണാദശൈതേ' -നാട്യശാസ്ത്രം 17.93

ശ്ലിഷ്ടം[തിരുത്തുക]

ശൈഥില്യം ഇല്ലാത്തതും അല്പപ്രാണാക്ഷരങ്ങൾ നിറഞ്ഞതുമാണ് ശ്ലിഷ്ടം. അല്പപ്രാണങ്ങളായ അക്ഷരങ്ങൾക്ക് പ്രാമുഖ്യം കൊടുക്കണമെന്ന കാര്യം ആദ്യമായി പറയുന്നത് ദണ്ഡിയാണ്. അനുപ്രാസപ്രിയത്വം കൊണ്ട് ഗൗഡന്മാരും ബന്ധഗൗരവംകൊണ്ട് വൈദർഭന്മാരും ശ്ലിഷ്ടഗുണത്തെ അംഗീകരിക്കുന്നു.

പ്രസാദം[തിരുത്തുക]

പ്രസിദ്ധാർത്ഥം ഉൾക്കൊളളുന്നതിനാൽ പ്രതീതി സുഭഗമാണ് പ്രസാദം 'പ്രസാദവാത് പ്രസിദ്ധാർത്ഥം പ്രതീതി സുഭഗം വച'-കാ ആ 1.45

അതിരൂഢമായ പദങ്ങളില്ലെങ്കിലും വ്യുൽപ്പന്നമാണെന്ന് പറഞ്ഞ് ഗൗഡന്മാർ പ്രസാദത്തെ ആദരിക്കുന്നു. അവർക്ക് വൈചിത്രശാലിയായ ബന്ധമാണ് പ്രസാദം.

സമത[തിരുത്തുക]

അലങ്കാരങ്ങളും ഗുണങ്ങളും സമമായി, അന്യോന സദൃശ്യമായി, അന്യോനഭൂഷണമായി വരുന്നതാണ് സമത.

മാധുര്യം[തിരുത്തുക]

വാക്കിലും അർത്ഥത്തിലും രസം സ്ഥിതി ചെയ്യുന്നതാണ് മാധുര്യം. തേൻകൊണ്ട് വണ്ടുകൾ എന്ന പോലെ രസം കൊണ്ട് സഹൃദയർ മദിക്കുന്നു.


സൗകുമാര്യം[തിരുത്തുക]

പരുഷമല്ലാത്ത അക്ഷരങ്ങൾ ധാരാളമായി വന്നാൽ സുകുമാരഗുണം ലഭിക്കും

അർത്ഥവ്യക്തി[തിരുത്തുക]

അർത്ഥം ആലോചിച്ചെടുക്കാതെ നേരിട്ടു കിട്ടുന്നത് അർത്ഥ വ്യക്തി. ഈ ഗുണം വൈദർഭഗൗഡീയന്മാർ ഒരേപോലെ സ്വീകരിക്കുന്നു.

ഉദാരത[തിരുത്തുക]

പറഞ്ഞു കഴിയുമ്പോൾ ഉത്കർഷം തോന്നിക്കുന്നതാണ് ഉദാരത. ഉദാരതകൊണ്ട് കാവ്യപദ്ധതി സനാഥമാകുന്നു,

ഓജസ്സ്[തിരുത്തുക]

സമസ്തപദങ്ങൾ ധാരാളമുണ്ടായാൽ ഓജോഗുണം ലഭിക്കുന്നു. ഇത് ഗദ്യത്തിന്റെ ജീവനാണ്.

കാന്തി[തിരുത്തുക]

ലൗകികമായ അർത്ഥങ്ങളെ അതിക്രമിക്കാതെ തന്നെ എല്ലായിടത്തും ആകർഷകമാകുന്ന വിധത്തിൽ രചന നിർവ്വഹിച്ചാൽ കാന്തി ഗുണം ലഭിക്കും.

സമാധി[തിരുത്തുക]

ലോകമര്യാദ അനുവർത്തിച്ചുകൊണ്ട് ഒന്നിന്റെ ധർമ്മം മറ്റൊന്നിൽ പ്രയോഗിച്ചാൽ സമാധി ഗുണം ലഭിക്കും. ഒരു വസ്തുവിൽ ഒരേ സമയത്ത് അനേകധർമ്മങ്ങൾ ഉപചാരമായി ആരോപിക്കുന്നതും സമാധി ഗുണം തന്നെ. കാവ്യസർവ്വസ്വമായ ഇതിനെ എല്ലാ കവികളും പിന്തടരുന്നു

ശ്ലേഷം, സമത, ഓജസ്സ് എന്നിവ ശബ്ദഗുണങ്ങളും പ്രസാദം, അർത്ഥവ്യക്തി, ഉദാരത, കാന്തി, സമാധി എന്നിവ അർത്ഥഗുണങ്ങളും മാധുര്യം, സുകുമാരത എന്നിവ ഉഭയഗുണത്തിലും പെടുന്നു.


അവലംബം[തിരുത്തുക]

ഭാരതീയകാവ്യശാസ്ത്രം-ഡോ ടി ഭാസ്‌ക്കരൻ കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്

"https://ml.wikipedia.org/w/index.php?title=ഗുണം&oldid=3698623" എന്ന താളിൽനിന്ന് ശേഖരിച്ചത്