ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാന്ധിഭവൻ

കൊല്ലം ജില്ലയിലെ പത്തനാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർക്കാരിതര സംഘടനയാണ്. [1] 2002-ൽ സ്ഥാപിതമായ ഈ സംഘടന, ലിംഗഭേദം, പ്രായം, ആരോഗ്യസ്ഥിതി, മതം, ജാതി എന്നിവ പരിഗണിക്കാതെ നിരാലംബരായ വ്യക്തികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്നു.

2023 നവംബറിൽ ഏകദേശം 1300 പേർ ഗാന്ധിഭവൻ കുടുംബാംഗങ്ങളായി കഴിഞ്ഞുവരുന്നു. പുനലൂർ സോമരാജനാണ് ട്രസ്റ്റ് സ്ഥാപിച്ചത്. [2]

കൈക്കുഞ്ഞുങ്ങൾക്കായി ഡേകെയർ സെന്റർ, നിർധനരായ കുട്ടികൾക്കുള്ള ചിൽഡ്രൻസ് ഹോം, സെറിബ്രൽ പാൾസി, ഓട്ടിസം, മറ്റ് തരത്തിലുള്ള മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ സ്കൂൾ, സ്ത്രീകൾക്കും കുട്ടികൾക്കും അഭയകേന്ദ്രമായി ജില്ലാ ഷെൽട്ടർ ഹോം തുടങ്ങി നിരവധി സൗകര്യങ്ങൾ ട്രസ്റ്റ് നടത്തുന്നു.,

പുരുഷന്മാർക്കുള്ള വൃദ്ധസദനം, കിടപ്പിലായ മുതിർന്ന പൗരന്മാർക്ക് ജീവകാരുണ്യ മന്ദിരം, സമ്പൂർണ ഡി-അഡിക്ഷൻ സെന്റർ, സ്ത്രീകൾക്കുള്ള പാലിയേറ്റീവ് കെയർ ഹോം. [3]

തുടക്കം[തിരുത്തുക]

കേരളത്തിലെ കൊല്ലം ജില്ലയിൽ കല്ലട നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിഭവൻ 2002-ൽ തന്നെ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.[4] പുനലൂർ സോമരാജൻ ആരംഭിച്ച ഈ എൻജിഒ, ഗാന്ധിയൻ ചിന്തകളുടെ ദർശനങ്ങളും തത്വങ്ങളും പഠിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ആയിരുന്നു ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, എന്നാൽ ഒരു സംഭവം അതിന്റെ ലക്ഷ്യം തന്നെ മാറ്റിമറിച്ചു.[4] അമ്മയെ നഷ്ടപ്പെട്ട ഒരാളെന്ന നിലയിൽ, മറ്റൊരു വൃദ്ധയായ സ്ത്രീ ഒറ്റപ്പെട്ട് വഴിയിൽ ജീവിക്കുന്നത് കാണുന്നത് സാമൂഹ്യ പ്രവർത്തകനായ പുനലൂർ സോമരാജനെ ആഴത്തിൽ സ്വാധീനിച്ചു, തുടർന്നാണ് അശരണർക്ക് ഒരു ആലയം എന്ന രീതിയിൽ ഗാന്ധിഭവനെ മാറ്റാൻ അദ്ദേഹം തീരുമാനിക്കുന്നത്. പാറുക്കുട്ടിയമ്മ എന്ന ആ അമ്മയാണ് അദ്ദേഹം ആരംഭിച്ച ഗാന്ധിഭവനിലെ ആദ്യത്തെ അന്തേവാസി.[4]

ഗാന്ധിഭവനിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ[തിരുത്തുക]

ഗാന്ധിഭവൻ, കുട്ടികൾ, പ്രത്യേക ആവശ്യങ്ങളുള്ളവർ, ഗാർഹിക പീഡനത്തിന് ഇരയായവർ, കിടപ്പിലായ മുതിർന്ന പൗരന്മാർ എന്നിവർക്കായി അഭയകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.[4] ഗാർഹിക പീഡനങ്ങളിൽ നിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള 2005 ലെ നിയമം അനുസരിച്ച് സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണ് കേരള സർക്കാർ ഗാന്ധിഭവനിൽ ആരംഭിച്ച വനിതാ അഭയകേന്ദ്രം.[4] വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമുള്ള ഈ വ്യത്യസ്‌ത കമ്മ്യൂണിറ്റികളെയെല്ലാം പരിചരിക്കുന്ന ഭവൻ നിയമസഹായം മുതൽ പുനരധിവാസം വരെ എല്ലാ അടിസ്ഥാനത്തിലും സേവനങ്ങൾ ഉറപ്പാക്കി വരുന്നു.[4]

ചിൽഡ്രൻസ് ഹോം, ഓൾഡ് ഏജ് ഹോം, സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ, ഭിന്നശേഷി പുനരധിവാസ കേന്ദ്രം, പാലിയേറ്റീവ് കെയർ യൂണിറ്റ് അടക്കം കേരളത്തിലുടനീളം 20 ശാഖകളും ഭിന്നശേഷിക്കാർക്കായുള്ള സ്‌പെഷ്യൽ സ്‌കൂൾ, ലഹരിചികിത്സാ പുനരധിവാസകേന്ദ്രം, സംസ്ഥാന സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് ജയിൽ മോചിതരെ പുനരധിവസിപ്പിക്കുന്ന തണലിടം പ്രൊബേഷൻ ഹോം, മാനസികാസ്വാസ്ഥ്യം ബാധിച്ച് കേരളത്തിൽ അലഞ്ഞുനടക്കുന്ന ഇതര സംസ്ഥാനക്കാരായ ആളുകളുടെ ബന്ധുക്കളെ കണ്ടെത്തി അവരെ നാട്ടിലെത്തിക്കുന്ന പ്രത്യാശ പദ്ധതി, കേരള ഹൈക്കോടതിയുടെ കീഴിലുള്ള KELSA ലീഗൽ എയ്ഡ് ക്ലിനിക്ക്, ഗാർഹിക പീഡന നിരോധന നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയോഗിച്ച നാല് സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകൾ, വനിതകൾക്കായുള്ള ജില്ലാ ഷെൽട്ടർ ഹോം, വനിതാ കമ്മീഷൻ എ ഗ്രേഡ് യൂണിറ്റ്, ഭിന്നശേഷിക്കാർക്കായുളള സേവനകേന്ദ്രം, കേരള ഹൈക്കോടതിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിക്ടിം റൈറ്റ് സെന്റർ ഉൾപ്പടെ നിരവധി സൗജന്യ നിയമസേവന പ്രവർത്തനങ്ങളും സോമരാജന്റെ നേതൃത്വത്തിൽ ഗാന്ധിഭവനിൽ നടക്കുന്നു. കേരള സാക്ഷരതാ മിഷന്റെ സാക്ഷരതാകേന്ദ്രം, തുല്യതാ സ്‌കൂൾ, കേരള ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള ലൈബ്രറി, സംഗീത നാടക അക്കാഡമി ഓഫ് കാമ്പസ് സെന്റർ, ഗ്രാമീണ മേഖലയിൽ നിന്നും പ്രതിഭകളെ വാർത്തെടുക്കുന്നതിനായി ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, നവോത്ഥാന മൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായി 'ഗാന്ധിഭവൻ തീയറ്റർ ഇന്ത്യ' എന്ന പ്രൊഫഷണൽ നാടകസമിതി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്‌കൂളിന്റെയും കേന്ദ്രസർക്കാർ സ്റ്റെഡ് കൗൺസിലിന്റെയും അംഗീകാരത്തോടെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തുന്ന സ്റ്റഡി സെന്റർ, കലാസാംസ്‌കാരിക കേന്ദ്രം, നന്മയുള്ള വാർത്തകളും വിശേഷങ്ങളും പൊതുജനങ്ങളിലെത്തിക്കുന്നതിനായി ഓൺ ടൈം മീഡിയ എന്ന ഓൺലൈൻ ചാനൽ, സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടെയുള്ള വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ എന്നിവയും ഗാന്ധിഭവനിൽ പ്രവർത്തിച്ചുവരുന്നു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

  • മുതിർന്ന പൗരന്മാർക്കും ബോധവൽക്കരണ തലമുറയ്ക്കും സേവനങ്ങൾ നൽകുന്നതിനുള്ള മികച്ച സ്ഥാപനമെന്ന നിലയിൽ ട്രസ്റ്റിന് 2019-ൽ ഇന്ത്യാ ഗവൺമെന്റ് “വയോശ്രേഷ്ഠ സമ്മാന്” നൽകി ആദരിച്ചു. [5]

റഫറൻസുകൾ[തിരുത്തുക]

  1. "Providing succour in their sunset years: Yusuffali builds Rs 15 crore building at Kollam's Gandhibhavan". www.newindianexpress.com. Express Network Private Ltd. Retrieved 9 November 2023.
  2. "Kerala Jyothi award for writer T. Padmanabhan". www.thehindu.com. THG Publishing Pvt Ltd. Retrieved 9 November 2023.
  3. "Overview of Gandhibhavan". www.gandhibhavan.org. Gandhibhavan International Trust. Retrieved 9 November 2023.
  4. 4.0 4.1 4.2 4.3 4.4 4.5 Kumar, Laxmi Mohan (2023-01-14). "Kerala's 'Mini-India': Know About Gandhi Bhavan, Home To One Of The Largest Joint Families In Asia" (in ഇംഗ്ലീഷ്). Retrieved 2023-12-18.
  5. "President of India Presented "Vayoshreshtha Samman – 2019" to Eminent Senior Citizens & Institutions". pib.gov.in. Press Information Bureau, Government of India, Ministry of Social Justice & Empowerment. Retrieved 9 November 2023.