ഗസ്‌നിയിലെ മസ്‌ഉദ് ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗസ്നിയിലെ മസ്ഊദ് ഒന്നാമന്റെ നാണയം, ഹിന്ദു ഷാഹി ഡിസൈനുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഇതിൽ, കുതിരപ്പടയാളിയുടെ ശിരസിന് ചുറ്റും മസ്ഊദ് (പേർഷ്യൻ: مسعود) എന്ന പേര് കൊത്തിയിരിക്കുന്നു.
ഖുറാസാൻ, ട്രാൻസോക്സിയാന, തോഖാരിസ്ഥാൻ എന്നിവയുടെ ഭൂപടം.
ദണ്ഡനാഖൻ യുദ്ധത്തിന്റെ ചിത്രീകരണം.

ഗസ്‌നിയിലെ മസ്‌ഉദ് ഒന്നാമൻ (പേർഷ്യൻ: مسعود غزنوی), അമീർ-ഇ ഷാഹിദ് (امیر شهید; ""രക്തസാക്ഷി രാജാവ്"" എന്നറിയപ്പെടുന്നു) (പേർഷ്യൻ: مسعود غزنوی), (ജനനം. 998 - മരണം. 17 ജനുവരി 1040) 1030 മുതൽ 1040 വരെയുള്ള കാലഘട്ടത്തിൽ ഗസ്‌നവി സാമ്രാജ്യത്തിന്റെ സുൽത്താനായിരുന്നു. അവരുടെ പിതാവ് ഗസ്നിയിലെ മഹ്‌മൂദിൻറെ മരണശേഷം അനന്തരാവകാശിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇളയ ഇരട്ട സഹോദരൻ മുഹമ്മദിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ടാണ് അദ്ദേഹം ഗസ്‌നി സിംഹാസനം പിടിച്ചെടുത്ത് അധികാരത്തിലെത്തിയത്. താമസിയാതെ അന്ധനാക്കപ്പെട്ട ഇരട്ട സഹോദരൻ തടവിലാക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, മസ്ഊദിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭൂരിഭാഗത്തിലും അദ്ദേഹത്തിന് നിയന്ത്രണം നഷ്ടമായപ്പോൾ സൈന്യം അദ്ദേഹത്തിനെതിരെ കലാപമുണ്ടാക്കുകയും മുഹമ്മദിനെ സിംഹാസനത്തിൽ പുനഃസ്ഥാപിക്കുകയും ചെയ്തു.

മുൻകാലജീവിതം[തിരുത്തുക]

ഇളയ ഇരട്ട സഹോദരൻ മുഹമ്മദിനൊപ്പം 998-ൽ ഗസ്‌നാവി സാമ്രാജ്യ തലസ്ഥാനമായ ഗസ്‌നിയിലാണ് മസ്ഊദ് ജനിച്ചത്. 1015-ൽ മസൂദിനെ ഗസ്‌നാവി സാമ്രാജ്യത്തിന്റെ അവകാശിയായി നിയമിച്ച പിതാവ് കൂടാതെ ഹെറാത്തിന്റെ ഗവർണറായും അദ്ദേഹത്തിന് നൽകി. അഞ്ച് വർഷത്തിന് ശേഷം, അപ്പോഴും ഒരു പാഗൻ പ്രദേശമായിരുന്ന ഘൂറിൽ അദ്ദേഹം ഒരു സൈനിക പര്യവേഷണത്തിന് നേതൃത്വം നൽകി. പിന്നീട് മസ്ഊദ് ജിബാലിലെ തന്റെ പിതാവിന്റെ സൈനിക പ്രചാരണങ്ങളിൽ പങ്കെടുക്കുകയും അവിടെ അവർ മജ്ദ് അൽ-ദൗലയുടെ ഭരണത്തിൻ കീഴിലായിരുന്ന റേയിലെ ബുയിദ് അമിറേറ്റിനെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു.

മസ്ഊദിന്റെ പിതാവ് ആ പ്രദേശം വിട്ടശേഷം, പടിഞ്ഞാറൻ ഇറാനിലെ ഗസ്നാവി സാമ്രാജ്യത്തിൻറെ വികസന പ്രവർത്തനങ്ങളുടെ ചുമതല മസ്ഊദിൽ വന്നുചേർന്നതോടെ കൂടുതൽ പടിഞ്ഞാറ് തന്റെ സൈനിക പ്രചാരണങ്ങൾ തുടർന്ന അദ്ദേഹത്തിന് അവിടെ കക്കുയിദ് ഭരണാധികാരി മുഹമ്മദ് ഇബ്ൻ റുസ്തം ദുഷ്മാൻസിയറിനെ പരാജയപ്പെടുത്താൻ സാധിക്കുകയും ഗസ്നാവിദ് പരമാഅധികാരം അംഗീകരിക്കാൻ സമ്മതിച്ച റുസ്തം ഒരു ഉടമ്പടിയിലേർപ്പെടാൻ സമ്മതിക്കുകയും ചെയ്തു.

എന്നിരുന്നാലും, മുഹമ്മദ് റുസ്തം ഉടമ്പടി ലംഘിച്ചുകൊണ്ട് 1030-ൽ റേ നഗരം ഗസ്നാവികളിൽ നിന്ന് പിടിച്ചെടുത്തു. അതേ കാലയളവിൽ, മസൂദുമായുള്ള മോശം ബന്ധം കാരണം, പിതാവ് മഹ്മൂദ്, തന്റെ അഭിപ്രായം മാറ്റുകയും, ഭരണകൂടത്തിലും സൈനിക കാര്യങ്ങളിലും മസ്ഊദിനെക്കാൾ പരിചയം വളരെ കുറവായിരുന്ന മൊഹമ്മദിനെ തന്റെ അനന്തരാവകാശിയായി നിയമിച്ചു.[1] പിതാവ് മഹമൂദ് താമസിയാതെ മരിച്ചതിനേത്തുടർന്ന് മുഹമ്മദ് രാജാവായി.

അധികാരത്തിനുള്ള പോരാട്ടം[തിരുത്തുക]

എന്നിരുന്നാലും, അദ്ദേഹത്തിന്റെ അമ്മാവൻ യൂസഫ് ഇബ്‌ൻ സബുക്ടിഗിനും തൻറെ സൈനിക പ്രവർത്തനങ്ങളിലൂടെ രാജ്യത്ത് വലിയ പ്രശസ്തി നേടിയ അലി ദയയെപ്പോലുള്ള പ്രമുഖ ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ള ഗസ്‌നാവി സൈന്യവും മസൂദിന് അനുകൂലമായിരുന്നു.[1] മസ്ഊദിനൊപ്പം അദ്ദേഹത്തിന്റെ മുൻ സഹായി അബു സഹൽ സാവ്സാനിയും ഉണ്ടായിരുന്നു. എന്നിരുന്നാലും, തന്റെ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, മസ്ഊദ് തുർക്ക്മെൻ തലവന്മാരായിരുന്ന യഗ്മൂർ, ഖിസിൽ, ബോഗ, ഗോക്താഷ് എന്നിവരടങ്ങിയ ഒരു കൂട്ടം തുർക്ക്മെൻസിനെ റിക്രൂട്ട് ചെയ്തു.[2]

ഭരണകാലം[തിരുത്തുക]

മസൂദ് പിന്നീട് ഗസ്‌നിയിലേക്ക് നീങ്ങുകയും അവിടെ അദ്ദേഹം സഹോദരനെ പരാജയപ്പെടുത്തി തടവിലാക്കിക്കൊണ്ട് ഗസ്‌നാവി സാമ്രാജ്യത്തിന്റെ പുതിയ സുൽത്താനായി സ്വയം കിരീടധാരണം നടത്തി. മസ്ഊദ് അധികം താമസിയാതെ, പ്രീതി നഷ്ടപ്പെട്ട മുൻ രാഷ്ട്രതന്ത്രജ്ഞൻ അഹ്മദ് മെയ്മണ്ടിയെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും, അദ്ദേഹത്തെ തന്റെ വസീറായി നിയമിക്കുകയും ചെയ്തു. ഖൊറാസന്റെ സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫായി അലി ദയയെ നിയമിച്ച അദ്ദേഹം അതേസമയം അഹ്മദ് ഇനൽറ്റിഗിൻ എന്ന മറ്റൊരു ജനറലിനെ ഇന്ത്യയിലെ സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫായി നിയമിച്ചു.[3]

മസ്ഊദ് ഒരു മികച്ച സൈനിക നേതാവായിരുന്നുവെങ്കിലും, തന്റെ ഉദ്യോഗസ്ഥരുടെ ഉപദേശം ശ്രദ്ധിക്കാതിരുന്നതിനാൽ അത് പിന്നീട് അദ്ദേഹത്തിന്റെ ഭരണകാലത്തെ തകർച്ചിയിലേയ്ക്ക് നയിച്ചു.[4] തന്റെ പിതാവിന്റെ ഭൂരിഭാഗം ഉദ്യോഗസ്ഥരും വഞ്ചകരാണെന്ന അദ്ദേഹം സംശയിച്ചതോടൊപ്പം സ്വന്തം അമ്മാവൻ യൂസഫും ശക്തനായ രാഷ്ട്രതന്ത്രജ്ഞൻ അലി ഇബ്ൻ ഇൽ-അർസ്‌ലാനും തടവിലാക്കപ്പെട്ടു. 1032-ൽ അഹ്മദ് മെയ്മണ്ടി മരിച്ചതിനേത്തുടർന്ന് അഹ്മദ് ഷിറാസി മസ്ഊദിന്റെ വസീറായി നിയമിതനായി. കുറച്ചുകാലത്തിനുശേഷം, മസ്ഊദിന്റെ ഗവർണറും ഖ്വാരസ്മിലെ യഥാർത്ഥ ഭരണാധികാരിയുമായിരുന്ന അൽതുൻ താഷിനെ, കാര-ഖാനിദ് ഭരണാധികാരി അലി ടിഗിൻ ബുഗ്രാ ഖാന്റെ രാജ്യം ആക്രമിക്കാൻ അയച്ചുവെങ്കിലും സമർഖണ്ഡിനടുത്തുള്ള ദബൂസിയ എന്ന പട്ടണത്തിൽ വച്ച് അയാൾ കൊല്ലപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഹാറൂൺ അധികാരമേറ്റു.

പടിഞ്ഞാറൻ ഇറാനിലെ യുദ്ധവും തുർക്കി നാടോടികളുമായുള്ള ഏറ്റുമുട്ടലും[തിരുത്തുക]

1033-ൽ, മസ്ഊദ് സർസുത്ത് കോട്ട പിടിച്ചടക്കുകയും താമസിയാതെ ബുയിദ് ഭരണാധികാരി അബു കാലിജാറിന്റെ ഭരണത്തിൻ കീഴിലായിരുന്നു കെർമനെ ആക്രമിക്കുകയും ചെയ്തു. താമസിയാതെ മസ്ഊദിന് ഈ പ്രദേശം കീഴടക്കാൻ കഴിഞ്ഞുവെങ്കിലും ബുയിദ് ഭരണം ഇഷ്ടപ്പെട്ട കെർമാനിലെ നിവാസികൾ അബു കാലിജാറിനോടൊപ്പം അണിനിരക്കുകുയം അദ്ദേഹത്തിന്റെ വിസിയർ ബഹ്‌റാം ഇബ്‌നു മഫിന്നയുടെ കീഴിൽ കെർമാൻ വീണ്ടും കീഴടക്കപ്പെടുകയും ചെയ്തു.[5] അതേ കാലഘട്ടത്തിൽ, കലാപം നടത്തിയ അഹ്മദ് ഇനാൽറ്റിഗിൻ മസ്ഊദ് അയച്ച സൈന്യത്തെ പരാജയപ്പെടുത്തിയതോടെ തിലക് എന്ന ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞന്റെ കീഴിൽ അദ്ദേഹം മറ്റൊരു സൈന്യത്തെ അയച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച അഹമ്മദ് ഇനൽറ്റിഗിനെ പരാജയപ്പെടുത്താൻ തിലകിൻറെ നേതൃത്വത്തിലുള്ള സൈന്യത്തിന് കഴിഞ്ഞു.[3][4] 1033-ൽ മസൂദ്, സിയാരിദ് സംസ്ഥാനത്തിന്റെ യഥാർത്ഥ ഭരണാധികാരിയായിരുന്ന സിയാരിദ് അനുഷിർവാൻ ഷറഫ് അൽ-മഅലിയുടെ ബന്ധുവായ അബു കലിജാറിന്റെ മകളെ വിവാഹം കഴിച്ചു. അതേ വർഷം തന്നെ, തന്റെ വിശ്വാസയോഗ്യമല്ലാത്ത സാമന്തനായിരുന്ന കക്കുയിദ് ഭരണാധികാരി മുഹമ്മദിനെ നിയന്ത്രണത്തിൽ നിറുത്തുന്നതിനായി മസൂദ് ഒന്നാമൻ ജിബാലിന്റെ ഗവർണറായി അബു സഹൽ ഹംദുവിയെ നിയമിച്ചു.[6]

1034-ൽ ഹറൂൺ ഗസ്‌നാവിദ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും കാരാ-ഖാനിദ് ഭരണാധികാരി അലി ടിഗിനുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.[7] എന്നിരുന്നാലും, മസ്ഊദിന് ഹാറൂണിനെ വധിക്കാൻ കഴിയുകയും അലി ടിഗിൻ താമസിയാതെ മരണമടയുകയും ചെയ്തു. കാരാ-ഖാനിദുകളുമായുള്ള സഖ്യം തുടർന്നുകൊണ്ട് സഹോദരൻ ഇസ്മായിൽ ഖണ്ഡാൻ ഹാരൂണിന്റെ പിൻഗാമിയായി. ഇതിനിടയിൽ തുഗ്‌രിലിന്റെ നേതൃത്വത്തിൽ സെൽജുക് തുർക്കികൾ മസ്ഊദിനോട് അഭയം തേടി. എന്നിരുന്നാലും, മസ്ഊദ്, തുർക്കി നാടോടികളെ അപകടകാരികളായി കണക്കാക്കുകയും ഖൊറാസാനിൽ പുതുതായി നിയമിതനായ കമാൻഡർ-ഇൻ-ചീഫ് ബെഗ്തോഗ്ദിയുടെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയയ്ക്കുകയും ചെയ്തു. അധികം താമസിയാതെ സെൽജൂക്കുകളിൽനിന്ന്  സൈന്യം പരാജയം ഏറ്റുവാങ്ങുകയും അവർ ഗസ്‌നാവിദ് അധികാരത്തെ സെൽജൂക്കുകൾ അംഗീകരിച്ചതിന് പകരമായി നാസ, ഫരാവ, ദിഹിസ്ഥാൻ എന്നിവ വിട്ടുകൊടുക്കാൻ മസ്ഊദിനെ നിർബന്ധിച്ചു. സെൽജൂക്കുകളാൽ സൈന്യം ഉടൻ തന്നെ പരാജയപ്പെട്ടു. 1034-ൽ, കപ്പം ശേഖരിക്കുന്നതിനായി മസ്ഊദ് അമുലിലേക്ക് ഒരു സൈന്യവുമായി മാർച്ച് ചെയ്യുകയും അമുലിനെ നാല് ദിവസത്തേക്ക് കൊള്ളിവയ്പ്പ് നടത്തുകയും പിന്നീട് കത്തിക്കുകയും ചെയ്തു.[8]

1035-ൽ പടിഞ്ഞാറൻ ഇറാനിൽ മറ്റൊരു അധിനിവേശം നടത്തിയ മസൂദ് ഒന്നാമൻ, അവിടെ വിമതനായ അബു കാലിജാറിനെ പരാജയപ്പെടുത്തി. പിന്നീട് മസ്ഊദ് ജിബാലിലേക്ക് നീങ്ങിയ മസൂദ്, അവിടെ കകുയിദ് ഭരണാധികാരി മുഹമ്മദിനെ വീണ്ടും പരാജയപ്പെടുത്തിയതോടെ അദ്ദേഹം അഹ്വാസിലെ ബുയിദുകളുടെ അടുത്തേയ്ക്കും തുടർന്ന് വടക്കുപടിഞ്ഞാറൻ ഇറാനിലേക്കും പലായനം ചെയ്യുകയും അവിടെ അയാൾ  ഒരു തുർക്ക്മെൻ സൈന്യത്തെ സംഘടിപ്പിക്കുകയും ചെയ്തു. 1037/8-ൽ, മസ്ഊദ് ഇന്ത്യയിൽ സൈനിക നടപടികളിൽ പങ്കെടുക്കവേ, മുഹമ്മദ് വീണ്ടും റേ നഗരം പിടിച്ചടക്കി. ഇതിനിടയിൽ, ബോറിറ്റിജിൻ എന്ന മറ്റൊരു കാരാ-ഖാനിദ് ഭരണാധികാരി ഗസ്നാവിദ് പ്രദേശങ്ങൾ ആക്രമിക്കുകയും ഖുത്താൽ, വക്ഷ് നഗരങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.[9] ചഘാനിയൻ പ്രദേശം കീഴടക്കാനും പ്രാദേശിക മുഹ്താജിദ് രാജവംശത്തെ പ്രദേശത്ത് നിന്ന് പുറത്താക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

സെൽജുക്കുകളുമായുള്ള യുദ്ധവും പതനവും[തിരുത്തുക]

സെൽജൂക്കുകൾ ഖൊറാസാൻ നഗരങ്ങളെ ക്രമേണ കീഴടക്കാൻ തുടങ്ങി. അവർ നിഷാപൂർ പിടിച്ചടക്കിയപ്പോൾ, തുഗ്രിൽ ഖൊറാസാന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. ഖൊറാസനിലേക്ക് മടങ്ങിയെത്തിയ മസ്ഊദ്, ചഘനിയനെ വീണ്ടും കീഴടക്കാൻ ശ്രമിച്ചുവെങ്കിലും ബൊറിറ്റിഗിനാൽ പരാജയപ്പെടുത്തപ്പെട്ടു.[10] എന്നിരുന്നാലും, ഹെറാറ്റിൽ നിന്നും നിഷാപൂരിൽ നിന്നും സെൽജൂക്കുകളെ പുറത്താക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഖൊറാസാനിൽ നിന്നുള്ള സെൽജുക് ഭീഷണി പൂർണ്ണമായും ഇല്ലായ്മ ചെയ്യാൻ അദ്ദേഹം ഉടൻ തന്നെ മെർവിലേക്ക് മാർച്ച് ചെയ്തു. അദ്ദേഹത്തിന്റെ സൈന്യത്തിൽ 50,000 പടയാളികളും 60 അല്ലെങ്കിൽ 12 യുദ്ധപരിശീലനം ലഭിച്ച ആനകളും ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ വിസിയർ അഹ്മദ് ഷിറാസി, അദ്ദേഹത്തിന്റെ ചീഫ് സെക്രട്ടറി അബു സഹൽ സാവ്സാനി, അദ്ദേഹത്തിന്റെ ജനറൽമാരായ അലി ദയ, ബെഗ്തോഗ്ദി, സുബാഷി, അഹ്മദ് മെയ്മണ്ടിയുടെ മകൻ അബ്ദുൽ റസാഖ് മെയ്മണ്ടി എന്നിവരും ഉണ്ടായിരുന്നു.

ദണ്ഡനാഖാൻ യുദ്ധം എന്നറിയപ്പെടുന്ന ഒരു യുദ്ധം മെർവിനടുത്തുവച്ച് നടക്കുകയും അവിടെ മസൂദിന്റെ സൈന്യത്തെ തുഗ്‌രിലിന്റെയും സഹോദരൻ ചാഗ്രി ബേഗിന്റെയും കക്കുയിദ് രാജകുമാരൻ ഫറാമർസിന്റെയും കീഴിലുള്ള വളരെ ചെറിയ ഒരു സൈന്യം പരാജയപ്പെടുത്തി. അങ്ങനെ മസ്ഊദിന് പടിഞ്ഞാറൻ ഖുറാസാന്റെ മുഴുവൻ നിയന്ത്രണവും ശാശ്വതമായി നഷ്ടപ്പെട്ടു. തന്റെ തലസ്ഥാനമായ ഗസ്‌നി നിലനിർത്താൻ മസ്ഊദിന് കഴിഞ്ഞെങ്കിലും അദ്ദേഹം നഗരം വിട്ട് ഇന്ത്യയിൽ ഒരു തലസ്ഥാനം സ്ഥാപിക്കാൻ തീരുമാനിച്ചു. മെർവിനടുത്തുള്ള വിനാശകരമായ ഗസ്‌നാവിദ് പരാജയത്തിന് അലി ദയയെയും മറ്റ് ജനറൽമാരെയും കുറ്റപ്പെടുത്തിയ മസ്ഊദ് അവരെ ഇന്ത്യയിൽ തടവിലാക്കി. എന്നിരുന്നാലും, അലി ദയയെ ഏറെ ബഹുമാനിച്ചിരുന്ന മസ്ഊദിന്റെ സൈന്യം മസ്ഊദിനെതിരെ കലാപം നടത്തുകയും അദ്ദേഹത്തിൻ‌റെ സഹോദരൻ മുഹമ്മദിനെ സിംഹാസനത്തിൽ പുനഃപ്രതിഷ്ടിക്കുകയും ചെയ്തു.[11]

മരണവും അനന്തരഫലവും[തിരുത്തുക]

പിന്നീട് ഗിരിയിൽ തടവിലാക്കിയ മൊഹമ്മദ് മസ്ഊദിനെ, അവിടെ മുഹമ്മദിന്റെയോ മുഹമ്മദിന്റെ മകൻ അഹമ്മദിന്റെയോ നിർദ്ദേശപ്രകാരം വധിച്ചു.[12] മസൂദിന് മൗദൂദ് ഗസ്‌നാവി എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു, പിന്നീട് മുഹമ്മദിനെ വധിച്ച അയാൾ പിതാവിൻറെ വധത്തിന് പ്രതികാരം ചെയ്യുകയും, തുടർന്ന് ഗസ്‌നാവിഡ് സാമ്രാജ്യത്തിന്റെ പുതിയ ഭരണാധികാരിയായി സ്വയം കിരീടമണിയുകയും ചെയ്തു. മസൂദിന് സൈദ്, ഇസാദ്-യാർ, മർദാൻ-ഷാ, മജ്ദൂദ്, ഇബ്രാഹിം, അലി, ഫാറൂഖ്-സാദ് എന്നിങ്ങനെ മറ്റ് പുത്രന്മാരും ഉണ്ടായിരുന്നു. അവസാനത്തെ മൂന്ന് പുത്രന്മാരും പിന്നീടുള്ള കാലഘട്ടങ്ങളിൽ ഗസ്നാവിഡ് സാമ്രാജ്യം ഭരിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Bosworth 1975, പുറം. 187.
  2. Bosworth 1975, പുറം. 191.
  3. 3.0 3.1 Bosworth 1984, പുറം. 647.
  4. 4.0 4.1 Bosworth 1975, പുറം. 188.
  5. Bosworth 1975, പുറം. 189.
  6. Yusofi 1983b, പുറങ്ങൾ. 369–370.
  7. Bosworth 1975, പുറം. 192.
  8. Bosworth 1963, പുറം. 91.
  9. Davidovich 1996, പുറങ്ങൾ. 134–135.
  10. Bosworth 1975, പുറം. 195.
  11. Bosworth 1995, പുറം. 19.
  12. Bosworth 1995, പുറം. 20.