ഖിലാഫുൽ ഔല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കറാഹത്ത് പോലെ തന്നെ ഉപേക്ഷിച്ചാൽ പ്രതിഫലം ഉള്ളതും ചെയ്താൽ ശിക്ഷയില്ലാത്തതുമാണ് ഖിലാഫുൽ ഔലയും. ഇവ രണ്ടും തമ്മിലുള്ള അന്തരം പ്രത്യേകമായ നിരോധം വന്നത് കറാഹത്ത് ഖിലാഫുൽ ഔലയിൽ അതുണ്ടാവില്ല എന്നതാണ്. വ്യക്തമല്ലാത്ത നിരോധനം ഖിലാഫുൽ ഔലയിലുമുണ്ടാകും. ഉദാഹരണമായി പറയുകയാെണങ്കിൽ തഹിയ്യത്തു നിസ്‌കാരം ഉപേക്ഷിക്കൽ കറാഹത്താണ്. കാരണം, ഉപേക്ഷിക്കരുതെന്ന് പ്രത്യേകമായി നബി(സ) ഉണർത്തിയിട്ടുണ്ട്. നബി(സ) പ്രസ്താവിച്ചു: നിങ്ങളിൽ ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ രണ്ടു റക്അത്ത് നിസ്‌കാരം നിർവ്വഹിക്കുന്നതു വരെ ഇരിക്കരുത്. [1] ളുഹാ നിസ്‌കാരം നിർവ്വഹിക്കൽ ഖിലാഫുൽ ഔലയാണ്. ളുഹാ നിസ്‌കരിക്കണമെന്ന് നബി(സ) കൽപിച്ചിട്ടുണ്ട്. ഈ കൽപനയിൽ അതു ഉപേക്ഷിക്കരുതെന്ന് നിരോധനം വ്യക്തമല്ലെങ്കിലും അടങ്ങിയിട്ടുണ്ട്. അതായതു ഒരു കാര്യം കൊണ്ടുള്ള കൽപനയിൽ അതു ഒഴിവാക്കരുതെന്ന നിരോധന അടങ്ങിയിട്ടുണ്ട്. അപ്പോൾ ഖിലാഫുൽ ഔലയിലും നിരോധനം ഉണ്ട്. പക്ഷേ, വ്യക്തമല്ലെന്നു മാത്രം. ചില വിഷയത്തിൽ അതു കറാഹത്തോ ഖിലാഫുൽ ഔലയോ എന്ന ഭിന്നത വരാനുള്ള നിമിത്തം പ്രത്യേകമായ നിരോധനം വന്നിട്ടുണ്ടോ ഇല്ലെയോ എന്നതിലുള്ള ഭിന്നതയാണ്. ഹജ്ജിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടവൻ അറഫാദിനം നോമ്പനുഷ്ഠിക്കൽ ഖിലാഫുൽ ഔലയാണെന്നും കറാഹത്താണെന്നും അഭിപ്രായമുണ്ട്. അറഫയിൽവെച്ചു നോമ്പനുഷ്ഠിക്കൽ നബി(സ) നിരോധിച്ചു എന്ന ഹദീസാണ് കറാഹത്താണെന്നു വാദിച്ചവർക്ക് തെളിവ്. പ്രസ്തുത ഹദീസ് ദുർബലമാണെന്ന് ഹദീസ് പണ്ഡിതർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഖിലാഫുൽ ഔലയാണെന്ന് പറഞ്ഞവർ വാദിക്കുന്നു. [2] പ്രത്യേകമായ നിരോധനം വന്നാൽ കറാഹത്ത് അല്ലെങ്കിൽ ഖിലാഫുൽ ഔല എന്ന വിശദീകരണം നൽകിയത് കർമ്മശാസ്ത്രപണ്ഡിതരിൽ മുൻഗാമികളാണ്. അതേസമയം, പിൻഗാമികളായ ഫുഖഹാഅ് വിവരിക്കുന്നത് പ്രത്യേകമായ നിരോധനം വന്നാലും ഇല്ലെങ്കിലും കറാഹത്തു തന്നെയാണ് എന്നാണ്. പക്ഷേ, പ്രത്യേകമായ നിരോധനം വന്നാൽ ശക്തമായ കറാഹത്ത് എന്നു പറയുമെന്നുമാത്രം.[3]

ചുരുക്കത്തിൽ, നമ്മുടെ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്ന കറാഹത്തായ വിധികളിൽ മുഴുവനും പ്രത്യേകമായ നിരോധനം വന്നുകൊള്ളണമെന്നില്ല. അല്ലാതെയും കറാഹത്ത് എന്ന പ്രയോഗം ഫുഖഹാഉ് ഉപയോഗിക്കാറുണ്ട്.

  1. ബുഖാരി, മുസ്‌ലിം
  2. ജംഅ് 1:82
  3. ജംഅ് 1:82
"https://ml.wikipedia.org/w/index.php?title=ഖിലാഫുൽ_ഔല&oldid=3058660" എന്ന താളിൽനിന്ന് ശേഖരിച്ചത്